Monday, July 23, 2007
Thursday, July 19, 2007
കോവളം, ശംഖുമുഖം - ഒരു ഫോട്ടോപോസ്റ്റ്
കഴിഞ്ഞ മാസം, ജീവിതത്തിലാദ്യമായി ഒരു DSLR ക്യാമറ കൈയില്‍ കിട്ടിയപ്പോഴാണ്, കോവളത്ത് ഒന്നുകൂടി പോയാലോ എന്ന ഒരു ആഗ്രഹം മനസ്സില്‍ ഉദിച്ചത്. പിന്നെ താമസിപ്പിച്ചില്ല, വച്ചു പിടിച്ചു കോവളത്തേക്ക്. പോകുമ്പോള്‍ മഴയൊന്നും ഉണ്ടായിരുന്നില്ല. കോവളത്തെത്തി കുറച്ച് ഫോട്ടോസ് എടുത്തപ്പോള്‍ അതാ ശംഖുമുഖം വിളിക്കുന്നു. വിളികേട്ടു.!. അവിടെപ്പോയി..! ഒരു കാപ്പി കുടിച്ച്, കാനായി കുഞ്ഞിരാമന്റെ മത്സ്യകന്യകയെ കണ്ട്, സുഖല്ലേ എന്ന് ചോദിച്ചപ്പോഴെക്കും മഴപെയ്തു. പിന്നെ അവിടെ നിന്നും സി.ഐ.ഡി എസ്കേപ്. ഈ യാത്രയില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍ ഇതാ.
അപാര സുന്ദര നീലാകാശം, അപാര സുന്ദര നീല സമുദ്രം
എല്ലാം മായ്ക്കുന്ന കടല്‍ ഇതും മായ്ക്കും

ഇരുളും വെളിച്ചവും സമരേഖയാണെന്നുമല്ലെന്നുമോതിയും, തല്ലിയും...

Tuesday, July 10, 2007
ബോണെക്കാട് വെള്ളച്ചാട്ടം - സചിത്ര യാത്രാ വിവരണം.
കാടിന്റെ കുളിര്‍മ്മയിലൂടെ, ചീവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍, കിളികളുടെ പാട്ടുകേട്ട്, അരുവികളിലെ വെള്ളം കുടിച്ച്, ആറേഴു കിലോമീറ്റര്‍ നടത്തം. നടത്തത്തിനൊടുവില്‍, ഭീകരരൂപിയാണെങ്കിലും, അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അതാണ് ബോണെക്കാട് അരുവി വെള്ളച്ചാട്ടം..!
പതിവുപോലെ അതിരാവിലെതന്നെ ഞങ്ങള്‍ വണ്ടിയുമെടുത്ത് ഇറങ്ങി (തെണ്ടാനിറങ്ങി എന്ന് അസൂയക്കാര്..) പേപ്പാറ ഡാമും, വന്യജീവി സംരക്ഷണ കേന്ദ്രവും ആയിരുന്നു ലക്ഷ്യം. ഡാമിന്റേയും, പറ്റിയാല്‍ കുറച്ച് വന്യജീവികളുടേയും, പക്ഷികളുടേയും ചിത്രങ്ങള്‍ എടുക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അങ്ങിനെ ഞങ്ങള്‍ പേപ്പാറ ഡാമിന്റെ പ്രധാന ഗേറ്റില്‍ എത്തി. ഡാമിലൂടെയാണ് പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം. അവിടെ കണ്ട ഒരു ബോര്‍ഡ് ഞങ്ങളുടെ സകല ആവേശവും തണുപ്പിച്ചു. ഫോട്ടോഗ്രാഫിയോ, വീഡിയോഗ്രാഫിയോ അനുവദിക്കില്ല എന്നതായിരുന്നു വെണ്ടക്ക അക്ഷരത്തില്‍ അതില്‍ എഴുതിവച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ഡാം. പ്രധാന ഗേറ്റിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനോട് കരഞ്ഞു പറഞ്ഞ് നോക്കി. പക്ഷെ ക്യാമറ കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. കൂനിന്മേല് കുരു പോലെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കയറാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം എന്ന്. ഞങ്ങള്‍ WWF ന്റെ അംഗത്വ കാര്‍ഡ് കാണിച്ചു. സാധാരണ ആ കാര്‍ഡ് കാണിച്ചാല്‍ മിക്കവാറും ഏത് വനത്തിലും പ്രവേശിക്കാം. ഡാമിനടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കാണിച്ച് അവറുടെ അനുവാദം വാങ്ങി, കാട്ടില്‍ കയറാം (ഡാം പോയാ പോട്ടെ...) എന്നതായി ഞങ്ങളുടെ അടുത്ത പ്ലാന്‍. പക്ഷെ, ഞങ്ങളുടെ ദൌര്ഭാഗ്യത്തിന് ഫോറസ്റ്റ് ഓഫീസര്‍ നാട്ടില്‍ പോയിരിക്കുകയാണ് എന്ന വിവരമാണ് കിട്ടിയത്. അങ്ങിനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. നല്ല മഴപെയ്യുന്നുണ്ട്, എങ്കിലും ഡാമൊക്കെ ഒന്നു ചുറ്റിക്കാണാം എന്നു വിചാരിച്ച അതിലൂടെ നടന്നു. വളരെ മനോഹരമാണ് പേപ്പാറ ഡാം. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരം. ആരുടേയും ശല്യമില്ലാതെ, നിശബ്ദമായി നില്ക്കുന്ന ഒരു ഡാം. ചെറിയ, ഒരു പാവം ഡാം.
ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ എന്തിനാണ് ഫോട്ടോഗ്രാഫി നിരോധിക്കുന്നത് എന്ന് ചിന്തിച്ചുപോയി. സുരക്ഷിതത്വ കാരണങ്ങള്‍ പറഞ്ഞാണെങ്കില്‍, ഗൂഗിള്‍ എര്‍ത്ത് പോലുള്ള സോഫ്റ്റ്വെയറുകള് ഉള്ള ഇക്കാലത്ത് അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. അല്ലെങ്കില്‍, ഡാമിലൂടെ ഒരു ബോട്ടില്‍/തോണിയില്‍ വന്ന് ആര്‍ക്കും ഏത് ഫോട്ടൊയും എടുക്കാം. അല്ലെങ്കില്‍ അള്‍ട്രാ സൂമിങ് ഉള്ള ലെന്‍സുകളുടേ കാലമാണ്. ഡാമിന്റെ അങ്ങേക്കരയില്‍ നിന്ന് സൂം ചെയ്ത് ഫോട്ടൊ എടുക്കാം. പ്രധാന ഗേറ്റില്‍ ക്യാമറ തടഞ്ഞാല്‍ ഡാമിന്റെ സുരക്ഷിതത്വം പൂര്‍ണ്ണമായി എന്ന കണ്‍സപ്റ്റ് ഒരല്‍പ്പം പരിഹാസത്തൊടുകൂടിത്തന്നെ ചിന്തിച്ചുപോയി. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് പെര്മിഷന് വാങ്ങി വീണ്ടും വരും എന്നു മനസ്സിലുറപ്പിച്ച് ഞങ്ങള്‍ ബോണെക്കാട്ടേക്ക് തിരിച്ചു.
വഴിയില്‍ ഒരിടത്ത് ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട്. ഇവിടെ നിന്നും പാസ് എടുത്തതിനു ശേഷമേ കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ക്യാമറക്ക് പ്രത്യേകം ഫീസുണ്ട്. കാട്ടിലൂടെയുള്ള റോഡിലൂടെ എകദേശം എട്ടൊന്‍പത് കിലോമീറ്റര്‍ സഞ്ചരിക്കണം ബോണെക്കാട് എസ്റ്റേറ്റില്‍ എത്താന്‍. വിന്‍സന്റ് എന്ന് പേരുള്ള നല്ല ഒരു മനുഷ്യനാണ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്നത്. ആ കാടിനെക്കുറിച്ചും, വെള്ളച്ചാട്ടത്തിനെ കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിയില്‍ ആനക്കൂട്ടത്തെ കാണാം എന്നുകൂടി കേട്ടപ്പോള്‍ ഞങ്ങളുടെ ഉത്സാഹം വര്‍ദ്ധിച്ചു. തിരിച്ച് വാഹനത്തില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് തരാന്‍ വിന്‍സന്റ് മറന്നില്ല. “ബസ്സ് വരുന്നത് സൂക്ഷിക്കണം” എന്ന്. കാടുകളിലൂടെയുള്ള റോഡുകളില്‍കൂടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഇത് പോലെ ഒരു ഉപദേശം ആദ്യമായാണ് കേള്‍ക്കുന്നത്. മൃഗങ്ങളെ സൂക്ഷിക്കണം, ആനയിറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് സാധാരണ കേള്‍ക്കാറ്. ഇവിടെ കെ.എസ്.ആര്.ടി.സി ബസാണ് വില്ലന്‍.
കാട്ടുവഴികള്‍
മുളങ്കാട്
കോടയിറങ്ങി... ഇനി സൂക്ഷിക്കണം...
കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയും. മഴക്കാലമായതിനാല്‍ എല്ലാ വെള്ളച്ചാട്ടങ്ങല്‍ക്കും യുവത്വം തിരിച്ചുവന്നിരിക്കുന്നു. പോകുന്ന വഴിയില്‍, വഴുക്കന്‍പാറ എന്ന സ്ഥലത്ത്, വലിയ ഒരു പാറപ്പുറത്ത് ഒരു തറയില്‍ ദേവ പ്രതിഷ്ഠ കണ്ടു. ഈ പാറപ്പുറം മുഴുവന്‍ പൊങ്കാല വയ്ക്കാനുള്ള അടുപ്പുകള്‍ കൂട്ടിയിരിക്കുന്നു. പ്രതിഷ്ഠക്കു പുറമെ ഒരു കല്‍വിളക്ക്, ചെറിയ ഓട്ടുകിണ്ടി, ചെറിയ വിളക്ക് എന്നിവയും, പണ്ടെന്നൊ ചെയ്ത പൂജയുടെ അവശിഷ്ടങ്ങളും ആ തറയില്‍ ഉണ്ട്. വഴുക്കന്‍പാറയില്‍നിന്നും കുറച്ച് ദൂരം മുന്നോട്ട് പോയാല്‍, ഫോറസ്റ്റുകാരുടെ ഒരു വാച്ച് ടവര്‍ ഉണ്ട്. ഇത് ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. താഴെ ഒരു ചെറിയ ഒരു മുറിയും, ടവറിനു മുകളില്‍ കയറാന്‍ ഗോവണിയും ഉണ്ട്. ഞങ്ങള്‍ ഇതിനു മുകളില്‍ കയറി പ്രകൃതിഭംഗി ആസ്വദിച്ചു. പേപ്പാറ ഡാമിന്റെ മുഴുവന്‍ ഭാഗങ്ങളും ഇവിടെ നിന്നാല്‍ കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍, കടലില്‍ കൂടി കപ്പല്‍ പോകുന്നത് പോലും കാണാം എന്ന് ഒരു ഗ്രാമവാസി പറഞ്ഞു. ചില സ്ഥലങ്ങളില്‍ തെളിഞ്ഞും, ചിലയിടങ്ങളില്‍ മഴപെയ്യുന്നതുമായ കാഴ്ച അത്യന്തം മനോഹരമായി തോന്നി. ഒരു വശത്ത് അഗാധമായ കൊക്കയാണ്. താഴ്വരയില് കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. അതില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. അതിന്റെ ശബ്ദം, ഈ വാച്ച് ടവറില്‍ നിന്നാല്‍ നല്ല രീതിയില്‍ തന്നെ കേള്‍ക്കാം. അവിടെ കുറച്ച് സമയം ഫോട്ടൊ എടുത്ത് അര്‍മ്മാദിച്ചു. പിന്നീട് ബോണെക്കാടിലേക്ക് തിരിച്ചു.
വഴുക്കന്‍പാറ
അനാഥ ദൈവങ്ങള്‍
ബന്ധം
പുതപ്പ്
പച്ചയാം വിരിപ്പിട്ട...
ചക്രവാളം
ദൂരക്കാഴ്ച - പേപ്പാറ ഡാം. (ക്ലിക്കിയാല്‍ ഡാം കാണാം)
താഴ്വര
മലഞ്ചെരുവിലൂടെ..., വളഞ്ഞു പുളഞ്ഞ്...
കൂട്ടില്ലാത്തവന്
കുളിരും കൊണ്ട് കുണുങ്ങി നടക്കും...
ഞങ്ങള്‍ ബോണെക്കാടെത്തി; കാട്ടിലൂടെ ഞങ്ങളുടെ കൂടെ വരാന്‍ ദേവസഹായം എന്ന മനുഷ്യനെ തിരക്കി. ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന വിന്‍സന്റ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അതിനു അദ്ദേഹം പറഞ്ഞ കാരണം, ദേവസഹായം മദ്യപിക്കില്ല എന്നതായിരുന്നു. ശരിയാണ്. കാരണം വന്യമൃഗങ്ങള്‍ ഉള്ള കാടാണ്. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും തുറന്ന് വച്ചിരുന്നാല്‍ത്തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോഴാണ് എല്ലാ ഇന്ദിയങ്ങളേയും തളര്‍ത്തുന്ന മദ്യം കഴിച്ച് കാട്ടില്‍ പോകുന്നത്.
എന്തായാലും, ദേവസഹായം ചേട്ടന് ഞങ്ങളുടെ കൂടെവരാമെന്നേറ്റു. ഒരു വെട്ടുകത്തിയും, കുറച്ചു പുകയിലപ്പൊടി ഒരു ചെറിയ തുണിയില്‍ കിഴികെട്ടി മുന്നില്‍ നടന്നു. കിഴി, പഞ്ചസാര വെള്ളത്തില്‍ കുതിര്‍ത്ത് കാലില്‍ നന്നായി തേച്ച് പിടിപ്പിച്ചാല്‍ പിന്നെ അട്ട കടിക്കില്ല. ധാരാളം അട്ടകളുള്ള വഴികളിലൂടെ ആറു കിലോമീറ്ററോളം നടക്കണം വെള്ളച്ചാട്ടത്തിന്റെ അരികത്തെത്താന്‍. പോകുന്ന വഴിയില്‍ ധാരാളം ചെറിയ അരുവികള്‍ ഇറങ്ങിക്കടക്കണം. കാല് നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ പുകയില വെള്ളത്തിന്റെ എഫക്റ്റ് അവസാനിക്കും. പിന്നെ വീണ്ടും, പുകയില ദ്രാവകം പുരട്ടണം. ഇതെല്ലാമായിട്ടും, സാഹസികരായ ചില അട്ടകള്‍ കുറച്ച് രക്തമൊക്കെ കുടിച്ചു. (പാവം അട്ടകള്‍). ഇതെല്ലാം ട്രെക്കിങ്ങിന്റെ ഒരു ഭാഗമല്ലേ? അല്ലെങ്കില്‍ ഇതിലെന്താ ഒരു രസമുള്ളത്?

തണുപ്പ് ബോണക്കാട് എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാം
വലിയ ലോകവും, ചെറിയ മനുഷ്യനും.

കോടക്കാര്‍വര്‍ണ്ണം...
പല സ്ഥലങ്ങളിലും, മുന്‍പു പോയ യാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും കണ്ടു. മദ്യപിക്കാന്‍ മാത്രമായി കാട്ടിലേക്ക് കയറുന്നവരാണ് നല്ലോരു വിഭാഗം ജനങ്ങളും. അവരാണ് കൂടുതല്‍ പ്രശ്നക്കാര്‍. മദ്യക്കുപ്പി എറിഞ്ഞ് പൊട്ടിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കുക തുടങ്ങി, ചെയ്യാന്‍ പാടില്ലാത്ത പല വൃത്തികേടുകളും അവര്‍ ചെയ്യും. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ ഇവിടെ നിയമമൊന്നുമില്ലെന്നു തോന്നുന്നു. നല്ല ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്.
വെള്ളച്ചാട്ടത്തിനടുത്തെത്തുന്തോറും, അതിന്റെ ഇരമ്പുന്ന ശബ്ദം ഭീകരമായി തോന്നി. ചെറിയ ഒരു ഇറക്കം കഴിഞ്ഞെത്തിയപ്പോള്‍ അതാ മുന്നില്‍ ഭീമാകാരന്‍ ഒരു വെള്ളച്ചാട്ടം. അപ്പോഴേക്കും ഒന്നര മണീക്കൂര്‍ കാട്ടിലൂടെ നടന്നുകഴിഞ്ഞിരുന്നു. ചെത്തിയെടുത്തപോലെയുള്ള ഒരു പാറയുടെ മുകളില്‍നിന്ന്, താഴെ ചെറിയ ഒരു കുളത്തിലേക്ക് വീഴുന്ന അത്യുഗ്രന്‍ വെള്ളച്ചാട്ടം. വലിയ ഒരു മരം കടപുഴകി വെള്ളച്ചാട്ടത്തില്‍ കിടപ്പുണ്ടായിരുന്നു.നല്ല കാറ്റുള്ളതിനാല്‍ ആ പരിസരം മുഴുവന്‍ വെള്ളത്തുള്ളീകള്‍ തെറിച്ചുവീഴുന്നുണ്ടായിരുന്നു. ക്യാമറ പുറത്തെടുത്താല്‍ ആകെ നനയുമെന്നുറപ്പ്. ഒരു വേള, കാറ്റിന് ഒരല്‍പ്പം ശമനം കിട്ടിയപ്പോള്‍, പിന്നെ കാത്തുനിന്നില്ല. ക്യാമറയെടുത്ത് കുറെ ക്ലിക്കി. വെള്ളം കൂടുതലായതിനാല്‍ അവിടെ കുളിക്കുന്നത് സുരക്ഷിതമല്ല എന്ന് ദേവസഹായം ചേട്ടന് പറഞ്ഞു. കുറച്ചുകൂടി സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു.
ബോണെക്കാട് വെള്ളച്ചാട്ടം
അമൃത ധാര
ദാ...ഒന്നു കൂടി കണ്ടോളൂ.... ഇനി, കണ്ടില്ലെന്ന് പറയരുത്
വിട... ഇനി കരമനയാറ്റില്‍ കാണാം..
1. വെള്ളം ധാരാളം കൊണ്ടുപോകണം.
2. അട്ട കടിക്കാതിരിക്കാന്‍, മുകളില്‍ പറഞ്ഞ മരുന്ന് നല്ലതാണ്.
3. കാട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ പ്ലാനുണ്ടായാലും, ഇല്ലെങ്കിലും കുറച്ച് ബിസ്കറ്റോ, ബ്രഡോ, പഴമോ പോലെയുള്ള ഭക്ഷണം കൈയില്‍ കരുതുന്നത് നല്ലതാണ്.
4. നല്ല ഒരു ടോര്‍ച്ചും, അത്യാവശ്യം വേദനസംഹാരികളും കൈയില്‍ കരുതുന്നത് നന്നായിരിക്കും.
5. നല്ല ഒരു കത്തി കൈയില്‍ കരുതുക.
6. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
7. കുടയോ, റയിന്‍ കോട്ടൊ നിര്‍ബന്ധമായും കരുതുക. കാട്ടില്‍ എപ്പോഴാണ് മഴപെയ്യുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.
8. ഒരു കൂട്ടമായാണ് പോകുന്നതെങ്കിലും, വന്യജീവികള്‍ ആക്രമിക്കാന്‍ വന്നാല്‍ നമ്മള് ഒറ്റപ്പെടാനുള്ള സാധ്യത ഏറെയാണ്. ആ സാധ്യത എല്ലായ്പ്പോഴും മുന്‍കൂട്ടി കാണണം. അതിനനുസരിച്ചായിരിക്കണം നമ്മള് തയ്യാറെടുക്കേണ്ടത്.
റൂട്ട്: തിരുവനന്തപുരം - > നെടുമങ്ങാട് - > വിതുര -> ബോണെക്കാട്