Wednesday, May 30, 2007

ചിത്രങ്ങള്‍ - കല്ലാര്‍, മീന്‍‌മുട്ടി വെള്ളച്ചാട്ടം

യാത്രയുടെ അനുഭവങ്ങള്‍ എഴുതാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആ സൌന്ദര്യം, അതിന്റെ എല്ലാ ഭാവത്തോടേയും ആവിഷ്കരിക്കാന്‍ ഭാഷ പലപ്പോഴും തടസ്സമാകുന്നു. അതുകൊണ്ട്, ചിത്രങ്ങള്‍ മാത്രം ഇടുന്നു. ആസ്വദിക്കുക.


കല്ലാര്‍

കല്ലാര്‍ ‍- വേറൊരു ദൃശ്യം

വഴിയരികില്‍ കണ്ട ഒരു പുല്‍ച്ചെടി


കാത്തിരിപ്പ്


കല്ലുള്ള ആറ് - കല്ലാറ്‍

വളകിലുക്കി കുതിച്ചുപായും പെണ്ണേ...

നിറങ്ങള്‍ ‍തന്‍ നൃത്തം

മഞ്ഞില്‍മുങ്ങിയീറന്‍ മാറും...

ഇതിനൊരടിക്കുറിപ്പ് പറയാമോ?

തലമുറകള്‍

വീണിടത്തുനിന്നും വീറോടെ...

പ്രണയം

സഹകരണ സംഘങ്ങള്‍

YU

ഞാന്‍ താങ്ങിയില്ലെങ്കില്‍, ഇവന്‍ വീണുപൊയേനേ. ഹോ, എന്റെ ഒരു കാര്യം..

മീന്‍‌മുട്ടി വെള്ളച്ചാട്ടം

മീന്‍‌മുട്ടി വെള്ളച്ചാട്ടം - വേറൊരു ദൃശ്യം

ഇതിനടിക്കുറിപ്പ് വേണ്ട

ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ...

ശ്രദ്ധിക്കുക:


മീന്‍‌മുട്ടി വെള്ളച്ചാട്ടം വളരെ, വളരെ അപകടകാരിയാണ്. ഒരുപാട് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഒരു പക്ഷെ കേരളത്തില്‍ എറ്റവും കൂടുതല്‍ പേര്‍ മരിച്ച വെള്ളച്ചാട്ടവും ഇതാണെന്നാണ് അറിവ്. ഏകദേശം മുപ്പത് അടിയോളം താഴ്ചയുള്ള ഒരു കയത്തിലേക്കാണ് വെള്ളം വന്നു വീഴുന്നത്. എത്ര നീന്തല്‍ അറിയാമെങ്കിലും ഇവിടെ നീന്താന്‍ ശ്രമിക്കരുത്. (നമുക്കു പരിചയമില്ലാത്ത ഒരു സ്ഥലത്തും നീന്താതിരിക്കുക എന്നത് യാത്രകള്‍ തന്ന പാഠം.) കയത്തില്‍ വീണ വെള്ളത്തിന്റെ നല്ലൊരു ശതമാനവും ഗുഹ പോലെയുള്ള പാറയിടുക്കില്‍ക്കൂടിയാണ് ഒഴുകി പോകുന്നത്. അതുവഴിയെങ്ങാന്‍ നീന്തിപ്പോയാല്‍ ഉള്ളിലേക്കു വലിച്ചെടുക്കും. പിന്നെ രക്ഷയില്ല. മദ്യപിച്ചിട്ടു ഇവിടെ വരരുത് (ഒരു കാട്ടിലും പോകരുത് ) എന്നു പ്രത്യേകം പറയണ്ടല്ലോ. കൂട്ടുകാ‍രൊത്തു വന്ന് മദ്യപിച്ചു , വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയവരാണ് ഇവിടെ മരിച്ചവരില്‍ തൊണ്ണൂറു ശതമാനം പേരും എന്ന് ഗ്രാമവാ‍സികള്‍ പറഞ്ഞറിഞ്ഞു. ‍

മലയില്‍ മഴപെയ്താല്‍ പെട്ടെന്ന് കല്ലാറില്‍ വെള്ളം ഉയരും . “ചുരുള്‍ വെള്ളം” എന്നാണ് പരിസരവാസികള്‍ ഇതിനെ വിളിക്കുന്നത്. ഒരു തിര പോലെ വന്ന്, വഴിയിയുള്ളതു മുഴുവന്‍ വിഴുങ്ങി അങ്ങുപോകും. കല്ലാറില്‍ നിന്നും, കാട്ടിലൂടെയുള്ള 2 കിലോമീറ്റര്‍ ദൂരം ഗൈഡ് കൂടെവരും. ഗൈഡിന്റെ നിര്‍ദ്ദേശം നിര്‍ബന്ധമായും അനുസരിക്കുക.

തിരുവനന്തപുരത്തു നിന്നും, പൊന്‍‌മുടി റൂട്ടില്‍, 45 കിലോമീറ്റര്‍ അകലെയാണ് മീന്‍‌മുട്ടി വെള്ളച്ചാട്ടം. 2 കിലോമീറ്റര്‍ കാടിനുള്ളിലൂടെ നടന്നാല്‍, വെള്ളച്ചാട്ടത്തിനടുത്തെത്താം. വീണ്ടും 2 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ നടന്നാല്‍, കൊമ്പൈക്കാണി വെള്ളച്ചാട്ടവും ഉണ്ട്.

Tuesday, May 29, 2007

ചിത്രങ്ങള്‍ - പലവക

ക്യാമറയുടെ ഷട്ടര്‍സ്പീഡ് കുറച്ച് ഒരു പരീക്ഷണം


മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ പാലം


മണ്ണാര്‍ക്കാട്, നൊട്ടമ്മല വളവ്ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി - വേറൊരു ദൃശ്യംപച്ചപുതച്ച പാടം

അലിഞ്ഞലിഞ്ഞങ്ങനെ ഇല്ലാതാവും

ചീനവല

പുതുവൈപ്പ് ലൈറ്റ് ഹൌസ്


... ചെമ്പൊന്നിന്‍ പൊടികലങ്ങീ..


യാത്ര

Monday, May 28, 2007

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?

മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.

 • പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
 • അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
 • അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
 • ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
 • മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
 • ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
 • വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
 • ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
 • വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
 • ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
 • വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
 • ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
 • ഭര്‍ത്താവിന്റെ തൊഴില്‍‌പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
 • മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
 • പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
 • പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താ‍ന്‍ പറ്റുന്നില്ല്ല)
 • ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
 • പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാ‍ല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
 • സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
 • കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
 • കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
 • ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
 • യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
 • പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
 • സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
 • വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാ‍നും തീരുമാനിക്കും
 • ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
 • അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
 • വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
 • ഓര്‍മ്മക്കുറവിനാ‍ല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
 • സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
 • അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
 • ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
 • അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
 • നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
 • ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
 • പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
 • പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
 • നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
 • അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
 • വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ? പ്രത്യേകിച്ചു ഏപ്രില്‍-മെയ് മാസങ്ങളില്‍, വെക്കേഷനല്ലേ? ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
 • വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.


അങ്ങനെ പോകുന്നു വാചകങ്ങള്‍...


ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,

 • എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാ‍ണ്!
 • ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
 • 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.

അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..

Wednesday, May 23, 2007

ഇതും ഭക്തിയാണോ?

മൂന്നുനാലു ദിവസത്തെ യാത്രയ്കൊടുവില്‍, ഞായറാഴ്ച രാവിലെ എഴുമണിയോടെ അനന്തപുരിയില്‍. രണ്ടു ദിവസത്തെ ഉറക്കം ബാക്കിയുണ്ട്. മധുര, രാമേശ്വരം, ധനുഷ്കോടി... അങ്ങിനെ കുറെ സ്ഥലങ്ങളിലൂടെ ഒരു യാത്ര. (ഇതിന്റെ ചിത്രങ്ങള്‍ ഇടാം കെട്ടോ..)‌.

“ചെന്ന്ട്ട്, നിക്കിനി ഭക്ഷണണ്ടാക്കാന്‍ വയ്യാ..ട്ടോ, മ്മക്ക് പാര്‍സല്‍ വാങ്ങാം”.

റെയില്‍‌വേ സ്റ്റേഷനില്‍ നിന്നു തന്നെ ഭാര്യ നയം വ്യക്തമാക്കി. പിന്നെ രക്ഷയില്ലല്ലോ, വാങ്ങി.

വീട്ടിലെത്തി, കുളിച്ച്, പാര്‍സല്‍ വാങ്ങിയ ഭക്ഷണവും കഴിച്ചു. ഇനി ഒരു ഞായറാഴ്ച മുഴുവന്‍ ബാക്കിയുണ്ട്. ഉറങ്ങി തീര്‍ക്കണം. മൊബൈല്‍ സൈലന്റ് മോഡിലേക്കിട്ടു. പിന്നെ വെട്ടിയിട്ട വാഴപോലെ ബെഡ്ഡിലേക്കു വീണു. (പ്‌‌ധും...)


ഒരു ഭീകര ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്. ഇല്ല, കിടന്നിട്ട് അത്ര അധികം സമയമായിട്ടില്ല. എകദേശം 15 മിനുട്ടേ ആയിട്ടുള്ളൂ. ഞങ്ങളുടെ വീടിന്റെ, ഒരു നാലുവീട് അപ്പുറത്ത്, ഒരു അമ്പലമുണ്ട്. അവിടെ ഉത്സവം നടക്കുന്നു. മൈക്കില്‍ ഭക്തിഗാനം വച്ചിരിക്കുകയാണ്. മനുഷ്യന്റെ ചെവി പൊട്ടിപ്പോകുന്നത്ര ഉച്ചത്തിലാണ് പാട്ട്. ട്യൂണ്‍ കേട്ടപ്പോള്‍, പരിചിതമാണ്. പക്ഷെ വരികള്‍..., വരികള്‍ അത്ര പരിചിതമല്ല. പിന്നീടാണ് മനസ്സിലായത്, പ്രസിദ്ധമായ ഭക്തിഗാനങ്ങളുടെ ട്യൂണില്‍, വേറെ ഭക്തിഗാനങ്ങള്‍. ഭക്തിഗാനങ്ങളുടെ പാരഡി മാത്രമല്ല, നല്ല സിനിമാ ഗാനങ്ങളേയും വെറുതെ വിട്ടിട്ടില്ല. മുക്കാല മുക്കാബല ലൈല (അയ്യനേ...അയ്യപ്പനേ.. ശരണം, ഓ.. ശരണം) , പിന്നെ ചക്രവര്‍ത്തിനിയും, സന്യാസിനിയും എല്ലാം അങ്ങനെ കയറിയിറങ്ങി പോയി. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അതങ്ങിനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. വാതിലും, ജനലും വലിച്ചടച്ചു നോക്കി, നോ രക്ഷ.

സഹധര്‍മ്മിണി ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു. അതാണ് എന്നെ ഏറ്റവും പ്രാന്ത് പിടിപ്പിച്ചത്. അസൂയ സഹിക്കാന്‍ വയ്യാത്ത ഒരു നിമിഷത്തിന്‍, അവളെ ഞാന്‍ വിളിച്ചുണര്‍ത്തി. അവളോട് രണ്ട് പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഒരു 10 മിനുട്ട് നിര്‍ത്താതെയുള്ള വാക്‍ധോരണി. അവള്‍ അതു മുഴുവനും കേട്ടു. (പാവം..) എന്നിട്ടു ചിരിയോടെ പറഞ്ഞു.


“ശരിയാണ്, ചേട്ടന്‍ പറഞ്ഞപോലെ ഒരു പാടു സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണ് ഇത്. ഇതിനെപ്പറ്റി വളരെ കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. ഞാന്‍ ഇവിടെ കണ്ണടച്ചു കിടന്നു ചിന്തിക്കട്ടെ..”

അങ്ങനെ അവളും കൈവിട്ടു. പെട്ടെന്നു എന്റെ പ്രാത്ഥന പോലെ പാട്ടു നിന്നു. ഹാവൂ... ഇനി സുഖമായി ഉറങ്ങാം എന്നു വിചാരിച്ച് കിടക്കയിലേക്കു നോക്കിയതേ ഉള്ളൂ, വീണ്ടും പാട്ടുതുടങ്ങി. അച്ഛന്‍, കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുന്നതു പോലെ ഉള്ള ഒരു പാട്ടാണ്. കുട്ടി ചോദ്യങ്ങള്‍ ചോദിക്കും. അച്ഛന്‍ അതിനു മറുപടി പറയും. ഒരേ ട്യൂണ്‍, അത് അങ്ങിനെ അനുസ്യൂതം തുടരും. ഈ ട്യൂണില്‍ ഒരുപാടു ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, പല ദൈവങ്ങളെ സ്തുതിച്ചു കൊണ്ടും. കാവ്യഗുണമൊന്നും ഒരു പ്രശ്നമല്ല. അങ്ങോട്ട് പടച്ചുവിട്ടാല്‍ മതി.


ടി.വി ഓണ്‍ ചെയ്തു, മാക്സിമം വോളിയത്തില്‍ വച്ചു നോക്കി. നോ..രക്ഷ. ഒന്നും കേക്കാന്‍ പറ്റുന്നില്ല. ടി.വി ഓഫ് ചെയ്ത് പത്രം ഏടുത്തു. ഓരൊ വാക്കും ശ്രദ്ധയോടെ വായിച്ചു. പത്രത്തിന്റെ അവസാന പേജില്‍,‍ ഏറ്റവും അടിയില്‍ printed and published by... എന്നു തുടങ്ങുന്ന ഒരു പാരഗ്രാഫ് ഉണ്ട്. അതുപോലും വായിച്ചു. വിനയന്റെ പടം കാണാന്‍ തീയറ്ററില്‍ കയറിയ പോലത്തെ അനുഭവം. അനുഭവിക്ക്യന്നെ... അല്ലാണ്ടെന്താ...


അന്ന് രാത്രി 11 മണി കഴിഞ്ഞാണ് അവര്‍ മൈക്ക് ഓഫ് ചെയ്തത്. ഈ അമ്പലത്തിലെ പ്രധാ‍ന വഴിപാടാണ് പാട്ട്. ഈ പാട്ട്, വഴിപാടു വരുന്ന മുറയ്ക്കു ആരൊക്കെയോ, മൈക്കിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശ്രുതിയും, താളവുമൊന്നുമില്ല. 7 ദിവസമാണ് ഉത്സവം. ഈ എഴു ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ.


ഇനി വേറൊരു അനുഭവത്തിലേക്ക്...

രണ്ടാഴ്ച മുന്‍പാണ് ഭാര്യയുടെ നിര്‍ബന്ധപ്രകാരം, അവളുടെ നാട്ടിലുള്ള ഒരു അമ്പലത്തില്‍ പോയത്. ഒരു മുഴുവന്‍ സമയ ഭക്തനൊന്നുമല്ല ഞാന്‍. (എന്നാല്‍ അവസരവാദിയാ‍യ ഭക്തനാണ് താനും. അല്ലാ. നമ്മളിങ്ങനെ എപ്പോഴും ദൈവത്തെ ബുദ്ധിമുട്ടിക്കണ്ടല്ലൊ.. ഏത്?). അമ്പലത്തിന്റെ അടുത്തുവരെ വാഹനത്തില്‍ പോകാന്‍ പറ്റില്ല. എകദേശം 500 മീറ്റര്‍ നടന്നു പോകണം. രാവിലെ 5:30 ഓടുകൂടെയാണു അവിടെയെത്തിയത്. ഒരു വശം മുഴുവന്‍ പാടമാണ്, കുറച്ചു സ്ഥലം പാടം നികത്തി കമുകും, തെങ്ങും വച്ചിരിക്കുന്നു. മറുവശം കാടും. അമ്പലത്തിന്റെ സ്വന്തം സ്ഥലമായതിനാല്‍ അധികം വെട്ടിക്കിളച്ചു വൃത്തികേടാക്കിയിട്ടില്ല. സര്‍പ്പക്കാവാണ് ആ സ്ഥലം. അന്തരീക്ഷത്തിനു നേരിയ തണുപ്പുണ്ട്. കമുകിന്‍ പൂവിന്റെ ഹൃദ്യമായ മണം. എനിക്കു തോന്നുന്നത് ഈ ലോകത്തെ ഏറ്റവും മനോഹരമായ മണം കമുകിന്‍ പൂവിന്റെയാണെന്നാണ്. അതു അനുഭവിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍. മനുഷ്യനിര്‍മ്മിതമായ ഒരു ശബ്ദവും എങ്ങുനിന്നും വരുന്നില്ല. കിളികളും, ചീവീടുകളുമാണു പ്രധാന പാട്ടുകാര്‍. മനസ്സ് ക്രമേണ ശാന്തമാകുന്നത് അനുഭവിച്ചറിയാം. വളരെ സമയമെടുത്താണ് ആ 500 മീറ്റര്‍ ഞങ്ങള്‍ താണ്ടിയത്.അമ്പലത്തിനു ചുറ്റും കാടാണ്. സാ‍മാന്യം വലിപ്പമുള്ള മുറ്റം മുഴുവനും മണല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. ശാന്തത കളിയാടുന്ന സ്ഥലം എന്നു പറഞ്ഞാല്‍, ഒട്ടും അതിശയോക്തി ഇല്ല. നിശബ്ദമായി, പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ഒരമ്പലം. ദേവിയാണ് പ്രധാന പ്രതിഷ്ഠ. ചന്ദനത്തിരികളുടെ ഹൃദ്യമായ മണം കാറ്റില്‍. അമ്പലത്തില്‍ കയറി ഒരുപാടു സമയം കൈകൂപ്പി ധ്യാനിച്ചു നിന്നു. മനസ്സ് ശൂന്യമായിരുന്നു. വിപരീതമായ ഒരു അര്‍‌ത്ഥത്തിലല്ല അങ്ങിനെ പറഞ്ഞത്. ധ്യാനിച്ചു നിന്നാല്‍, ചിന്തകള്‍ എല്ലാം ഒന്നൊന്നായി ഒഴിഞ്ഞ് മനസ്സ് ശാന്തമാകുന്നത് അനുഭവിച്ചറിയാം. മുനിമാര്‍, തപസ്സു ചെയ്യാന്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് വെറുതെയല്ല എന്നു അപ്പോള്‍ മനസ്സിലായി. തൊഴുത് പുറത്തിറങ്ങി ആല്‍ത്തറയില്‍ പിന്നേയും കുറേ നേരം ഇരുന്നതിനു ശേഷമാണ് വീട്ടിലേക്കു തിരിച്ചു വന്നത്. പിന്നീട്, അതിനെ പറ്റി ആലോചിക്കുമ്പോഴെല്ലാം മനസ്സിന് ഒരു സ്വസ്ഥത അനുഭവപ്പേടുന്നു.


ഇനി ഒരല്പം ഉറക്കെത്തന്നെ ചിന്തിക്കട്ടെ...


എന്തിനാണ് അമ്പലങ്ങളിലും, പള്ളികളിലും മൈക്ക് വച്ചു ഇങ്ങനെ ശബ്ദശല്യം ഉണ്ടാക്കുന്നത്? (എല്ലാ തരത്തിലുള്ള മൈക്കിന്റെ ഉപയോഗവും പെടും). ആര്‍ക്കു വേണ്ടിയാണ് ഇത്? നിശ്ശബ്ദമായ ഒരന്തരീക്ഷത്തിലല്ലേ ദൈവചിന്ത വരികയുള്ളൂ? പ്രാര്‍ഥന മനസ്സിലാണ് സംഭവിക്കേണ്ടത്. കൂവിവിളിച്ചല്ല ദൈവത്തെ പ്രാര്‍ത്ഥിക്കേണ്ടത്. എല്ലാ ദേവാലയങ്ങളുടേയും പ്രധാന ലക്ഷ്യം, ഭക്തരുടെ മനസ്സില്‍ ശാന്തി നിറയ്ക്കുക എന്നതാണ്. അതു മാത്രം നടക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ ദേവാലയങ്ങള്‍?


“അല്ല.. എഴുത്തുകാരാ, അപ്പോ തൃശ്ശൂര്‍ പൂരം പോലെയുള്ള ഒരു ഉത്സവം ഒരുപാട് ശബ്ദശല്യമുണ്ടാക്കുന്നില്ലേ? അതെല്ലാം മോശമാണെന്നാണോ?“

നല്ല ചോദ്യം.


അല്ലേയല്ല. എല്ലാ പൂരങ്ങളും, ഉത്സവങ്ങളും നല്ലതു തന്നെ. ജനങ്ങള്‍ക്കു ഒത്തുചേരാനും, ആനന്ദിക്കാനും അവസരം ഒരുക്കിത്തരുന്നു ഇവയെല്ലാം. പക്ഷേ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നാണ് എന്റെ അഭിപ്രായം. വലിയ ഒരു മൈതാനത്തു നടത്തുന്ന ഉത്സവം പോലെയല്ല, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നടത്തുന്ന ഉത്സവം. സാ‍മാന്യ ബുദ്ധിയാണ് ഇത്തരം കാര്യങ്ങളുടെ അളവുകോല്‍.

അവസാനമായി,

സാധാരണ നടക്കാവുന്ന ഒരു സംഭവം കൂടി പറയട്ടെ. വീട്ടില്‍, നിങ്ങളുടെ പിഞ്ചുകുഞ്ഞ് അസുഖം ബാധിച്ചു തളര്‍ന്നുറങ്ങുമ്പോള്‍, ഇതുപോലെയുള്ള ശബ്ദകോലാഹലം നിങ്ങളില്‍ ഉണര്‍ത്തുന്ന വികാ‍രമെന്തായിരിക്കും..? ഭക്തിയോ അതോ...?മണങ്ങളും, പാവ്‌ലോവിയന്‍ തിയറിയും

ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മറ്റു ചില മണങ്ങള്‍
നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതു എന്റെ അനുഭവം.

ആദ്യമായി ഒരു മരണ വീട്ടില്‍ ചെന്നപ്പോള്‍, അവിടെ കൊളുത്തി വച്ചിരിക്കുന്ന ചന്ദനത്തിരി സൈക്കിള്‍ 3 ഇന്‍ 1 ആയിരുന്നു.

പിന്നീട് ഒരുപാട് മരണ വീടുകളില്‍ ഇതേ മണം അനുഭവപ്പെട്ടു.

ഇപ്പൊ, ഒരു കല്യാണവീട്ടിലായാലും, ആ മണം എന്നില്‍ മരണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മനസ്സ് അസ്വസ്ഥമാകുന്നു. സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ക്ക് ഇതേ അനുഭവമാണെന്നു അറിയാന്‍ കഴിഞ്ഞു.

വായനക്കാരാ, താങ്കളുടെ അനുഭവം എന്താണ്? അറിയാന്‍ ആഗ്രഹമുണ്ട്.

പാവ്‌ലോവിന്റെ ക്ലാസ്സിക്കല്‍ കന്‍ഡീഷനിങ് തിയറി ഓര്‍ക്കുന്നില്ലേ? അത് തന്നെ ഇത്. കൂടുതലറിയാന്‍ ഇവിടെ ഞെക്കുക (http://en.wikipedia.org/wiki/Classical_conditioning)‌

Tuesday, May 22, 2007

നമ്മുടെ ലോകം, ബൂലോകം

കുഞ്ഞുണ്ണിമാഷിന്റെ കവിത വായിച്ചപ്പോളാ ഇങ്ങനെ ഒരു ഐഡിയ തോന്നിയത്.

എനിക്കുണ്ടൊരു ലോകം,
നിനക്കുമുണ്ടൊരു ലോകം
നമുക്കുണ്ടൊരു ലോകം, ഈ ബൂലോകം.

ഇനി അങ്ങ്ട് അര്‍മാദിക്ക്യന്നെ....

അപ്പൊ ബരീന്‍ എല്ലാരും, ഒരു സുലൈമാനി കുടിച്ചിട്ടു പോകാം.

എങ്ങിനെ നിങ്ങള്‍‍ക്ക് ഒരു ബില്‍ഗേറ്റ്സ് ആകാം..?

അത്ഭുത സിദ്ധി...മിനുറ്റുകള്‍ക്കകം, എല്ലാറ്റിനും പരിഹാരം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ധത്തില്‍ നിന്നും തയ്യാറാക്കുന്ന ഏലസ്സു ധരിച്ചാല്‍ മിനുട്ടുകള്‍ക്കകം ഫലം ചെയ്യുന്നു. പ്രതീക്ഷിക്കാത്ത ധനം വന്നു ചേരുന്നു. രോഗവിമുക്തിയ്ക്കും, തൊഴില്‍, വിവാഹ ലബ്ദിക്കും, ഭവനത്തില്‍ സകലവിധ ഐശ്വര്യങ്ങള്‍ വന്നു ചേരുന്നതിനും അത്യുത്തമം.

ഹനുമദ് യന്ത്രം.
ശത്രുദോഷം മാറാന്‍, കൊടുത്ത പണം തിരിച്ച് കിട്ടാന്‍, കാര്യതടസ്സം നീങ്ങാന്‍, നടക്കാത്ത കാര്യങ്ങള്‍ നടക്കാന്‍, കടത്തില്‍ നിന്നും മോചനം ലഭിക്കാന്‍, കേസ്സ്, വഴക്ക്, കോടതി വ്യവഹാരങ്ങളില്‍ വിജയിക്കാന്‍, ഇഷ്ടജനപ്രീതി ലഭിക്കാന്‍, ഹനുമാന്‍സേവ നടത്തി ശക്തിപ്പെടുത്തിയ ഹനുമദ് യന്ത്രം ഏലസ്സാക്കി ദേഹത്ത് ധരിക്കുക. സേവാ മന്ത്രവും നല്‍കുന്നു. ഉടന്‍ ഗുണഫലം നല്‍കുന്ന അത്ഭുത ശക്തിയാര്‍ന്ന ഈ എലസ്സ്, ജാതി മത ഭേദമെന്യേ ആചാരാനുഷ്ഠാനം പാലിക്കാന്‍
തയ്യാറുള്ള ഏവര്‍ക്കും ഫലം നല്‍കും. ശ്രീ @#@@$@!# സ്വാമികളാണ് ഈ ഏലസ്സ് തയ്യാര്‍ ചെയ്യുന്നത്. സ്വാമികളുടെ അത്ഭുതപ്രവചനമായ കാളീവാക്ക് കേള്‍ക്കേണ്ടവര്‍ മുന്‍‌കൂട്ടി ബുക്ക് ചെയ്തു മാത്രം വരിക.

പേടിക്കണ്ട..!!!, ഭയപ്പെടേണ്ട, നിരാശപ്പെടേണ്ട..!!!
ധനത്തില്‍ അത്ഭുതകരമായ പുരോഗതിയുണ്ടാവുന്നതിനും, കൂടാതെ നിങ്ങല്‍ ഉദ്ദേശിക്കുന്ന എന്തു കാര്യങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്നതിനും, മാന്ത്രിക ലോകത്തിലെ ഏറ്റവും ശക്തി കൂടിയതും, ലോകത്തില്‍ ഇവിടെനിന്നു മാത്രം ലഭിക്കുന്നതുമായ മാന്ത്രിക “സപ്ത @#$@%@$ രുദ്രാക്ഷങ്ങള്‍”. വിവരങ്ങള്‍ക്ക് ...

മഷിനോട്ടം
9 വര്‍ഷമായി മഷിനോട്ടത്തിലെ അവസാനവാക്ക്. വിശ്വസിക്കുന്നവര്‍ക്കു സമാധാനം. നിങ്ങള്‍ വിചാരിക്കുന്ന എന്തു കാര്യവും നടക്കുന്നു. ജീവിതത്തിലെ വിഷമങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ മഷിനോട്ടത്തിലൂടെ കണ്ടുപിടിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം. വിളിച്ചു വരിക.

നോട്ട്: ഈ മഷിനോട്ടക്കാരന് അടികിട്ടിയത്, കുട്ടൂനു നേരിട്ടറിയാം. ശ്.... ആരോടും പറയല്ലേ....

അറബിക്ക് മാന്ത്രികയന്ത്രം
ജോലിയില്‍ ഉയര്‍ച്ച, വിവാഹം, വിദേശയാത്രാ തടസ്സങ്ങള്‍ തുടങ്ങി ജീവിതത്തിലെ ഏതു തടസ്സവും നീക്കാന്‍, പരിപാവനമായ അറബിക്ക് മാന്ത്രിക യന്ത്രങ്ങള്‍. കൈവശം വയ്ക്കുന്നതുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു. വിളിച്ചിട്ടു വരിക.


ധനം കൈവെള്ളയില്‍
‍എത്ര കര്‍മ്മങ്ങള്‍ ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത എന്തു പ്രശ്നത്തിനും, ഉടനടി ധനം വന്നു ചേരുന്നതിനും വിവാഹ തടസ്സം, കടം, ശത്രു ദോഷം എന്നിവ മാറുന്നതിനും, തൊഴില്‍ അഭിവൃദ്ധി, സ്ഥലം വില്‍പ്പന, തുടങ്ങി സകല ഭാഗ്യവും, എതാവശ്യവും സാധിച്ചു കിട്ടുന്നതിനും, പൌരാണിക താളിയോല ഗ്രന്ധങ്ങളില്‍ നിന്നും കണ്ടെടുത്ത അത്ഭുത ശക്തിയുള്ള ഏലസ്സ്. ബ്രാഹ്മണപണ്ഡിതരാല്‍, വ്രതശുദ്ധിയോടെ തയ്യാര്‍ ചെയ്തത്. ബന്ധപ്പെടുക. ജ്യോതിഷ വിശാരദ് ബ്ലാ.. ബ്ലാ‍.. ബ്ലീ.. ബ്ലീ.. ബ്ലൂ..ബ്ലൂ സ്വാമികള്‍.


റഫറന്‍സ്”: മാതൃഭൂമി ക്ലാസ്സിഫൈഡ്‌സ് (22, മെയ് 2007)

ഹ..ഹ..ഹ..ഹ..

എന്താപ്പൊദ്നൊക്കെ പറയാ...?നൂറ് ശതമാനം തട്ടിപ്പാണ് ഈ പരസ്യങ്ങളെന്ന് എതു കുഞ്ഞിനാണ് അറിയാന്‍ പാടില്ലാത്തത്?.

ഒരു യന്ത്രം ഉണ്ടാക്കുക, ചുമ്മാ വീട്ടില്‍ വയ്ക്കുക, എല്ലാ പ്രശ്നങ്ങളും നീങ്ങി ധനം കുമിഞ്ഞുകൂടുമെങ്കില്‍ ലവന്മാര്‍ക്കു അതു ചെയ്താല്‍ പോരെ? കാശുമുടക്കി, പരസ്യം ചെയ്തു, യന്ത്രം വില്‍ക്കാന്‍ നടക്കണോ? ഹി.. ഹി.. ഹി..നാട്ടില്‍ കേട്ടത്:

“സകല പ്രശ്നങ്ങളും നീങ്ങാന്‍, നാസ (NASA) വിടുന്ന എല്ലാ റോക്കറ്റിലും ലവന്മാരുടെ ഓരോ യന്തം ഘടിപ്പിക്കാന്‍ തീരുമാനിച്ചൂത്രേ...”

“ആ...നിക്കറിയില്ല... ഞാനീ നാട്ടുകാരനല്ല.”

Monday, May 21, 2007

ചില മാട്രിമോണിയല്‍ വിശേഷങ്ങള്‍

പാണന്‍
റോമന്‍ കാത്തലിക്
വിശ്വകര്‍മ്മ
നായര്‍
ക്ഷത്രിയന്‍
മണ്ണാന്‍
വെള്ളാളന്‍
ധീവര
പുലയന്‍
തണ്ടാന്‍
തിയ്യന്‍
നമ്പ്യാര്‍
നമ്പൂതിരി
വാര്യര്‍
ഈഴവന്‍
വണ്ണാന്‍
തമിഴ് വിശ്വകര്‍മ്മ
വില്‍ക്കുറുപ്പ്
കേരള മുതലി
വിളക്കിത്തല നായര്‍
ചെറുമന്‍
പരവന്‍
ഗണകന്‍
ഈഴവാത്തി
വെളുത്തേടത്ത് നായര്‍
കുറുവന്‍
വെള്ളാളപ്പിള്ള
ബ്രാഹ്മണന്‍
മേനോന്‍
പിള്ള
മുസ്ലീം
വേലന്‍
ചേരമര്‍
കുടുമ്പി
സാംബവ
ശാലീയ
കണീയാന്‍
പണിക്കര്‍
ഭട്ടതിരി
നമ്പൂതിരിപ്പാട്
തിരുമുല്‍പ്പാട്
സാമന്ത
പത്മശാലീയ
ഗുപ്തന്‍
മൂത്താന്‍
ഗൌഡ സാരസ്വത ബ്രാഹ്മണര്‍
ശൈവ
കര്‍ത്താ
വണിക വൈശ്യ
വിശ്വകര്‍മ്മ കാര്‍പ്പെന്റര്‍
നായ്ക്കന്‍
പെരുമണ്ണാര്‍
നാടാര്‍
പൊതുവാള്‍
കുറുപ്പ്
കിണിയാണി
യാദവ
വേലന്‍
അമ്പലവാസി
വീരശൈവ
എഴുത്തച്ഛന്‍
ചെട്ടിയാര്‍
പുഷ്പകയുണ്ണി
മാരാര്‍
അംബലവാസി കുറുപ്പ്
പിഷാരടി
.....
[ലിസ്റ്റ് അപൂര്‍ണ്ണം]

“താനെന്താടൊ ജാതിപ്പേരു പറഞ്ഞു കളിക്കുകയാണോ..?”

അല്ല വായനക്കാരാ, തീര്‍ച്ചയായും അല്ല. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വിവാഹ പരസ്യങ്ങളില്‍ നിന്നും ശേഖരിച്ച ചില ജാതിപ്പേരുകള്‍ മാത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌“ എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ ഇത്രയും ജാതികളോ?

“ഹ..ഹ... ഹ... ഇതാണൊ എഴുത്തുകാരാ ഇത്ര വലിയ കാര്യം. അതൊക്കെ പ്രസംഗിക്കാനുള്ളതല്ലേ, അവനോന്റെ കാര്യം വരുമ്പോള്‍....ചില രസകരമായ വിവരങ്ങള്‍

 • 98% പരസ്യങ്ങളും തുടങ്ങുന്നത് ഒരു ജാതിപ്പേര് വച്ചാണ്. ( ഗുരോ... മാപ്പ്.., ഞങ്ങള്‍ നന്നാവില്ല.)
 • വിവാഹ ബന്ധം വേര്‍പെടുത്തിയവരെല്ലാം, തന്റേതല്ലാത്ത കാരണം കൊണ്ടാണ് അങ്ങിനെ ചെയ്തത്..! (ഓ.. അല്ലെങ്കില്‍ ഇപ്പോ തുറന്നു പറയും.)
 • പകുതിയോളം പരസ്യങ്ങളില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നു.
 • യാതൊരു ബാധ്യതകളും (ഹ..ഹ..ഹ) പ്രശ്നമല്ലാത്ത കൂട്ടരും ഉണ്ട്.

പരസ്യങ്ങളില്‍ കണ്ട ചില നാമ (ക്രിയാ..?) വിശേഷണങ്ങള്‍ • പ്രത്യേകിച്ച് കാരണമില്ലാതെ വിവാഹം വൈകിയ വയനാട്ടിലെ വെളുത്തു സുന്ദരിയായ ചെട്ടിയാര്‍ യുവതി...
 • പാലക്കാടന്‍ നായര്‍ യുവതി 42, (കാഴ്ചയില്‍ 30)
 • ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.
 • മുസ്ലിം, അതീവ സുന്ദരി, ഡിഗ്രി
 • വിശ്വകര്‍മ്മ സുന്ദരി, വലിയ സ്വത്തിനവകാശി.
 • ക്രിസ്ത്യന്‍ കോടീശ്വരി, വിദേശത്ത് നഴ്സ്, വരനെ സാമ്പത്തികമായി സഹായിക്കും.
 • നായര്‍ യുവതി, കോടീശ്വരി, വിദേശത്ത് ജോലി, വരനെ കൊണ്ടുപോകും... (എവ്ടയ്ക്കു..?)
 • മിശ്രവിവാഹിതരുടെ മകന്‍ (ഹിന്ദു) ...
 • ഈഴവ യുവതി-ബധിര, മൂക, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരായ/ബിസിനെസ്സുകാ‍രായ യുവാക്കളില്‍ നിന്നും ...
 • നായര്‍ യുവതി, കോടീശ്വരി....
 • ഈഴവ സുന്ദരി, ഉയര്‍ന്ന സാമ്പത്തികം, വരനെ സഹായിക്കും. (സ്ത്രീധനം കിട്ടുമെന്നര്‍‌ത്ഥം)

ഇനി ഒരല്‍‍പ്പം കാര്യം

ഉദാഹരണത്തിന്, “ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.”

ഇങ്ങനെ ഒരു പരസ്യം കണ്ട് ചാടിവീഴുന്നവരേ, ഒരു നിമിഷം.

ഈ പരസ്യം വിശദമായി ഒന്നു പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബൊധ്യപ്പെടാന്‍ ഒരു പ്രയാസവുമില്ല.

 • പെണ്‍കുട്ടിയ്ക്കു 19 വയസ്സേ ഉള്ളൂ. അതായത് കല്യാണ പ്രായം ആയിവരുന്നതേ ഉള്ളൂ എന്നു സാരം. അപ്പോള്‍, ഇത്ര ധൃതി പിടിച്ച് ഒരു കല്യാണ അന്വേഷണത്തില്‍ എന്തോ ഒരു പന്തികേടില്ലേ...?
 • കോടീശ്വരിയായ ഒരു കുട്ടി എന്തുകൊണ്ട് TTC കോഴ്സ് തിരഞ്ഞെടുത്തു..? ഒരു പക്ഷേ, താല്പര്യം കൊണ്ടാവാം സമ്മതിയ്ക്കുന്നു പക്ഷെ അതിനുള്ള ചാന്‍സ് തുലോം കുറവാണ്. കാരണം എതു ഡിഗ്രീയും കാശ് കൊടുത്തു വാങ്ങാനുള്ള സാമ്പത്തികം കുട്ടിയുടെ വീട്ടീല്‍ ഉണ്ട് എന്നു തന്നെ. പിന്നെ വിവാഹ മാര്‍ക്കറ്റില്‍ (നല്ല രസമുള്ള വാക്ക്) നല്ല വിലയുള്ള MCA, MBA, BTech, MTech തുടങ്ങിയവയുടെ ഒന്നും പുറകെ പോകാതെയാണ് TTC തിരഞ്ഞെടുത്തിരിക്കുന്നത്.
 • വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ ഒന്നും കാര്യമാക്കാതെ, ഒരു ഡിമാന്റും ഇല്ലാതെ, വഴിയില്‍ കൂടി പോകുന്ന ഒരാള്‍ക്കു മകളെ പിടിച്ചു കൊടുക്കാന്‍ സുബോധമുള്ള എതെങ്കിലും അച്ഛന്‍ തയ്യാറാവുമൊ? ഇനി അങ്ങിനെ തയ്യാറായാല്‍, എവിടെയോ എന്തൊ ഒരു സ്പെല്ലിങ് മിസ്റ്റേക് ഇല്ലേ?ഇനി ചില അപ്രിയ സത്യങ്ങള്‍

ഇതു പോലെയുള്ള 99% പരസ്യങ്ങളും നല്‍കുന്നത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളല്ല, മറിച്ച് ബ്രോക്കര്‍മാരാണ്. ആ പരസ്യം മുഴുവനും ഭാവനാ സൃഷ്ടിയാണ്. അവര്‍ എന്തിനിങ്ങനെ ചെയ്യുന്നു എന്നല്ലേ. പറയാം.

ഈ പരസ്യം കണ്ട് മയങ്ങി വീഴുന്ന, കാശിനു അത്യാര്‍ത്തിയുള്ള രക്ഷിതാക്കള്‍ അതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുന്നു.

ആ സംഭാഷണം എതാണ്ട് ഇതുപോലെയിരിക്കും

രക്ഷി: “ഹലോ ഇതു 123456 അല്ലേ..?”

മാ.ബ്യൂ: “അതെ, xyz മാര്യേജ് ബ്യൂറോ"

രക്ഷി: "... പത്രത്തില്‍, പത്താം തിയ്യതി നിങ്ങള്‍ കൊടുത്ത പരസ്യം കണ്ടു വിളിക്കുകയാണ്. മോനു വേണ്ടിയാ..”

-- മോന്റെ വിവരങ്ങള്‍ പറയുന്നു --

രക്ഷി: “പരസ്യത്തില്‍ കൊടുത്ത ആ കുട്ടിയുടെ വിവരങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു...”

മാ.ബ്യൂ: “ആ കുട്ടിയുടെ details തരാം കെട്ടോ. ആദ്യം നിങ്ങള്‍ 1000 രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യണം. നാളെ രാവിലെ 11 മണിയോടെ ഞങ്ങളുടെ ഓഫീസില്‍ വന്നാല്‍ മതി.”

പിറ്റെ ദിവസം രാവിലെ രക്ഷിതാവ് അവരുടെ ഓഫീസില്‍ ചെല്ലുന്നു, കാഷ് അടച്ചു റെജിസ്റ്റെര്‍ ചെയ്യുന്നു. കോടികളാ കിട്ടാന്‍ പൊകുന്നത്, പിന്നാണോ ഒരു 1000 രൂപ. .ഛായ്....

പിന്നീടുള്ള സംഭാഷണം എതാണ്ട് ഇങ്ങനെയായിരിക്കും.

മാ.ബ്യൂ: “നിങ്ങള്‍ ഒരല്‍പ്പം വൈകിപ്പൊയി. ഇതു പോലെയുള്ള പരസ്യം കണ്ടാല്‍ അപ്പോള്‍ തന്നെ വിളിക്കണ്ടേ..? ഇങ്ങനെ വൈകിച്ചാലോ..?. ഇന്നു രാവിലെ ആ കുട്ടിയ്ക്കു വേറെ ഒരു ആലോചന ശരിയായി. ദാ ഇപ്പൊ ഫോണ്‍ വന്നതേയുള്ളൂ. അത്ര വിഷമിക്കാനൊന്നുമില്ല. നമുക്കു ശരിയാക്കാം. ഇഷ്ടം പോലെ വേറെ കുട്ടികളുടെ വിവരങ്ങള്‍ ഉണ്ട്. അതില്‍നിന്നും എതെങ്കിലും നമുക്കു തിരഞ്ഞെടുക്കാം”

“കോടീശ്വരനായ ആണ്‍കുട്ടികളെ” കിട്ടാന്‍ വേണ്ടി ഇതുപോലെ റജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളുടെ പ്രൊഫയില്‍‌സ് കുറെയെടുത്ത് രക്ഷിതാവിന്റെ മുന്നില്‍ ഇടുന്നു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ (രക്ഷിതാവിനു ചെറിയ കുറ്റബോധവുമുണ്ട് മനസ്സില്‍, ഫോണ്‍ ചെയ്യാന്‍ അല്പം വൈകിയല്ലോ) രക്ഷിതാവ് അതില്‍നിന്നും ചിലതു തിരഞ്ഞെടുക്കുന്നു. രക്ഷിതാവിന് ആയിരം രൂപ പോയത് മിച്ചം.

ഇനി, ഇത് എങ്ങിനെ workout ആകുന്നു എന്നു നോക്കാം.

ആദ്യം പത്തുനൂറു പ്രൊഫയിത്സ് തപ്പിക്കണ്ടുപിടിക്കണം. അതു വളരെ എളുപ്പമാണ്. ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ കൊള്ളാ‍വുന്ന വേറേ ഏതെങ്കിലും മാര്യേജ് ബ്യൂറോക്കാരുടേ ഒന്നോ രണ്ടോ ഡയറക്റ്ററി വാങ്ങുക.

പിന്നെ, ഇതുപോലെ “കോടീശ്വരനായ യുവാവിന്റേയും, “കോടീശ്വരിയായ“ യുവതിയുടേയും പരസ്യങ്ങള്‍ കൊടുക്കുക. അതു ഭാവനയ്ക്കനുസരിച്ചു എങ്ങിനെ വേണമെങ്കിലും എഴുതാം. എല്ലാ പരസ്യത്തിലും ഒരേ ഫോണ്‍ നമ്പര്‍ കൊടുക്കരുത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നെ വെറുതെയിരിക്കുക.

ഇതുപോലെ കാശിന് അത്യാര്‍ത്തിയുള്ളവരെ പറ്റിച്ച് സുഖമായി അങ്ങിനെ കൂടാം. ഒരാഴ്ച മിനിമം 4 പേര്‍ റജിസ്റ്റര്‍ ചെയ്താല്‍, രൂപ നാലായിരമാണേ പൊക്കറ്റില്‍. സ്ത്രീധനം കണ്ടുകൊണ്ടു മാത്രം കല്യാണം കഴിയ്ക്കാന്‍ ഫീല്‍ഡില്‍ ഇറങ്ങുന്നവര്‍ ഒരുപാടുണ്ട്. (ഉടുമുണ്ട് മാത്രമായിരിയ്ക്കും ഇവരുടെ മൂലധനം.). അവരെ പറ്റിക്കാന്‍ വളരെ എളുപ്പവും.


ഏത്...? ഇപ്പ ടെക്‍നിക്ക് പുടികിട്ട്യാ‍...?

അടിക്കുറിപ്പ്: വളരെ സത്യസന്ധതയോടെ മാര്യേജ് ബ്യൂറൊ നടത്തുന്നവര്‍ ഒരുപാടുപേരുണ്ട്. അവരെയാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ ലേഖനം മറിച്ച്, കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ളതാണ്.

അമ്മാവന്റെ പെനാല്‍റ്റി കിക്ക്

രംഗം 1

ഇതു ഒരു സംഭവകഥയാണ്, കേരളത്തിലെ ഒരു തീരദേശ ജില്ലയിലാ‍ണ് സംഭവം നടക്കുന്നത്. അമ്മാ‍വന് അമ്മാ‍യിയെ ഭയങ്കര സംശയം. തളത്തില്‍ ദിനേശന്‍ തോറ്റുപോകും. അമ്മായിക്ക് ഒരു ജാരന്‍ ഉണ്ടെന്നുതന്നെയാണ് അമ്മാവന്റെ ഉറച്ച വിശ്വാസം. അമ്മാ‍വന്‍ പല അടവുകളും പയറ്റി, പക്ഷെ “ജാരന്‍” അതിലൊന്നും വീണില്ല. വീടിന്റെ മുറ്റം നിറയെ മണല്‍ വിരിച്ചിട്ടിരിക്കുകയാണ്. പുറത്തു പോകുമ്പോള്‍, മണല്‍ ഒരേ നിരപ്പില്‍ വടിച്ചു വൃത്തിയാ‍ക്കി വയ്ക്കും. ഈ മണലില്‍ വല്ല കാല്പാടുകളും കണ്ടാല്‍, രാത്രി അമ്മായിയുടെ നിലവിളി ആ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കാം. സ്കൂള്‍ കുട്ടികള്‍ പൂക്കള്‍ പറിക്കാന്‍ വന്നാലും, തല്ല് അമ്മായിക്കാണ്.

അമ്മാവന് വൈകുന്നേരം അല്പം മിനുങ്ങുന്ന സ്വഭാവം ഉണ്ട്. അന്നു സ്വല്പം നന്നായിത്തന്നെ മിനുങ്ങി അമ്മാവന്‍ വീട്ടില്‍ വന്നു. മണലിലെങ്ങാ‍നും വല്ല കാല്പാടുകളുമുണ്ടോ എന്നു ടോര്‍ച്ചടിച്ച് പരിശോധിച്ചു.
“ഇന്നെന്താടീ... നിന്റെ മറ്റവന്‍ വന്നില്ലേ...”. മുന്‍വാതില്‍ അടയുന്നു..., അമ്മായിയുടെ നിലവിളി പശ്ചാത്തലത്തില്‍. സമയം രാത്രി ഒരു രണ്ട്, രണ്ടര, മൂന്ന് (ആ‍.. എത്രേങ്കിലുമാകട്ടെ...) മണി ആയിക്കാണും. “പുറത്തു നിന്നും ഒരു കാലടിശബ്ദം കേള്‍ക്കുന്നില്ല്ലേ.....“, ഡിറ്റക്റ്റീവ് അമ്മാവന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു പുറത്തുവന്നു. നേര്‍ത്ത നിലാവുണ്ട്. എന്നാല്‍ ഒന്നും വ്യക്തമായി കാണാനും പറ്റുന്നില്ല. ങേ...!, വരാന്തയുടെ ഒരറ്റത്തായി ഒരാള്‍ കൂനിക്കൂടി ഇരിക്കുന്നു. അമ്മാവന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.., കണ്ണ് ക്ലച്ചുപിടിക്കുന്നില്ല. വൈകുന്നേരം അല്പം ഓവറായിരുന്നു. ടോര്‍ച്ചടിച്ചാ‍ല്‍ അവന്‍ ചിലപ്പൊ ഓടി രക്ഷപ്പെടും.. അതു വേണ്ട..

“എടാ ‌‌-------- മോനേ......” (വായനക്കാരാ/രീ, അറിയാവുന്ന നല്ല ഒരു തെറി വച്ചു ഒന്നു പൂരിപ്പിച്ചേക്കണേ...)

അട്ടഹസിച്ചുകൊണ്ട്, കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ അമ്മാവന്‍ പെനാല്‍റ്റി കിക്കെടുത്തു.

“ആ... ആ‍ ആ... ആ‍ാ.........”

ശ്രുതി അല്പം പോലും തെറ്റാതെ അട്ടഹാസം എങ്ങിനെ നിലവിളിയായി രൂപാന്തരപ്പെടുന്നു എന്ന് ആ പഞ്ചായത്തിലുള്ളവര്‍ക്ക് അന്നു മനസ്സിലായി.

രംഗം 2

സ്ഥലത്തെ പ്രധാന എല്ലു രോഗവിദഗ്ധന്റെ പരിശോധനാ മുറി
“എന്തു പറ്റിയതാ‍...?” - ഡോക്റ്റര്‍

അതിനു അമ്മായിയാണ് മറുപടി പറഞ്ഞത്.

“എന്തു ചെയ്യാനാ ഡോക്റ്ററേ... വെള്ളമടിച്ചേച്ചു വന്നു ഉറങ്ങിക്കിടന്ന മനുഷ്യന്‍ പൊലരാം കാലത്തു എഴുന്നേറ്റു ചെന്നു ഉരലിനിട്ടു തൊഴിച്ചതാ‍...”

Sunday, May 20, 2007

ചിത്രങ്ങള്‍ - കുമ്പളങ്ങി (എറണാകുളം)

മാനം നോക്കികള്‍

ചീനവല

ചെമ്മീന്‍ കെട്ട്

Friday, May 18, 2007

ചിത്രങ്ങള്‍‌ - പ്രകൃതി, പിന്നെ എന്റെ ചില വികൃതികളും

പോയ്‌വരുമ്പോളെന്തു കൊണ്ടുവരും..?
നീര്‍പ്പളുങ്കുകള്‍

ചെമ്പരത്തിപ്പൂവേ ചൊല്ല്, ദേവനെ നീ കണ്ടൊ...


കിഴക്കേ പോകും റയില്‍


താഴോട്ടോ അതോ മേലോട്ടൊ... (നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് പ്രശ്നം)

അറബിക്കടലിന്റെ റാണി


ഹൈ വോള്‍ട്ടേജ്...

ഓലേഞ്ഞാലീ....ഓലേഞ്ഞാലീ....


ഏതോ കാട്ടുചെടിയുടെ ഇലകള്‍


പൂത്തുമ്പി, താഴെ പൂവാലന്‍


പൂവാലന്‍


നിന്റെ ഫോട്ടൊ ഞാനൊരിക്കല്‍ എടുത്തെന്നുവച്ച് ഇത്ര മസില്‍ വേണൊ?


മഴ വരുന്നുണ്ട്


കൊല്ലത്തിനടുത്തുള്ള തോട്ടപ്പള്ളി പാലം

പാലക്കാടന്‍ പാടം


പുല്‍ച്ചാടീ...പുല്‍ച്ചാടീ...പച്ചപ്പുല്‍ച്ചാടീ...


ഒരു മുള്‍ച്ചെടിയുടെ പൂവ്

കാക്കയ്ക്കെന്താ കടല്‍ത്തീരത്തു കാര്യം..?


സ്വര്‍ണ്ണ മണല്‍ത്തരികള്‍


അച്ഛാ... അച്ഛാ...അമ്മയെന്താ വരാത്തേ...?


വെന്തുരുകും വിണ്‍സൂര്യന്‍...

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം.

പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്....(പോകാന്‍ എനിയ്ക്കു ആഗ്രഹം)


വളരുമൊരുനാള്‍ ഞാനുമീമാനംമുട്ടെ...


ഗോശ്രീ പാലം, കൊച്ചി


പുതുവൈപ്പ് കടല്‍ത്തീരം

ആതിരപ്പള്ളി


എന്നെക്കൊണ്ട് തോറ്റു...എന്റെ ഓരൊ പരീക്ഷണങ്ങളേയ്....


ലവന്മാര്‍ക്കു വേറെ ഒരു പണിയുമില്ലേ...?


ഇനി പുലരും വരെ എനിക്ക് വിശ്രമം

മിന്നാമിനുങ്ങ്.


സൈദ്ധാന്തിക മൂല്യങ്ങളുടെ ഉച്ചനീചത്വങ്ങളുടെ അനിര്‍വ്വചനീയമായ ... [ ;) ചുമ്മാ‍..., ആകാശത്തിന്റെ ഒരു ഫോട്ടൊ എടുത്തതാ... അതു ഇങ്ങനെയായിപ്പൊയി...]


പേരറിയാ കായ


വേറൊരു തുമ്പി


ഇതു മുകളില്‍ കണ്ട തുമ്പിയുടെ വകേലൊരു ബന്ധു (ഫോട്ടോഗ്രാഫിയില്‍‍, തുമ്പി എന്റെ ഒരു വീക്‍നസ്സാ‍ണ്)

മൂന്നാര്‍


രാജമല. വരയാടുകള്‍ ഒളിച്ചിരിക്കുന്നു

എന്റെ തൃപ്പാദങ്ങള്‍


ഇതു മുകളില്‍ കണ്ട തുമ്പിയുടെ വകേലൊരു ബന്ധുവിന്റെ അനിയന്‍ [ ;) ]


ഉയരും ഞാ‍ന്‍ നാടാകെ...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP