Monday, May 14, 2007

യാത്രാ വിവരണം - മരുത്വാ മല

മരുത്വാ മല - താഴ്വരയില്‍ നിന്നുള്ള ദൃശ്യം


മലമുകളിലേക്കുള്ള വഴിയില്‍ അഗസ്ത്യപ്രതിഷ്ഠ


രാമ-രാവണ യുദ്ധത്തില്‍ പരിക്കേറ്റ ലക്ഷ്മണന്റെ മുറിവുകള്‍ ഉണക്കാന്‍, മൃതസഞ്ജീവനിയുമായി വരുമ്പോള്‍ ഹനുമാന്റെ കൈയില്‍ നിന്നൂ‍ര്‍ന്നുവീണ ഭാഗങ്ങളാണത്രെ മരുത്വാ മലയായത്. ഈ മലയ്ക്കു തമിഴില്‍ മരുന്തു വാഴും മലൈ (Marunthu vazhum Malai– the abode of medicinal herbs, മരുന്നു വാഴുന്ന മല) എന്നാണ് പേര്. അയ്യാവഴി (http://en.wikipedia.org/wiki/Ayyavazhi_mythology) വിശ്വാസപ്രകാരം ഇത് പര്‍വ്വത ഉച്ചി മലൈ ആണ്.

കന്യാകുമാരിക്കടുത്തായി, പശ്ചിമഘട്ടം അവസാനിക്കുന്ന ഭാഗത്തുകാണുന്ന ഒട്ടനേകം ചെറിയ കുന്നുകളില്‍ ഒന്നാണ് മരുത്വാമല. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കു പോകുമ്പോള്‍, ദേശീയപാതയില്‍ നാഗര്‍കോവില്‍ കഴിഞ്ഞു എകദേശം 12 കിലോമീറ്റര്‍ പോയാല്‍, ഇടതു ഭാഗത്തായി മരുത്വാ മല കാണാന്‍ കഴിയും. ദേശീയ പാതയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് 1.5 കിലോമീറ്റര്‍ പോയാല്‍, മലയുടെ അടിഭാഗത്ത് എത്തിച്ചേരാം. വാഹനം ഇവിടെ പാര്‍ക്കു ചെയ്ത്, സഞ്ചാരികള്‍ കാല്‍നടയായി വേണം മുകളിലെത്താന്‍. മലമുകളില്‍ ഉള്ള ആഞ്ജനേയര്‍ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ ക്ഷേത്രം വരേക്കും കല്ലില്‍ കൊത്തിയെടുത്ത പടിക്കെട്ടുകള്‍ ഉണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് മലയുടെ മുകളിലേക്ക്. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിനു 800-900 അടി ഉയരമുണ്ട്. ആഞ്ജനേയര്‍ ക്ഷേത്രം, മലയുടെ താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യാ വൈകുണ്ഡ നാഥര്‍ തുടങ്ങി ഒരുപാട് മഹാന്മാര്‍ തപസ്സു ചെയ്ത പുണ്യഭൂമിയാണ് മരുത്വാ മല. മലമുകളിലേക്കുള്ള വഴിയില്‍ നിരവധി ഗുഹകളും, വിവിധ ദേവീ ദേവന്മാരുടെ പ്രതിഷ്ഠകളും കാണാന്‍ കഴിയും. കല്ലില്‍ കൊത്തിയ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ശ്രദ്ധയാകര്‍ഷിക്കുന്നു. മലമുകളിലേക്കുള്ള വഴിയുടെ ഇരുവശത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ വഴിയില്‍ നല്ല കുളിര്‍മ്മ നല്‍കി. ഒരുപാട് ഒറ്റമൂലികള്‍ ഉള്ള മലയാണ് മരുത്വാമല എന്നാണ് കേള്‍വി. ജൈവ വൈവിധ്യത കൊണ്ട് ശ്രദ്ധേയമാണ് ഇവിടം. ഇതിനെപറ്റി എന്റെ അറിവ് തുലോം കുറവായതു കൊണ്ട്, വസ്തുനിഷ്ഠമായ അഭിപ്രായം പറയുക എന്നത് അസാദ്ധ്യമാണ്. 4 മണിയോടുകൂടെ ഞങ്ങള്‍ മലകയറാന്‍ തുടങ്ങി. പടിക്കെട്ടുകള്‍ കയറുന്നത് അത്ര വലിയ പ്രയാസം ഉണ്ടാക്കിയില്ല. അതിശക്തമായ കാറ്റാണ് പലപ്പോഴും അനുഭവപ്പെട്ടത്. അതിനാല്‍, തമിഴ്‌നാടിന്റെ ആ ചൂട് അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, ക്ഷീണവും കുറവായിരുന്നു. പ്രധാന വഴിയില്‍ നിന്നുള്ള ചില ഒറ്റയടിപ്പാതകളിലൂടെ പോയാല്‍ പണ്ട് മുനിമാര്‍ തപസ്സു ചെയ്തിരുന്ന ഗുഹകളും, അതിനകത്തെ പ്രതിഷ്ഠകളും കാണാം. പടിക്കെട്ടുകള്‍ കയറിച്ചെന്നാല്‍ ആദ്യമെത്തുന്നത് ശിവപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തിന്റെ ഒരു വശത്തായി ചെറിയ ഒരു കുളവും ഉണ്ട്. വലിയ ഒരു ഗുഹയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുഹയുടെ മുന്‍ഭാഗം ചുമരുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ഏകദേശം 6-7 മീറ്റര്‍ നീളമുണ്ട് ഗുഹക്ക്. ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തി ഞങ്ങള്‍ മുകളിലേക്ക് കയറി. ആഞ്ജനേയ ക്ഷേത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുറച്ചുകൂടി പടിക്കെട്ടുകള്‍ കയറി, ഞങ്ങള്‍ ആഞ്ജനേയ ക്ഷേത്രത്തിനു മുന്നില്‍ എത്തി. ഈ ക്ഷേത്രത്തിനു മുന്നില്‍ നിന്നാല്‍ തമിഴ്‌നാടിന്റെ ആ പച്ചപ്പ് ശരിക്കും കാണാം. വളരെ മനോഹരമായ കാഴ്ചയായിരുന്നു അത്. തമിഴ്‌നാട് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിരിയുന്ന വരണ്ട ആ ചിത്രത്തിനു കടക വിരുദ്ധമായ ഒരു ദൃശ്യമായിരുന്നു അത്. ശ്രദ്ധിച്ചു നിന്നില്ലെങ്കില്‍, കാറ്റു നമ്മളെ താഴ്വരയിലേക്കു എടുത്തെറിയും. ഈ ക്ഷേത്രത്തിന്റെ രണ്ടു ഭാഗത്തും വലിയ പാറക്കെട്ടുകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ഭയപ്പെടുത്തുന്നുന്ന കാഴ്ചയാണ് അത്. ക്ഷേത്രത്തിനു മുന്നില്‍, ഒരാള്‍ പൊക്കത്തില്‍ ഒരു മണ്ഡപം ഉണ്ട്. ഒരാള്‍ക്കു ഞെങ്ങി ഞെരുങ്ങി മാത്രം അകത്തു കടക്കാന്‍ വലുപ്പമുള്ള ഒരു വാതിലും, ഇരുവശത്തേക്കും കിളിവാതില്‍ പൊലെയുള്ള രണ്ട് ജനലുകളും ഉണ്ട്. ഇതിനകത്തു കയറി നിന്നാ‍ല്‍ കാറ്റിന്റെ പ്രകമ്പനമല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ കഴിയില്ല. കാതു പൊട്ടിപ്പോകുമെന്ന് തോന്നും. പണ്ടെന്നോ, മുനിമാര്‍ ധ്യാനിക്കാന്‍ ഉപയോഗിച്ച മണ്ഡപമായിരുന്നിരിക്കാം അത്.

അമിതമായ പാറ പൊട്ടിക്കല്‍ ഭീഷണിയുടെ നിഴലിലാണ് മനോഹരമായ ഈ സ്ഥലം. ആര്‍ത്തിയുടെ നാവുകള്‍ നക്കിത്തുടച്ച ഒരു മലയുടെ അവശിഷ്ടം ഞങ്ങള്‍ അവിടെ കണ്ടു. “അവിടെ ഒരു മലയുണ്ടായിരുന്നു..“. സമതലത്തിലെ ഒരു കെട്ടിടം ചൂണ്ടി ഒരു ഗ്രാമവാസി വേദനയോടു കൂടി ഞങ്ങളോട് പറഞ്ഞു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍, സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ സ്ഥലം. ഇതിനെ നാശത്തില്‍ നിന്നു സംരക്ഷിക്കാന്‍ പോന്നതല്ല ഇതൊന്നും എന്നു വേദനയോടെ പറയട്ടെ.

ടൌണിലെ തിരക്കില്‍ നിന്നൊഴിഞ്ഞ്, ഒരല്പം ശുദ്ധവായു ശ്വസിച്ച്, സ്വസ്ഥമായി ഒരല്‍പ്പ സമയം ചിലവഴിക്കണോ? മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത്, മരുത്വാ മലയിലേക്കു പോകു...


താഴ്വരയുടെ ദൃശ്യങ്ങള്‍

മലമുകളില്‍, കുളത്തിനരികിലെ പാറയില്‍ കൊത്തിവയ്ച്ചിരിക്കുന്ന ശില്‍പ്പങ്ങള്‍

വളര്‍ച്ച - താഴോട്ടോ..? അതോ മേലോട്ടൊ..?

ആഞ്ജനേയര്‍ ക്ഷേത്രത്തിന് മുന്നിലെമണ്ഡപം

ചൂളം വിളിച്ചുകൊണ്ട്.... തീവണ്ടിയും, കാറ്റും

ഇവിടെ ഒരു മല ഉണ്ടായിരുന്നു - ഭൂതകാലം.

ഇവിടെ മനുഷ്യര്‍ എന്നൊരു വര്‍ഗ്ഗം ഉണ്ടായിരുന്നു - ഭാവികാലം‍

5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

വിഷ്ണു പ്രസാദ് May 15, 2007 at 11:17 AM  

കുട്ടൂ എനിക്ക് മരുത്വാമല കാണണമെന്ന് തോന്നുന്നു...
നല്ല പടങ്ങള്‍.

അമല്‍ | Amal (വാവക്കാടന്‍) May 15, 2007 at 6:35 PM  

കുട്ടൂസ്,

നല്ല പടങ്ങളും വിവരണവും..

ഓ.ടോ.:
വിഷ്ണുമാഷ് പോകാത്ത സ്ഥലങ്ങളും ഉണ്ടല്ലേ ? ;)

siva // ശിവ November 24, 2008 at 9:37 PM  

കുട്ടു,

ഈ ചിത്രങ്ങള്‍ക്ക് വല്ലാത്ത മികവാ‍ണ്....

ശിവ.

പാവത്താൻ November 25, 2008 at 9:41 PM  

ഇതെന്താ മരുത്വാമല സന്ദർശന മത്സരമോ??കുട്ടുവും ശിവയും തമ്മിൽ ??എന്തായാലും ഞങ്ങൾക്കു കോളു തന്നെ. ഇനിയുമിനിയും പോരട്ടെ ഇതുപോലുള്ള പോസ്റ്റുകൾ.

ശ്രീ November 26, 2008 at 10:38 AM  

നല്ല ചിത്രങ്ങള്‍
:)

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP