Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Sunday, November 4, 2007

കായലോളങ്ങള്‍ പാടും കഥകള്‍ - ഫോട്ടോപോസ്റ്റ്

ആലപ്പുഴ പോയി ഹൌസ്‌ബോട്ടില്‍ കയറി കായലിലൂടെ ഒന്നു കറങ്ങുക എന്നത് മനസ്സില്‍ കുറെ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു. അടുത്തിടെ അത് ഒത്തുകിട്ടി. കൂടെ ഈ പടങ്ങളും...
പോകുവാന്‍ നമുക്ക് ഏറെ ദൂരമുണ്ടതോര്‍ക്കണം...
കളകളം.. കായലോളങ്ങള്‍ പാടും കഥകള്‍...
കാലം മാറിവരും...
തിത്തി..ത്താരാ... തിത്തിത്തൈ..

വഴിയില്‍ കണ്ട് പിരിഞ്ഞവര്‍

ഹരിതഭൂമി


ഊര്‍ജ്ജരേഖകള്‍...

ഇതാ വേറൊരു കൂട്ടുകാരന്‍...


അകലേ

കേരനിരകളാടും...

ഹരിത ചാരുതീരം...

കുട്ടനാടന്‍ പുഞ്ച...

വെള്ളം വെള്ളം സര്‍വത്ര

കാവല്‍ക്കാരന്‍

വിട...

Tuesday, June 5, 2007

ചില ആശുപത്രി ദൃശ്യങ്ങള്‍ - ഭാഗം രണ്ട് - വാര്‍ഡിലൂടെ


ആദ്യത്തെ ഭാഗം ഇവിടെ

ഭാഗം രണ്ട് - വാര്‍ഡിലൂടെ

പൊതുവെ മലപ്പുറം ജില്ലയില്‍ ജനങ്ങള്‍ സമൂഹ ജീവികള്‍ ആണ്. കാലില്‍ ചെറിയ ഒരു മുറിവുമായി ആശുപത്രിയില്‍ കിടക്കുന്ന രോഗിയായാലും ശരി, ബന്ധുമിത്രാദികള്‍ എല്ലാവരും, തങ്ങളെക്കൊണ്ട് ആവുംവിധം കുഞ്ഞു-കുട്ടി പരാധീനതകളുമായി, ആശുപത്രിയിലേക്കു “വിരുന്നു വരും“. ഒരു ഗ്രൂപ്പില്‍ മിനിമം ഒരു ഏഴു പേരെങ്കിലും ഉണ്ടാ‍കും. മിക്കവാറും ഒരു ഓട്ടൊയില്‍ ഞെങ്ങിഞെരുങ്ങിയായിരിക്കും വരുന്നത്. (ഇത് ഒരു കാഴ്ചതന്നാണേ...)

വരുന്നവര്‍ എല്ലാവരും, ഒരു പിക്‍നിക്കിന് വരുന്ന സന്തോഷത്തിലാണ്. ഒരു പഞ്ചായത്തിനെ മുഴുവന്‍ മണം കൊണ്ടു മൂടാന്‍ കഴിയുന്നത്ര പെര്‍ഫ്യൂം അടിച്ചാണ് ഓരൊരുത്തരും ആശുപത്രിയിലേക്ക് വരുന്നത്. അതും ഇളം മണമുള്ള പെര്‍ഫ്യൂം ഒന്നുമല്ല. ബ്രൂട്ട് പോലെ, കുത്തുന്ന മണമുള്ള ചിലത്. ചില പെര്‍ഫ്യൂമുകള്‍ ആണുങ്ങള്‍ മാത്രം ഉപയോഗിക്കുന്നവ ആണല്ലോ, ചിലത് സ്ത്രീകളും. പക്ഷെ ഇങ്ങനെയുള്ള യാതൊരു വേര്‍തിരിവും (വകതിരിവും) ഈ വിരുന്നുവരുന്നവര്‍ കാണിക്കാറില്ല. എങ്ങനെയെങ്കിലും കുറെ മണം അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിച്ചാല്‍ മതി അവര്‍ക്ക്. ഇങ്ങനെ വരുന്ന ഭൂരിപക്ഷം പേരുടെയും ഭര്‍ത്താക്കന്മാര്‍ / ബന്ധുക്കള്‍ ഗള്‍ഫ് നാടുകളില്‍ ആയതിനാല്‍, ആര്‍ഭാടത്തിന് ഒരു കുറവും ഇല്ല. സഞ്ചരിക്കുന്ന ജ്വല്ലറികളായാണ് സ്ത്രീകളില്‍ ഭൂരിഭാഗം പേരും, രോഗികളെ കാണാന്‍ വരുന്നത്!


കയ്യില്‍ ഒരു കുട്ടിക്കിണര്‍ പോലെയുള്ള ടിഫിന്‍ ബോക്സില്‍ മത്സ്യം, ചിക്കന്‍, ബീഫ് തുടങ്ങിയവയൊക്കെയുണ്ടായിരിക്കും. വാര്‍ഡിലെത്തി, ഇത് തുറന്ന് രോഗിയുടെ ബെഡ്ഡിലും, പരിസരത്തും നിരന്നിരുന്ന് കിട്ടിയ പാത്രങ്ങളില്‍ - പിക്‍നിക്കിനെന്നപോലെ - കഴിക്കും. ഭക്ഷണത്തിന്റെ മണം ആ വാര്‍ഡ് മുഴുവനും പരക്കും, ഇത് മറ്റു രോഗികള്‍ക്ക് ഉണ്ടാക്കുന്ന അലോസരത്തെ പറ്റി അവര്‍ ബോധവാന്മാരല്ല/ബോധവതികളല്ല.

ഭക്ഷണം കഴിഞ്ഞുള്ള കാര്യമാണ് ഏറെ കഷ്ടം. ഒന്നുകില്‍ ഈ അവശിഷ്ടമെല്ലാം ബാത്‌റൂമിലെ ക്ലോസറ്റില്‍ ഇടും, അല്ലെങ്കില്‍ ജനലിലൂടെ പുറത്തേക്ക് എറിയും. “എന്നെ ഉപയോഗിക്കുക“ എന്ന് വയറ്റത്ത് ബോര്‍ഡും തൂക്കി, വായും തുറന്ന് ഇരിക്കുന്ന വേസ്റ്റ് ബാസ്കറ്റ് അദ്ഭുതത്തോടെ ഇതെല്ലാം നോക്കിയിരിക്കും.

ഭക്ഷണം കഴിഞ്ഞല്ലോ, കുട്ടികള്‍ വീണ്ടും ഉഷാറായി. ഇനി വാര്‍ഡില്‍ കള്ളനും പോലീസും കളിക്ക് സമയമായി. പല രോഗികളുടേയും ഗ്ലൂക്കോസ് സ്റ്റാന്റുകള്‍ ഇളകിയാടും. ഏതെങ്കിലും നഴ്സ് വഴക്കു പറയുന്നതു വരെ കുട്ടികളുടെ ഈ അര്‍മാദിക്കല്‍ തുടരും.


ഒരിടത്ത് അടങ്ങി, ഒതുങ്ങി കിടക്കാന്‍/കിടത്താന്‍ വേണ്ടി മാത്രം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ ഉണ്ട്. അവരാണ് ഏറെ കുഴപ്പക്കാ‍ര്‍. ജനലിന് അരികിലാണെങ്കില്‍, നന്നായി നാലും കൂട്ടി മുറുക്കി, ജനലിലൂടെ നീട്ടിത്തുപ്പും. ഈ അമൃതവര്‍ഷമേല്‍ക്കാന്‍ ഭാഗ്യം ചെയ്ത അപ്പാവികള്‍ ആരെങ്കിലും താഴെ ഉണ്ടാകും. ഉറപ്പ്. ആരൊട് എന്തു പറയാന്‍? സഹിക്കുകതന്നെ.


സ്ത്രീകള്‍ക്ക് ഒരിടത്തും ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല എന്ന അലിഖിത നിയമമൊന്നുമില്ലല്ലോ കേരളത്തില്‍. ഓരൊ കൌണ്ടറിലും, അത് ഫാര്‍മസിയുടെയാകട്ടെ, റജിസ്ട്രേഷന്‍ കൌണ്ടര്‍ ആകട്ടെ, കാഷ് കൌണ്ടര്‍ ആകട്ടെ, എത്ര ആള്‍ക്കാര്‍ ക്യൂവിലുണ്ടെങ്കിലും, ഒരു ലജ്ജയുമില്ലാതെ, വൃത്തികെട്ട ഒരു ചിരി മുഖത്ത് വരുത്തി, നേരെ കൌണ്ടറില്‍ മുന്നില്‍ നില്‍ക്കും ചില സ്ത്രീകള്‍ (എല്ലാരുമല്ല്ല ട്ടോ, ചിലര്‍). ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, “ഡോക്ടര്‍ പറഞ്ഞിട്ടാ”, “ബാക്കി കാഷ് വാങ്ങാനാ”, “ദൊന്ന് അങ്ങ്ട് കൊടുത്താല്‍ മതി”, “ഞാന്‍ മുന്‍പു ഇവിടെ നിന്നിരുന്നതാ. ഒരു സാധനം എടുക്കാന്‍ റൂമില്‍ പോയതാ” ഇങ്ങനെ ഏതെങ്കിലും മുട്ടുന്യായം പറയും. ഉറപ്പ്.


ചില കോളേജ് കാമുകീ-കാമുകന്മാരുടെ വിഹാര കേന്ദ്രമാണ് ഈ ആശുപത്രി എന്നു തോന്നുന്നു. എത്ര നേരം വേണമെങ്കിലും ഇവിടെ ഏതെങ്കിലും ഒരു വാര്‍ഡിന്റെ മുന്നില്‍ നിന്ന് സ്വസ്ഥമായി സംസാരിക്കാം. ആശുപത്രി അധികൃതര്‍ ആരും ചോദിക്കില്ല. കാണുന്നവര്‍ക്ക് ഇവര്‍ രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ എന്നേ തോന്നൂ. ഇനി, ഇവരുടെ പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍, കോളേജില്‍ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ അഡ്മിറ്റ് ചെയ്തു, അവനെ/അവളെ കാണാന്‍ വന്നതാ എന്നു പറഞ്ഞ് തടിതപ്പും.


നഴ്സ്മാരെ ലൈനടിക്കാന്‍ (മാത്രമല്ല, വേറെ പലതിനും) ശ്രമിക്കുന്ന ചില രോഗികള്‍/കൂടെ നില്‍ക്കുന്ന ഞരമ്പുരോഗികളും ഉണ്ട് ( ;) സത്യമായും കുട്ടുവല്ല കെട്ടൊ.)

കുറച്ച് കാലം “സുഖ” ചികിത്സക്കു വരുന്ന ചില “സ്പെഷല്‍ രോഗികളും“ ഉണ്ട്. മനസ്സിലായല്ലോ ഞാന്‍ എന്താ ഉദ്ദേശിച്ചത് എന്ന്. ഈ വിഷയത്തിന്റെ ആഴം ഒരുപക്ഷെ നിങ്ങ‍ക്കു ഊഹിക്കാന്‍ പറ്റുന്നതിലും അധികമായിരിക്കും.

ഇനിയും ഒരുപാട് വൃത്തികേടുകള്‍ കണ്ടു. അതെല്ലാം വായിച്ച് നിങ്ങളുടെ മനസ്സ് മടുക്കുമെന്നതിനാല്‍ എഴുതുന്നില്ല.

വായനക്കാരാ/രീ ഇനി പറയൂ, നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?

Monday, June 4, 2007

ചില ആശുപത്രി ദൃശ്യങ്ങള്‍ - ഭാഗം ഒന്ന് - ഓ.പി വിഭാഗം

മലപ്പുറം ജില്ലയിലെ, പ്രശസ്തമായ ഒരു ആശുപത്രിയില്‍, ഒരു രോഗിയുടെ കൂടെ കുറച്ചു ദിവസം നില്‍ക്കേണ്ടതായി വന്നു. അവിടെ കണ്ട ചില ദൃശ്യങ്ങളാണ് ഈ കുറിപ്പിന്നാധാരം.

ഭാഗം ഒന്ന് - ഓ.പി വിഭാഗം
നീളമുള്ള ഒരു ഇടനാഴിയുടെ ഒരു വശത്ത് മുഴുവന്‍ മൂന്നു നിരകളിലായി കസേര ഇട്ടിരിക്കുകയാണ്. എതിര്‍വശത്തെ റൂമിലാണ് ഡോക്ടര്‍മാര്‍ ഇരിക്കുന്നത്. രോഗികള്‍ എല്ലാവരും, ഓ.പി. ടിക്കറ്റ് എടുത്ത് ഊഴം വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.


കുറെ അമ്മമാര്‍ (?) കുട്ടികളെ കൊണ്ടുവന്നിരിക്കുന്നു. പലരും കലപില കൂട്ടി, ഇടനാഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിക്കളിക്കുന്നുണ്ട്. ചിലര്‍, കാത്തിരിക്കുന്ന രോഗികളുടെ ഇടയിലൂടെ തൊട്ടൊ-പിടിച്ചോ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അമ്മമാരുടെ നിര്‍ദ്ദേശങ്ങളൊന്നും കുട്ടികള്‍ അനുസരിക്കുന്നില്ല.


ഒരു കുട്ടി, അച്ഛന്റെ മൊബൈല്‍ പിടിച്ച് വാങ്ങി അതില്‍, റിങ്ങ്ടോണ്‍ മാറ്റി കളിക്കുകയാണ്. മാക്സിമം വോല്യത്തില്‍ ലജ്ജാവതിയും, കണികാണും നേരവും, സാരെ ജഹാംസെ അച്ഛാ-യും അന്തരീക്ഷത്തിലൂടെ കയറിയിറങ്ങി പോയി. മോബൈല്‍ തിരിച്ചു വാങ്ങാന്‍ അച്ഛന്‍ ശ്രമിക്കുമ്പോള്‍, കുട്ടി ഉറക്കെ കരയുന്നു. പരാജയപ്പെട്ട അച്ഛന്‍, മൊബൈല്‍ തിരികെ കൊടുക്കുന്നു.


ഒരാള്‍, ഏതോ ഗവണ്മെന്റ് കോണ്‍‌ട്രാക്റ്റിന്റെ വിവരങ്ങള്‍ വേറൊരാളുമായി മൊബൈലില്‍ ചര്‍ച്ച ചെയ്യുകയാണ്. ഫോണിന്റെ അങ്ങേതലക്കലുള്ള വ്യക്തിക്കു ചെവിക്ക് എന്തോ തകരാറുണ്ടെന്ന് വ്യക്തം. കാരണം ഓരോ വാചകങ്ങളും, ആ ആശുപത്രി മുഴുവന്‍ കേള്‍ക്കാനുള്ളത്ര ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ട്.



ഇനി ചിലര്‍, ഡോക്ടറുടെ റൂമിന്റെ വാതില്‍ക്കല്‍ കൂട്ടംകൂടി നില്‍ക്കുന്നു. “ഇപ്പൊ എത്രേ കേറിയേ?” എന്നാണ് അറിയേണ്ടത്. ( അതായത്, ഡോക്ടര്‍ ഇപ്പൊള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്ന രോഗിയുടെ ഓ.പി നമ്പര്‍ എത്ര എന്ന്).



ഡോക്ടറുടെ റൂമിന്റെ വാതില്‍ തുറന്ന്, ഒരു നഴ്സ് ക്രമത്തില്‍ നമ്പര്‍ വിളിക്കുന്നുണ്ട്. ഓരോ തവണയും വാതില്‍ തുറക്കുമ്പോള്‍, മിനിമം 5 പേരെങ്കിലും നഴ്സിനെ പൊതിയും. നമ്പര്‍ തന്റേതല്ല എന്നു മനസ്സിലാകുമ്പോള്‍, പലരും നിരാശയോടെ തിരിച്ച് വന്നു സീറ്റില്‍ ഇരിക്കാന്‍ നോക്കും. അപ്പോഴാണ് താന്‍ ഇരുന്നിരുന്ന സീറ്റില്‍ വേറെ ആരൊ കയറി ഇരിക്കുന്നു. പിന്നെ ഇങ്ങനെ ഒരു വാഗ്വാദം

“അതേയ്.. മുന്‍പു ഞാനാ ഇവ്ടെ ഇരുന്നേരുന്നെ...”
“അയ്ക്കൊട്ടെ.. ങ്ങളെണീച്ച് പൊയിട്ടല്ലേ ഞാന്‍ ബടെ ഇരുന്നത്..”
ജയിച്ചയാള്‍ കസേരയില്‍ ഇരിക്കുന്നു. തോറ്റയാള്‍ തൂങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ നില്‍ക്കുന്നു.

ഒരു കുട്ടി, ജനലഴികളില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നു. കയറി മുകളില്‍ തലയിടിക്കും എന്ന അവസ്ഥ വരുമ്പോള്‍ അമ്മ ഇടപെട്ടു. പിടിച്ചു താഴെ നിര്‍ത്തി, കുട്ടി വീണ്ടും കയറാന്‍ ശ്രമിക്കുന്നു, ഉടനെ മലര്‍ന്നടിച്ചു താഴെ. കുഞ്ഞ് കരയുന്നു. പിന്നെ കുറച്ചു സമയം പരിസരം മുഴുവന്‍ ശോകമൂകമായ സഹതാപ തരംഗം.


ഇതിനിടയില്‍ ഒരു പാവം മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വരുന്നു. രോഗികള്‍ക്കാണ് ഡോക്ടറുടെ അടുത്ത് മുന്‍‌ഗണന എന്ന സാമാന്യ തത്വം, കാത്തിരിക്കുന്നവര്‍ എല്ലാം ചേര്‍ന്ന് അയാളെ പഠിപ്പിച്ചു. ഈ വഴക്കില്‍ ഇടപെടാതെ, “പ്രതികൂലമായ നിഷ്പക്ഷത“ പാലിച്ചിരിക്കുന്നവര്‍ - പ്രത്യേകിച്ച് സ്ത്രീകള്‍ ഇയാളെ ക്രൂരമായി നോക്കി.


ചില രോഗികള്‍ കൈയില്‍ ചില പേപ്പറുകളുമായി വന്ന്, “ദാ.. ദൊന്നങ്ങ്ട് കാണിച്ച് കൊടുത്താല്‍ മതി”, എന്ന ഒരു സൂപ്പര്‍ ഡയലോഗ് വിട്ട്, ഡോക്ട്രര്‍ കൊണ്ടുവരാന്‍ പറഞ്ഞിട്ടാ, അല്ലാതെ എനിക്ക് ആവശ്യമൊന്നുമില്ല എന്ന ഭാവത്തില്‍ ഡോക്ടറുടെ റൂമിലേക്ക്, ആദ്യം തലയും, പിന്നീട് ഉടലും പ്രവേശിപ്പിക്കുന്നു.


വിലക്കയറ്റം, നാണയപ്പെരുപ്പം, വര്‍ഗ്ഗീയത തുടങ്ങിയ ആഗോള പ്രശ്നങ്ങളെ കുറിച്ച് കൂലങ്കഷമായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരും ഉണ്ട്.

മരുന്നു കമ്പനികള്‍ ചുമരില്‍ ഒട്ടിച്ച് വച്ചിരിക്കുന്ന പോസ്റ്ററിന്റെ കഴിയുന്നത്ര ഭാഗം കീറിയെടുക്കുന്നു ഒരാള്‍.


മുന്നിലെ കസേരയുടേ പുറകില്‍ നഖം കൊണ്ടും, അതു പരാജയപ്പെട്ടപ്പോള്‍ നാണയം കൊണ്ടും കവിത രചിക്കുകയാണ് ഇനിയൊരാള്‍.‍


ഇതിനിടയില്‍, കസേരയുടെ ആരും ശ്രദ്ധിക്കാത്ത ഭാഗത്ത് ബബിള്‍ഗം ചവച്ച് ഒട്ടിച്ചുവച്ച ഒരാളും ഉണ്ടായിരുന്നു എന്ന്, പിന്നീട് വന്ന ആള്‍ക്കു മനസ്സിലായി.

ഈ നടക്കുന്നതെല്ലാം അനീതിയാണ് എന്ന് പറഞ്ഞു വിലപിക്കുന്നവരും ഉണ്ട്.

“നിശ്ശബ്ദത പാലിക്കുക” എന്ന ബോര്‍ഡ് മാത്രം നിശ്ശബ്ദത പാലിച്ച് ഇരിക്കുന്നു.


ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളൊന്നും നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ലല്ലോ.


അപ്പോള്‍ വായനക്കാരാ, എന്തു പറയുന്നു ?


(തുടരും...)

അടുത്തത് - വാര്‍ഡിലൂടെ

Wednesday, May 23, 2007

ഇതും ഭക്തിയാണോ?

മൂന്നുനാലു ദിവസത്തെ യാത്രയ്കൊടുവില്‍, ഞായറാഴ്ച രാവിലെ എഴുമണിയോടെ അനന്തപുരിയില്‍. രണ്ടു ദിവസത്തെ ഉറക്കം ബാക്കിയുണ്ട്. മധുര, രാമേശ്വരം, ധനുഷ്കോടി... അങ്ങിനെ കുറെ സ്ഥലങ്ങളിലൂടെ ഒരു യാത്ര. (ഇതിന്റെ ചിത്രങ്ങള്‍ ഇടാം കെട്ടോ..)‌.

“ചെന്ന്ട്ട്, നിക്കിനി ഭക്ഷണണ്ടാക്കാന്‍ വയ്യാ..ട്ടോ, മ്മക്ക് പാര്‍സല്‍ വാങ്ങാം”.

റെയില്‍‌വേ സ്റ്റേഷനില്‍ നിന്നു തന്നെ ഭാര്യ നയം വ്യക്തമാക്കി. പിന്നെ രക്ഷയില്ലല്ലോ, വാങ്ങി.

വീട്ടിലെത്തി, കുളിച്ച്, പാര്‍സല്‍ വാങ്ങിയ ഭക്ഷണവും കഴിച്ചു. ഇനി ഒരു ഞായറാഴ്ച മുഴുവന്‍ ബാക്കിയുണ്ട്. ഉറങ്ങി തീര്‍ക്കണം. മൊബൈല്‍ സൈലന്റ് മോഡിലേക്കിട്ടു. പിന്നെ വെട്ടിയിട്ട വാഴപോലെ ബെഡ്ഡിലേക്കു വീണു. (പ്‌‌ധും...)


ഒരു ഭീകര ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്. ഇല്ല, കിടന്നിട്ട് അത്ര അധികം സമയമായിട്ടില്ല. എകദേശം 15 മിനുട്ടേ ആയിട്ടുള്ളൂ. ഞങ്ങളുടെ വീടിന്റെ, ഒരു നാലുവീട് അപ്പുറത്ത്, ഒരു അമ്പലമുണ്ട്. അവിടെ ഉത്സവം നടക്കുന്നു. മൈക്കില്‍ ഭക്തിഗാനം വച്ചിരിക്കുകയാണ്. മനുഷ്യന്റെ ചെവി പൊട്ടിപ്പോകുന്നത്ര ഉച്ചത്തിലാണ് പാട്ട്. ട്യൂണ്‍ കേട്ടപ്പോള്‍, പരിചിതമാണ്. പക്ഷെ വരികള്‍..., വരികള്‍ അത്ര പരിചിതമല്ല. പിന്നീടാണ് മനസ്സിലായത്, പ്രസിദ്ധമായ ഭക്തിഗാനങ്ങളുടെ ട്യൂണില്‍, വേറെ ഭക്തിഗാനങ്ങള്‍. ഭക്തിഗാനങ്ങളുടെ പാരഡി മാത്രമല്ല, നല്ല സിനിമാ ഗാനങ്ങളേയും വെറുതെ വിട്ടിട്ടില്ല. മുക്കാല മുക്കാബല ലൈല (അയ്യനേ...അയ്യപ്പനേ.. ശരണം, ഓ.. ശരണം) , പിന്നെ ചക്രവര്‍ത്തിനിയും, സന്യാസിനിയും എല്ലാം അങ്ങനെ കയറിയിറങ്ങി പോയി. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അതങ്ങിനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. വാതിലും, ജനലും വലിച്ചടച്ചു നോക്കി, നോ രക്ഷ.

സഹധര്‍മ്മിണി ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു. അതാണ് എന്നെ ഏറ്റവും പ്രാന്ത് പിടിപ്പിച്ചത്. അസൂയ സഹിക്കാന്‍ വയ്യാത്ത ഒരു നിമിഷത്തിന്‍, അവളെ ഞാന്‍ വിളിച്ചുണര്‍ത്തി. അവളോട് രണ്ട് പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഒരു 10 മിനുട്ട് നിര്‍ത്താതെയുള്ള വാക്‍ധോരണി. അവള്‍ അതു മുഴുവനും കേട്ടു. (പാവം..) എന്നിട്ടു ചിരിയോടെ പറഞ്ഞു.


“ശരിയാണ്, ചേട്ടന്‍ പറഞ്ഞപോലെ ഒരു പാടു സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണ് ഇത്. ഇതിനെപ്പറ്റി വളരെ കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. ഞാന്‍ ഇവിടെ കണ്ണടച്ചു കിടന്നു ചിന്തിക്കട്ടെ..”

അങ്ങനെ അവളും കൈവിട്ടു. പെട്ടെന്നു എന്റെ പ്രാത്ഥന പോലെ പാട്ടു നിന്നു. ഹാവൂ... ഇനി സുഖമായി ഉറങ്ങാം എന്നു വിചാരിച്ച് കിടക്കയിലേക്കു നോക്കിയതേ ഉള്ളൂ, വീണ്ടും പാട്ടുതുടങ്ങി. അച്ഛന്‍, കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുന്നതു പോലെ ഉള്ള ഒരു പാട്ടാണ്. കുട്ടി ചോദ്യങ്ങള്‍ ചോദിക്കും. അച്ഛന്‍ അതിനു മറുപടി പറയും. ഒരേ ട്യൂണ്‍, അത് അങ്ങിനെ അനുസ്യൂതം തുടരും. ഈ ട്യൂണില്‍ ഒരുപാടു ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, പല ദൈവങ്ങളെ സ്തുതിച്ചു കൊണ്ടും. കാവ്യഗുണമൊന്നും ഒരു പ്രശ്നമല്ല. അങ്ങോട്ട് പടച്ചുവിട്ടാല്‍ മതി.


ടി.വി ഓണ്‍ ചെയ്തു, മാക്സിമം വോളിയത്തില്‍ വച്ചു നോക്കി. നോ..രക്ഷ. ഒന്നും കേക്കാന്‍ പറ്റുന്നില്ല. ടി.വി ഓഫ് ചെയ്ത് പത്രം ഏടുത്തു. ഓരൊ വാക്കും ശ്രദ്ധയോടെ വായിച്ചു. പത്രത്തിന്റെ അവസാന പേജില്‍,‍ ഏറ്റവും അടിയില്‍ printed and published by... എന്നു തുടങ്ങുന്ന ഒരു പാരഗ്രാഫ് ഉണ്ട്. അതുപോലും വായിച്ചു. വിനയന്റെ പടം കാണാന്‍ തീയറ്ററില്‍ കയറിയ പോലത്തെ അനുഭവം. അനുഭവിക്ക്യന്നെ... അല്ലാണ്ടെന്താ...


അന്ന് രാത്രി 11 മണി കഴിഞ്ഞാണ് അവര്‍ മൈക്ക് ഓഫ് ചെയ്തത്. ഈ അമ്പലത്തിലെ പ്രധാ‍ന വഴിപാടാണ് പാട്ട്. ഈ പാട്ട്, വഴിപാടു വരുന്ന മുറയ്ക്കു ആരൊക്കെയോ, മൈക്കിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശ്രുതിയും, താളവുമൊന്നുമില്ല. 7 ദിവസമാണ് ഉത്സവം. ഈ എഴു ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ.


ഇനി വേറൊരു അനുഭവത്തിലേക്ക്...

രണ്ടാഴ്ച മുന്‍പാണ് ഭാര്യയുടെ നിര്‍ബന്ധപ്രകാരം, അവളുടെ നാട്ടിലുള്ള ഒരു അമ്പലത്തില്‍ പോയത്. ഒരു മുഴുവന്‍ സമയ ഭക്തനൊന്നുമല്ല ഞാന്‍. (എന്നാല്‍ അവസരവാദിയാ‍യ ഭക്തനാണ് താനും. അല്ലാ. നമ്മളിങ്ങനെ എപ്പോഴും ദൈവത്തെ ബുദ്ധിമുട്ടിക്കണ്ടല്ലൊ.. ഏത്?). അമ്പലത്തിന്റെ അടുത്തുവരെ വാഹനത്തില്‍ പോകാന്‍ പറ്റില്ല. എകദേശം 500 മീറ്റര്‍ നടന്നു പോകണം. രാവിലെ 5:30 ഓടുകൂടെയാണു അവിടെയെത്തിയത്. ഒരു വശം മുഴുവന്‍ പാടമാണ്, കുറച്ചു സ്ഥലം പാടം നികത്തി കമുകും, തെങ്ങും വച്ചിരിക്കുന്നു. മറുവശം കാടും. അമ്പലത്തിന്റെ സ്വന്തം സ്ഥലമായതിനാല്‍ അധികം വെട്ടിക്കിളച്ചു വൃത്തികേടാക്കിയിട്ടില്ല. സര്‍പ്പക്കാവാണ് ആ സ്ഥലം. അന്തരീക്ഷത്തിനു നേരിയ തണുപ്പുണ്ട്. കമുകിന്‍ പൂവിന്റെ ഹൃദ്യമായ മണം. എനിക്കു തോന്നുന്നത് ഈ ലോകത്തെ ഏറ്റവും മനോഹരമായ മണം കമുകിന്‍ പൂവിന്റെയാണെന്നാണ്. അതു അനുഭവിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍. മനുഷ്യനിര്‍മ്മിതമായ ഒരു ശബ്ദവും എങ്ങുനിന്നും വരുന്നില്ല. കിളികളും, ചീവീടുകളുമാണു പ്രധാന പാട്ടുകാര്‍. മനസ്സ് ക്രമേണ ശാന്തമാകുന്നത് അനുഭവിച്ചറിയാം. വളരെ സമയമെടുത്താണ് ആ 500 മീറ്റര്‍ ഞങ്ങള്‍ താണ്ടിയത്.



അമ്പലത്തിനു ചുറ്റും കാടാണ്. സാ‍മാന്യം വലിപ്പമുള്ള മുറ്റം മുഴുവനും മണല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. ശാന്തത കളിയാടുന്ന സ്ഥലം എന്നു പറഞ്ഞാല്‍, ഒട്ടും അതിശയോക്തി ഇല്ല. നിശബ്ദമായി, പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ഒരമ്പലം. ദേവിയാണ് പ്രധാന പ്രതിഷ്ഠ. ചന്ദനത്തിരികളുടെ ഹൃദ്യമായ മണം കാറ്റില്‍. അമ്പലത്തില്‍ കയറി ഒരുപാടു സമയം കൈകൂപ്പി ധ്യാനിച്ചു നിന്നു. മനസ്സ് ശൂന്യമായിരുന്നു. വിപരീതമായ ഒരു അര്‍‌ത്ഥത്തിലല്ല അങ്ങിനെ പറഞ്ഞത്. ധ്യാനിച്ചു നിന്നാല്‍, ചിന്തകള്‍ എല്ലാം ഒന്നൊന്നായി ഒഴിഞ്ഞ് മനസ്സ് ശാന്തമാകുന്നത് അനുഭവിച്ചറിയാം. മുനിമാര്‍, തപസ്സു ചെയ്യാന്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് വെറുതെയല്ല എന്നു അപ്പോള്‍ മനസ്സിലായി. തൊഴുത് പുറത്തിറങ്ങി ആല്‍ത്തറയില്‍ പിന്നേയും കുറേ നേരം ഇരുന്നതിനു ശേഷമാണ് വീട്ടിലേക്കു തിരിച്ചു വന്നത്. പിന്നീട്, അതിനെ പറ്റി ആലോചിക്കുമ്പോഴെല്ലാം മനസ്സിന് ഒരു സ്വസ്ഥത അനുഭവപ്പേടുന്നു.


ഇനി ഒരല്പം ഉറക്കെത്തന്നെ ചിന്തിക്കട്ടെ...


എന്തിനാണ് അമ്പലങ്ങളിലും, പള്ളികളിലും മൈക്ക് വച്ചു ഇങ്ങനെ ശബ്ദശല്യം ഉണ്ടാക്കുന്നത്? (എല്ലാ തരത്തിലുള്ള മൈക്കിന്റെ ഉപയോഗവും പെടും). ആര്‍ക്കു വേണ്ടിയാണ് ഇത്? നിശ്ശബ്ദമായ ഒരന്തരീക്ഷത്തിലല്ലേ ദൈവചിന്ത വരികയുള്ളൂ? പ്രാര്‍ഥന മനസ്സിലാണ് സംഭവിക്കേണ്ടത്. കൂവിവിളിച്ചല്ല ദൈവത്തെ പ്രാര്‍ത്ഥിക്കേണ്ടത്. എല്ലാ ദേവാലയങ്ങളുടേയും പ്രധാന ലക്ഷ്യം, ഭക്തരുടെ മനസ്സില്‍ ശാന്തി നിറയ്ക്കുക എന്നതാണ്. അതു മാത്രം നടക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ ദേവാലയങ്ങള്‍?


“അല്ല.. എഴുത്തുകാരാ, അപ്പോ തൃശ്ശൂര്‍ പൂരം പോലെയുള്ള ഒരു ഉത്സവം ഒരുപാട് ശബ്ദശല്യമുണ്ടാക്കുന്നില്ലേ? അതെല്ലാം മോശമാണെന്നാണോ?“

നല്ല ചോദ്യം.


അല്ലേയല്ല. എല്ലാ പൂരങ്ങളും, ഉത്സവങ്ങളും നല്ലതു തന്നെ. ജനങ്ങള്‍ക്കു ഒത്തുചേരാനും, ആനന്ദിക്കാനും അവസരം ഒരുക്കിത്തരുന്നു ഇവയെല്ലാം. പക്ഷേ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നാണ് എന്റെ അഭിപ്രായം. വലിയ ഒരു മൈതാനത്തു നടത്തുന്ന ഉത്സവം പോലെയല്ല, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നടത്തുന്ന ഉത്സവം. സാ‍മാന്യ ബുദ്ധിയാണ് ഇത്തരം കാര്യങ്ങളുടെ അളവുകോല്‍.

അവസാനമായി,

സാധാരണ നടക്കാവുന്ന ഒരു സംഭവം കൂടി പറയട്ടെ. വീട്ടില്‍, നിങ്ങളുടെ പിഞ്ചുകുഞ്ഞ് അസുഖം ബാധിച്ചു തളര്‍ന്നുറങ്ങുമ്പോള്‍, ഇതുപോലെയുള്ള ശബ്ദകോലാഹലം നിങ്ങളില്‍ ഉണര്‍ത്തുന്ന വികാ‍രമെന്തായിരിക്കും..? ഭക്തിയോ അതോ...?



മണങ്ങളും, പാവ്‌ലോവിയന്‍ തിയറിയും

ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മറ്റു ചില മണങ്ങള്‍
നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതു എന്റെ അനുഭവം.

ആദ്യമായി ഒരു മരണ വീട്ടില്‍ ചെന്നപ്പോള്‍, അവിടെ കൊളുത്തി വച്ചിരിക്കുന്ന ചന്ദനത്തിരി സൈക്കിള്‍ 3 ഇന്‍ 1 ആയിരുന്നു.

പിന്നീട് ഒരുപാട് മരണ വീടുകളില്‍ ഇതേ മണം അനുഭവപ്പെട്ടു.

ഇപ്പൊ, ഒരു കല്യാണവീട്ടിലായാലും, ആ മണം എന്നില്‍ മരണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മനസ്സ് അസ്വസ്ഥമാകുന്നു. സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ക്ക് ഇതേ അനുഭവമാണെന്നു അറിയാന്‍ കഴിഞ്ഞു.

വായനക്കാരാ, താങ്കളുടെ അനുഭവം എന്താണ്? അറിയാന്‍ ആഗ്രഹമുണ്ട്.

പാവ്‌ലോവിന്റെ ക്ലാസ്സിക്കല്‍ കന്‍ഡീഷനിങ് തിയറി ഓര്‍ക്കുന്നില്ലേ? അത് തന്നെ ഇത്. കൂടുതലറിയാന്‍ ഇവിടെ ഞെക്കുക (http://en.wikipedia.org/wiki/Classical_conditioning)‌

Wednesday, May 16, 2007

സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍

കൊലവനും, കെട്ട്യോള്‍ കാര്‍ത്യാനിയും വൈകുന്നേരം ഒരുമിച്ചാണ് ഷാ‍പ്പില്‍ പോയി കള്ളടിക്കുക. രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ കൊലവന്‍ കൈത്തരിപ്പു തീര്‍ക്കുന്നത് കാര്‍ത്യാനിയുടെ മുതുകിലാണ്. എന്നും ഷാപ്പില്‍ നിന്നും വീടെത്തുന്നതുവരെ കാര്‍ത്യാനിക്കു അടിയാണ്. ഉറക്കെ നിലവിളിച്ചുകൊണ്ടു കാര്‍ത്യാനി മുന്നിലും, അട്ടഹസിച്ചു കൊണ്ടു കൊലവന്‍ പുറകിലും.

റോഡരുകിലെ കലുങ്കിലിരിക്കുന്ന, സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍ക്ക് (ഞാനടക്കം ;) ) ഇതു സഹിച്ചില്ല (അല്ലെങ്കിലും ഈ കാവല്‍ മാലാഖമാര്‍ക്ക് ബസ്റ്റോപ്പും, കലുങ്കുമൊക്കെയാണല്ലൊ പഥ്യം).

“നമ്മുടെ കണ്‍വെട്ടത്ത് ഇങ്ങനെ ഒരു അനീതിയോ..? ഛായ് ലജ്ജാവഹം...!!! ഇന്നിതു ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം...!!!”

വൈകുന്നേരം ഞങ്ങള്‍ അവരെ കാത്തുനിന്നു. പതിവുപോലെ അവര്‍ വന്നു. കൊലവനെ മാറ്റി നിര്‍ത്തി, ഞങ്ങള്‍ നന്നായി ഒന്നു ഉപദേശിച്ചു. കൊലവന് അതു ഇഷ്ടായില്ല, അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു വാക്കേറ്റമായി. ഞങ്ങടെ കൂട്ടത്തിലാരോ കൊലവനെ പിടിച്ച് തള്ളി. അതാ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ കൊലവന്‍ താഴെ...

അപ്പോഴാണ് കാര്‍ത്യാനി ഇടപെട്ടത്...

“അല്ലാ... ന്റെ കെട്ട്യോന്‍ ന്നെ തല്ലണേന് ങ്ങക്കെന്താ കൂട്ടരേ....”

വരം നല്‍കി അന്തര്‍ധാനം ചെയ്തു എന്ന് പുരാണത്തില്‍ വായിച്ചിട്ടുണ്ട്. അതു ജീവിതത്തില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്ന് അന്നു ഞങ്ങള്‍ പഠിച്ചു.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP