Monday, June 4, 2007

ചില ആശുപത്രി ദൃശ്യങ്ങള്‍ - ഭാഗം ഒന്ന് - ഓ.പി വിഭാഗം

മലപ്പുറം ജില്ലയിലെ, പ്രശസ്തമായ ഒരു ആശുപത്രിയില്‍, ഒരു രോഗിയുടെ കൂടെ കുറച്ചു ദിവസം നില്‍ക്കേണ്ടതായി വന്നു. അവിടെ കണ്ട ചില ദൃശ്യങ്ങളാണ് ഈ കുറിപ്പിന്നാധാരം.

ഭാഗം ഒന്ന് - ഓ.പി വിഭാഗം
നീളമുള്ള ഒരു ഇടനാഴിയുടെ ഒരു വശത്ത് മുഴുവന്‍ മൂന്നു നിരകളിലായി കസേര ഇട്ടിരിക്കുകയാണ്. എതിര്‍വശത്തെ റൂമിലാണ് ഡോക്ടര്‍മാര്‍ ഇരിക്കുന്നത്. രോഗികള്‍ എല്ലാവരും, ഓ.പി. ടിക്കറ്റ് എടുത്ത് ഊഴം വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.


കുറെ അമ്മമാര്‍ (?) കുട്ടികളെ കൊണ്ടുവന്നിരിക്കുന്നു. പലരും കലപില കൂട്ടി, ഇടനാഴിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിക്കളിക്കുന്നുണ്ട്. ചിലര്‍, കാത്തിരിക്കുന്ന രോഗികളുടെ ഇടയിലൂടെ തൊട്ടൊ-പിടിച്ചോ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അമ്മമാരുടെ നിര്‍ദ്ദേശങ്ങളൊന്നും കുട്ടികള്‍ അനുസരിക്കുന്നില്ല.


ഒരു കുട്ടി, അച്ഛന്റെ മൊബൈല്‍ പിടിച്ച് വാങ്ങി അതില്‍, റിങ്ങ്ടോണ്‍ മാറ്റി കളിക്കുകയാണ്. മാക്സിമം വോല്യത്തില്‍ ലജ്ജാവതിയും, കണികാണും നേരവും, സാരെ ജഹാംസെ അച്ഛാ-യും അന്തരീക്ഷത്തിലൂടെ കയറിയിറങ്ങി പോയി. മോബൈല്‍ തിരിച്ചു വാങ്ങാന്‍ അച്ഛന്‍ ശ്രമിക്കുമ്പോള്‍, കുട്ടി ഉറക്കെ കരയുന്നു. പരാജയപ്പെട്ട അച്ഛന്‍, മൊബൈല്‍ തിരികെ കൊടുക്കുന്നു.


ഒരാള്‍, ഏതോ ഗവണ്മെന്റ് കോണ്‍‌ട്രാക്റ്റിന്റെ വിവരങ്ങള്‍ വേറൊരാളുമായി മൊബൈലില്‍ ചര്‍ച്ച ചെയ്യുകയാണ്. ഫോണിന്റെ അങ്ങേതലക്കലുള്ള വ്യക്തിക്കു ചെവിക്ക് എന്തോ തകരാറുണ്ടെന്ന് വ്യക്തം. കാരണം ഓരോ വാചകങ്ങളും, ആ ആശുപത്രി മുഴുവന്‍ കേള്‍ക്കാനുള്ളത്ര ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ട്.



ഇനി ചിലര്‍, ഡോക്ടറുടെ റൂമിന്റെ വാതില്‍ക്കല്‍ കൂട്ടംകൂടി നില്‍ക്കുന്നു. “ഇപ്പൊ എത്രേ കേറിയേ?” എന്നാണ് അറിയേണ്ടത്. ( അതായത്, ഡോക്ടര്‍ ഇപ്പൊള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്ന രോഗിയുടെ ഓ.പി നമ്പര്‍ എത്ര എന്ന്).



ഡോക്ടറുടെ റൂമിന്റെ വാതില്‍ തുറന്ന്, ഒരു നഴ്സ് ക്രമത്തില്‍ നമ്പര്‍ വിളിക്കുന്നുണ്ട്. ഓരോ തവണയും വാതില്‍ തുറക്കുമ്പോള്‍, മിനിമം 5 പേരെങ്കിലും നഴ്സിനെ പൊതിയും. നമ്പര്‍ തന്റേതല്ല എന്നു മനസ്സിലാകുമ്പോള്‍, പലരും നിരാശയോടെ തിരിച്ച് വന്നു സീറ്റില്‍ ഇരിക്കാന്‍ നോക്കും. അപ്പോഴാണ് താന്‍ ഇരുന്നിരുന്ന സീറ്റില്‍ വേറെ ആരൊ കയറി ഇരിക്കുന്നു. പിന്നെ ഇങ്ങനെ ഒരു വാഗ്വാദം

“അതേയ്.. മുന്‍പു ഞാനാ ഇവ്ടെ ഇരുന്നേരുന്നെ...”
“അയ്ക്കൊട്ടെ.. ങ്ങളെണീച്ച് പൊയിട്ടല്ലേ ഞാന്‍ ബടെ ഇരുന്നത്..”
ജയിച്ചയാള്‍ കസേരയില്‍ ഇരിക്കുന്നു. തോറ്റയാള്‍ തൂങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ നില്‍ക്കുന്നു.

ഒരു കുട്ടി, ജനലഴികളില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നു. കയറി മുകളില്‍ തലയിടിക്കും എന്ന അവസ്ഥ വരുമ്പോള്‍ അമ്മ ഇടപെട്ടു. പിടിച്ചു താഴെ നിര്‍ത്തി, കുട്ടി വീണ്ടും കയറാന്‍ ശ്രമിക്കുന്നു, ഉടനെ മലര്‍ന്നടിച്ചു താഴെ. കുഞ്ഞ് കരയുന്നു. പിന്നെ കുറച്ചു സമയം പരിസരം മുഴുവന്‍ ശോകമൂകമായ സഹതാപ തരംഗം.


ഇതിനിടയില്‍ ഒരു പാവം മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വരുന്നു. രോഗികള്‍ക്കാണ് ഡോക്ടറുടെ അടുത്ത് മുന്‍‌ഗണന എന്ന സാമാന്യ തത്വം, കാത്തിരിക്കുന്നവര്‍ എല്ലാം ചേര്‍ന്ന് അയാളെ പഠിപ്പിച്ചു. ഈ വഴക്കില്‍ ഇടപെടാതെ, “പ്രതികൂലമായ നിഷ്പക്ഷത“ പാലിച്ചിരിക്കുന്നവര്‍ - പ്രത്യേകിച്ച് സ്ത്രീകള്‍ ഇയാളെ ക്രൂരമായി നോക്കി.


ചില രോഗികള്‍ കൈയില്‍ ചില പേപ്പറുകളുമായി വന്ന്, “ദാ.. ദൊന്നങ്ങ്ട് കാണിച്ച് കൊടുത്താല്‍ മതി”, എന്ന ഒരു സൂപ്പര്‍ ഡയലോഗ് വിട്ട്, ഡോക്ട്രര്‍ കൊണ്ടുവരാന്‍ പറഞ്ഞിട്ടാ, അല്ലാതെ എനിക്ക് ആവശ്യമൊന്നുമില്ല എന്ന ഭാവത്തില്‍ ഡോക്ടറുടെ റൂമിലേക്ക്, ആദ്യം തലയും, പിന്നീട് ഉടലും പ്രവേശിപ്പിക്കുന്നു.


വിലക്കയറ്റം, നാണയപ്പെരുപ്പം, വര്‍ഗ്ഗീയത തുടങ്ങിയ ആഗോള പ്രശ്നങ്ങളെ കുറിച്ച് കൂലങ്കഷമായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരും ഉണ്ട്.

മരുന്നു കമ്പനികള്‍ ചുമരില്‍ ഒട്ടിച്ച് വച്ചിരിക്കുന്ന പോസ്റ്ററിന്റെ കഴിയുന്നത്ര ഭാഗം കീറിയെടുക്കുന്നു ഒരാള്‍.


മുന്നിലെ കസേരയുടേ പുറകില്‍ നഖം കൊണ്ടും, അതു പരാജയപ്പെട്ടപ്പോള്‍ നാണയം കൊണ്ടും കവിത രചിക്കുകയാണ് ഇനിയൊരാള്‍.‍


ഇതിനിടയില്‍, കസേരയുടെ ആരും ശ്രദ്ധിക്കാത്ത ഭാഗത്ത് ബബിള്‍ഗം ചവച്ച് ഒട്ടിച്ചുവച്ച ഒരാളും ഉണ്ടായിരുന്നു എന്ന്, പിന്നീട് വന്ന ആള്‍ക്കു മനസ്സിലായി.

ഈ നടക്കുന്നതെല്ലാം അനീതിയാണ് എന്ന് പറഞ്ഞു വിലപിക്കുന്നവരും ഉണ്ട്.

“നിശ്ശബ്ദത പാലിക്കുക” എന്ന ബോര്‍ഡ് മാത്രം നിശ്ശബ്ദത പാലിച്ച് ഇരിക്കുന്നു.


ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളൊന്നും നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ലല്ലോ.


അപ്പോള്‍ വായനക്കാരാ, എന്തു പറയുന്നു ?


(തുടരും...)

അടുത്തത് - വാര്‍ഡിലൂടെ

7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 4, 2007 at 8:26 PM  

ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെല്ലാം നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതാണോ?

പ്രശസ്തമായ ഒരു ആശുപത്രിയില്‍, ഒരു രോഗിയുടെ കൂടെ കുറച്ചു ദിവസം നില്‍ക്കേണ്ടതായി വന്നു. അവിടെ കണ്ട ചില ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍.

http://kuttoontelokam.blogspot.com/2007/06/blog-post.html

Anonymous June 4, 2007 at 8:31 PM  

Kollam!!

വിഷ്ണു പ്രസാദ് June 4, 2007 at 10:19 PM  

എല്ലാ പോസ്റ്റുകളും കാണാറുണ്ട്.ഒന്നും മോശമായി തോന്നിയിട്ടില്ല,ഇതും.

Unknown June 4, 2007 at 10:28 PM  

പെരിന്തല്‍മണ്ണ വഴിയാണോ മച്ചാനേ പോയത്? ആണെങ്കിലും അല്ലെങ്കിലും ഇതൊന്നും ഒന്നും അല്ല്ല എന്ന് ഒരു മലപ്പൂറംകാരന്‍ എന്നനിലയില്‍ ആധികാരികമായി പറയട്ടെ.

സാജന്‍| SAJAN June 5, 2007 at 6:25 AM  

കുട്ടൂ നന്നായി എഴുതിയിരിക്കുന്നു നല്ല നിരീക്ഷണം, നമ്മുടെ നാടല്ലേ നല്ലതെന്തെങ്കിലും കൂടെ എഴുതണേ (കണ്ടെങ്കില്‍)

കുട്ടു | Kuttu June 5, 2007 at 7:39 AM  

ദില്‍ബന്‍സ്,
ഞാനും അവിടെത്തന്നെ ഉള്ള ആളാണേ...

സാജന്‍: അതായത് ഈ മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും ആശുപത്രി വാസം ഒരു ആഘോഷമാണ്. ദില്‍ബന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പഞ്ചന്‍ - പഞ്ച നക്ഷത്രന്‍.

അപ്പു ആദ്യാക്ഷരി June 5, 2007 at 7:51 AM  

ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളൊന്നും നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ലല്ലോ..

കുട്ടു തന്നെ ഉത്തരം പറഞ്ഞല്ലോ!!

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP