ഇതും ഭക്തിയാണോ?
മൂന്നുനാലു ദിവസത്തെ യാത്രയ്കൊടുവില്‍, ഞായറാഴ്ച രാവിലെ എഴുമണിയോടെ അനന്തപുരിയില്‍. രണ്ടു ദിവസത്തെ ഉറക്കം ബാക്കിയുണ്ട്. മധുര, രാമേശ്വരം, ധനുഷ്കോടി... അങ്ങിനെ കുറെ സ്ഥലങ്ങളിലൂടെ ഒരു യാത്ര. (ഇതിന്റെ ചിത്രങ്ങള്‍ ഇടാം കെട്ടോ..).
“ചെന്ന്ട്ട്, നിക്കിനി ഭക്ഷണണ്ടാക്കാന്‍ വയ്യാ..ട്ടോ, മ്മക്ക് പാര്‍സല്‍ വാങ്ങാം”.
റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ ഭാര്യ നയം വ്യക്തമാക്കി. പിന്നെ രക്ഷയില്ലല്ലോ, വാങ്ങി.
വീട്ടിലെത്തി, കുളിച്ച്, പാര്‍സല്‍ വാങ്ങിയ ഭക്ഷണവും കഴിച്ചു. ഇനി ഒരു ഞായറാഴ്ച മുഴുവന്‍ ബാക്കിയുണ്ട്. ഉറങ്ങി തീര്‍ക്കണം. മൊബൈല്‍ സൈലന്റ് മോഡിലേക്കിട്ടു. പിന്നെ വെട്ടിയിട്ട വാഴപോലെ ബെഡ്ഡിലേക്കു വീണു. (പ്‌ധും...)
ഒരു ഭീകര ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്. ഇല്ല, കിടന്നിട്ട് അത്ര അധികം സമയമായിട്ടില്ല. എകദേശം 15 മിനുട്ടേ ആയിട്ടുള്ളൂ. ഞങ്ങളുടെ വീടിന്റെ, ഒരു നാലുവീട് അപ്പുറത്ത്, ഒരു അമ്പലമുണ്ട്. അവിടെ ഉത്സവം നടക്കുന്നു. മൈക്കില്‍ ഭക്തിഗാനം വച്ചിരിക്കുകയാണ്. മനുഷ്യന്റെ ചെവി പൊട്ടിപ്പോകുന്നത്ര ഉച്ചത്തിലാണ് പാട്ട്. ട്യൂണ്‍ കേട്ടപ്പോള്‍, പരിചിതമാണ്. പക്ഷെ വരികള്‍..., വരികള്‍ അത്ര പരിചിതമല്ല. പിന്നീടാണ് മനസ്സിലായത്, പ്രസിദ്ധമായ ഭക്തിഗാനങ്ങളുടെ ട്യൂണില്‍, വേറെ ഭക്തിഗാനങ്ങള്‍. ഭക്തിഗാനങ്ങളുടെ പാരഡി മാത്രമല്ല, നല്ല സിനിമാ ഗാനങ്ങളേയും വെറുതെ വിട്ടിട്ടില്ല. മുക്കാല മുക്കാബല ലൈല (അയ്യനേ...അയ്യപ്പനേ.. ശരണം, ഓ.. ശരണം) , പിന്നെ ചക്രവര്‍ത്തിനിയും, സന്യാസിനിയും എല്ലാം അങ്ങനെ കയറിയിറങ്ങി പോയി. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അതങ്ങിനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. വാതിലും, ജനലും വലിച്ചടച്ചു നോക്കി, നോ രക്ഷ.
സഹധര്‍മ്മിണി ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു. അതാണ് എന്നെ ഏറ്റവും പ്രാന്ത് പിടിപ്പിച്ചത്. അസൂയ സഹിക്കാന്‍ വയ്യാത്ത ഒരു നിമിഷത്തിന്‍, അവളെ ഞാന്‍ വിളിച്ചുണര്‍ത്തി. അവളോട് രണ്ട് പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഒരു 10 മിനുട്ട് നിര്‍ത്താതെയുള്ള വാക്‍ധോരണി. അവള്‍ അതു മുഴുവനും കേട്ടു. (പാവം..) എന്നിട്ടു ചിരിയോടെ പറഞ്ഞു.
“ശരിയാണ്, ചേട്ടന്‍ പറഞ്ഞപോലെ ഒരു പാടു സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണ് ഇത്. ഇതിനെപ്പറ്റി വളരെ കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. ഞാന്‍ ഇവിടെ കണ്ണടച്ചു കിടന്നു ചിന്തിക്കട്ടെ..”
അങ്ങനെ അവളും കൈവിട്ടു. പെട്ടെന്നു എന്റെ പ്രാത്ഥന പോലെ പാട്ടു നിന്നു. ഹാവൂ... ഇനി സുഖമായി ഉറങ്ങാം എന്നു വിചാരിച്ച് കിടക്കയിലേക്കു നോക്കിയതേ ഉള്ളൂ, വീണ്ടും പാട്ടുതുടങ്ങി. അച്ഛന്‍, കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുന്നതു പോലെ ഉള്ള ഒരു പാട്ടാണ്. കുട്ടി ചോദ്യങ്ങള്‍ ചോദിക്കും. അച്ഛന്‍ അതിനു മറുപടി പറയും. ഒരേ ട്യൂണ്‍, അത് അങ്ങിനെ അനുസ്യൂതം തുടരും. ഈ ട്യൂണില്‍ ഒരുപാടു ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, പല ദൈവങ്ങളെ സ്തുതിച്ചു കൊണ്ടും. കാവ്യഗുണമൊന്നും ഒരു പ്രശ്നമല്ല. അങ്ങോട്ട് പടച്ചുവിട്ടാല്‍ മതി.
ടി.വി ഓണ്‍ ചെയ്തു, മാക്സിമം വോളിയത്തില്‍ വച്ചു നോക്കി. നോ..രക്ഷ. ഒന്നും കേക്കാന്‍ പറ്റുന്നില്ല. ടി.വി ഓഫ് ചെയ്ത് പത്രം ഏടുത്തു. ഓരൊ വാക്കും ശ്രദ്ധയോടെ വായിച്ചു. പത്രത്തിന്റെ അവസാന പേജില്‍, ഏറ്റവും അടിയില്‍ printed and published by... എന്നു തുടങ്ങുന്ന ഒരു പാരഗ്രാഫ് ഉണ്ട്. അതുപോലും വായിച്ചു. വിനയന്റെ പടം കാണാന്‍ തീയറ്ററില്‍ കയറിയ പോലത്തെ അനുഭവം. അനുഭവിക്ക്യന്നെ... അല്ലാണ്ടെന്താ...
അന്ന് രാത്രി 11 മണി കഴിഞ്ഞാണ് അവര്‍ മൈക്ക് ഓഫ് ചെയ്തത്. ഈ അമ്പലത്തിലെ പ്രധാന വഴിപാടാണ് പാട്ട്. ഈ പാട്ട്, വഴിപാടു വരുന്ന മുറയ്ക്കു ആരൊക്കെയോ, മൈക്കിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശ്രുതിയും, താളവുമൊന്നുമില്ല. 7 ദിവസമാണ് ഉത്സവം. ഈ എഴു ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ.
ഇനി വേറൊരു അനുഭവത്തിലേക്ക്...
രണ്ടാഴ്ച മുന്‍പാണ് ഭാര്യയുടെ നിര്‍ബന്ധപ്രകാരം, അവളുടെ നാട്ടിലുള്ള ഒരു അമ്പലത്തില്‍ പോയത്. ഒരു മുഴുവന്‍ സമയ ഭക്തനൊന്നുമല്ല ഞാന്‍. (എന്നാല്‍ അവസരവാദിയായ ഭക്തനാണ് താനും. അല്ലാ. നമ്മളിങ്ങനെ എപ്പോഴും ദൈവത്തെ ബുദ്ധിമുട്ടിക്കണ്ടല്ലൊ.. ഏത്?). അമ്പലത്തിന്റെ അടുത്തുവരെ വാഹനത്തില്‍ പോകാന്‍ പറ്റില്ല. എകദേശം 500 മീറ്റര്‍ നടന്നു പോകണം. രാവിലെ 5:30 ഓടുകൂടെയാണു അവിടെയെത്തിയത്. ഒരു വശം മുഴുവന്‍ പാടമാണ്, കുറച്ചു സ്ഥലം പാടം നികത്തി കമുകും, തെങ്ങും വച്ചിരിക്കുന്നു. മറുവശം കാടും. അമ്പലത്തിന്റെ സ്വന്തം സ്ഥലമായതിനാല്‍ അധികം വെട്ടിക്കിളച്ചു വൃത്തികേടാക്കിയിട്ടില്ല. സര്‍പ്പക്കാവാണ് ആ സ്ഥലം. അന്തരീക്ഷത്തിനു നേരിയ തണുപ്പുണ്ട്. കമുകിന്‍ പൂവിന്റെ ഹൃദ്യമായ മണം. എനിക്കു തോന്നുന്നത് ഈ ലോകത്തെ ഏറ്റവും മനോഹരമായ മണം കമുകിന്‍ പൂവിന്റെയാണെന്നാണ്. അതു അനുഭവിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍. മനുഷ്യനിര്‍മ്മിതമായ ഒരു ശബ്ദവും എങ്ങുനിന്നും വരുന്നില്ല. കിളികളും, ചീവീടുകളുമാണു പ്രധാന പാട്ടുകാര്‍. മനസ്സ് ക്രമേണ ശാന്തമാകുന്നത് അനുഭവിച്ചറിയാം. വളരെ സമയമെടുത്താണ് ആ 500 മീറ്റര്‍ ഞങ്ങള്‍ താണ്ടിയത്.
അമ്പലത്തിനു ചുറ്റും കാടാണ്. സാമാന്യം വലിപ്പമുള്ള മുറ്റം മുഴുവനും മണല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. ശാന്തത കളിയാടുന്ന സ്ഥലം എന്നു പറഞ്ഞാല്‍, ഒട്ടും അതിശയോക്തി ഇല്ല. നിശബ്ദമായി, പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ഒരമ്പലം. ദേവിയാണ് പ്രധാന പ്രതിഷ്ഠ. ചന്ദനത്തിരികളുടെ ഹൃദ്യമായ മണം കാറ്റില്‍. അമ്പലത്തില്‍ കയറി ഒരുപാടു സമയം കൈകൂപ്പി ധ്യാനിച്ചു നിന്നു. മനസ്സ് ശൂന്യമായിരുന്നു. വിപരീതമായ ഒരു അര്‍ത്ഥത്തിലല്ല അങ്ങിനെ പറഞ്ഞത്. ധ്യാനിച്ചു നിന്നാല്‍, ചിന്തകള്‍ എല്ലാം ഒന്നൊന്നായി ഒഴിഞ്ഞ് മനസ്സ് ശാന്തമാകുന്നത് അനുഭവിച്ചറിയാം. മുനിമാര്‍, തപസ്സു ചെയ്യാന്‍ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് വെറുതെയല്ല എന്നു അപ്പോള്‍ മനസ്സിലായി. തൊഴുത് പുറത്തിറങ്ങി ആല്‍ത്തറയില്‍ പിന്നേയും കുറേ നേരം ഇരുന്നതിനു ശേഷമാണ് വീട്ടിലേക്കു തിരിച്ചു വന്നത്. പിന്നീട്, അതിനെ പറ്റി ആലോചിക്കുമ്പോഴെല്ലാം മനസ്സിന് ഒരു സ്വസ്ഥത അനുഭവപ്പേടുന്നു.
ഇനി ഒരല്പം ഉറക്കെത്തന്നെ ചിന്തിക്കട്ടെ...
എന്തിനാണ് അമ്പലങ്ങളിലും, പള്ളികളിലും മൈക്ക് വച്ചു ഇങ്ങനെ ശബ്ദശല്യം ഉണ്ടാക്കുന്നത്? (എല്ലാ തരത്തിലുള്ള മൈക്കിന്റെ ഉപയോഗവും പെടും). ആര്‍ക്കു വേണ്ടിയാണ് ഇത്? നിശ്ശബ്ദമായ ഒരന്തരീക്ഷത്തിലല്ലേ ദൈവചിന്ത വരികയുള്ളൂ? പ്രാര്‍ഥന മനസ്സിലാണ് സംഭവിക്കേണ്ടത്. കൂവിവിളിച്ചല്ല ദൈവത്തെ പ്രാര്‍ത്ഥിക്കേണ്ടത്. എല്ലാ ദേവാലയങ്ങളുടേയും പ്രധാന ലക്ഷ്യം, ഭക്തരുടെ മനസ്സില്‍ ശാന്തി നിറയ്ക്കുക എന്നതാണ്. അതു മാത്രം നടക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഈ ദേവാലയങ്ങള്‍?
“അല്ല.. എഴുത്തുകാരാ, അപ്പോ തൃശ്ശൂര്‍ പൂരം പോലെയുള്ള ഒരു ഉത്സവം ഒരുപാട് ശബ്ദശല്യമുണ്ടാക്കുന്നില്ലേ? അതെല്ലാം മോശമാണെന്നാണോ?“
നല്ല ചോദ്യം.
അല്ലേയല്ല. എല്ലാ പൂരങ്ങളും, ഉത്സവങ്ങളും നല്ലതു തന്നെ. ജനങ്ങള്‍ക്കു ഒത്തുചേരാനും, ആനന്ദിക്കാനും അവസരം ഒരുക്കിത്തരുന്നു ഇവയെല്ലാം. പക്ഷേ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നാണ് എന്റെ അഭിപ്രായം. വലിയ ഒരു മൈതാനത്തു നടത്തുന്ന ഉത്സവം പോലെയല്ല, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നടത്തുന്ന ഉത്സവം. സാമാന്യ ബുദ്ധിയാണ് ഇത്തരം കാര്യങ്ങളുടെ അളവുകോല്‍.
അവസാനമായി,
സാധാരണ നടക്കാവുന്ന ഒരു സംഭവം കൂടി പറയട്ടെ. വീട്ടില്‍, നിങ്ങളുടെ പിഞ്ചുകുഞ്ഞ് അസുഖം ബാധിച്ചു തളര്‍ന്നുറങ്ങുമ്പോള്‍, ഇതുപോലെയുള്ള ശബ്ദകോലാഹലം നിങ്ങളില്‍ ഉണര്‍ത്തുന്ന വികാരമെന്തായിരിക്കും..? ഭക്തിയോ അതോ...?
14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
അമ്പലങ്ങളിലും, പള്ളികളിലും മൈക്കുവച്ചു കൂവി വിളിക്കുന്നത് ഭക്തിയുടെ രൂപമാണൊ?
കുട്ടൂന്റെ മറ്റൊരു പോസ്റ്റ് http://kuttoontelokam.blogspot.com/2007/05/blog-post_57.html
ചാത്തനേറ്:
ദൈവം, ഭക്തി എന്നൊക്കെപ്പറഞ്ഞ് ഒരടി കഴിഞ്ഞതേയുള്ളൂ...
ഓടോ: അപ്പോ ഇനി ചന്ദനത്തിരീം എയര്‍ഫ്രെഷ്നറും മിക്സാക്കി അടിച്ചു നോക്ക് :)
ഹ..ഹ..ഹ
നന്ദി ചാത്താ...
ദൈവവും, പൂജാരിയുമെല്ലാം ഇവിടേയും (http://avadhoothan.blogspot.com/) വിഷയമാണ് . അതെന്റെ മറ്റൊരു ബ്ലോഗ്...
:)
കുട്ടൂസാ,
ഏറ്റവും കൂടുതല്‍ ഉച്ചത്തില്‍ അലറുന്നത് എറ്റവും ശക്തിയുള്ള ദൈവം അത്ര തന്നെ..
പിന്നെ ആ "കഥാപ്പാട്ട്" കാസറ്റ് കേട്ട് പ്രന്തായി ആ എരിയയില്‍ നിന്ന് ഞാന്‍ ഓടിയിട്ടുണ്ട്.
ബാക്കി എല്ലാ പോസ്റ്റും വായിച്ചു.
മാട്രിമോണി പോസ്റ്റും കലക്കിട്ടോ..
പടങ്ങളും കണ്ടു ലോക സഞ്ചരം ആണോ പരിപാടി :-)
ഇനിയും പോസ്റ്റുകള്‍ പോരട്ടെ ...
വളരെ ശരിതന്നെ... അരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉഴിവാക്കുന്നതാണുത്തമം. ഉത്സവകാലത്ത് പോട്ടെന്നു വെയ്ക്കാം, ഇവിടെ ചില അമ്പലങ്ങളില്‍ വൈകുന്നേരം തുടങ്ങും... ദീപാരാധനയൊക്കെ കഴിഞ്ഞ് അത്താഴപ്പൂജയാവുമ്പോഴേ ഓഫാക്കൂ... ദീപാരാധനയ്ക്കുള്ള വാദ്യവും മൈക്കിലൂടെയാണ്... അതും കോളാമ്പി... പിന്നെ, ഭക്തിഗാനക്കാസറ്റുകളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ആരാണോ, ഈ അച്ച്ഛനും - മകനും/മകളുമായുള്ള സംഭാഷണത്തിലൂടെ പാട്ടുണ്ടാക്കാമെന്നു കണ്ടുപിടിച്ചത്... :(
--
Kollaam kuttoo..ujwalamaayirikkunnu...keep it up. Pakshe njaan onnu chodichotte...nammal ee vella collar echikkuteevs aarkkengilum ithinethire prathikarikkan dhairyam undo? nammal "bujikal" chummaa dantha gopurathilirunnu udghoshanangal nadathum. namukku vendi samarom jaathem nadathaan ivide CITU, INTUC..annanmaar undu. Ee neerunna prasnathinethirem avanmaar ennenkilum prathikarikkum ennu prathheekshichu namukku veendum saidhaanthika samvaadangal thudaraam.
നന്ദി ദാമു,
ദാമുവിന്റെ ചോദ്യവും, സംശയങ്ങളും ഇഷ്ടപ്പെട്ടു. ഓരൊന്നായി മറുപടി പറയാം.
ലോകത്തു ഇന്നുവരെ നടന്ന എതൊരു സമരമാവട്ടേ, പോരാട്ടമാവട്ടേ, എല്ലാറ്റിന്റേയും തുടക്കം ചിന്തയില്‍ നിന്നാണ്. ആ ചിന്ത മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍, സമാനമനസ്കര്‍ യോജിക്കുന്നു. ആ ആശയം കൂടുതല്‍ ശക്തിപ്പെടുന്നു, ഒരു ലക്ഷ്യം കൈവരുന്നു. പിന്നെ കായികമായ ഒരു മുന്നേറ്റം മാത്രമല്ല സമരം എന്നുള്ളതുകൊണ്ട് വിവക്ഷിക്കുന്നത്. തൂലികകൊണ്ടും സമരം നടത്താമെന്ന് തെളിയിച്ച ഒരാളല്ലെ വയലാര്‍? അങ്ങനെ എത്രയെത്ര പേര്‍.
നെപ്പോളിയന്റെ പ്രശസ്തമായ ചില വചനങ്ങള്‍ ഉണ്ട് ഞാന്‍ ഇവയില്‍ വിശ്വസിക്കുന്നു.
"The secret of war lies in the communications".
"There are but two powers in the world, the sword and the mind. In the long run the sword is always
beaten by the mind."
ഒരു തുടക്കമെന്ന നിലയില്‍, എന്റെ ചിന്തകള്‍ ഇവിടെ എഴുതിയെന്നേയുള്ളൂ. സമാന മനസ്സുകള്‍ പ്രതികരിയ്ക്കട്ടെ.
അങ്ങനെ.. അങ്ങനെ.. അതു മുന്നോട്ട് പോകട്ടെ. അവസാനം, പ്രതികരിക്കാതിരിക്കാനാവില്ല എന്ന ഒരു ഘട്ടത്തില്‍ ആരെങ്കിലും പ്രതികരിക്കും, അത് നിശ്ചയം.
അതു കുട്ടുവായിരിക്കാം, ദാമുവായിരിക്കാം, അല്ലെങ്കില്‍ മറ്റാരെങ്കിലുമായിരിക്കാം.
kuttoo...ee subhaapthi viswaasamaanu namme jeevikkaan preprippikkunna ghatakam ennu sammathikkunnu. Pakshe appozhum nammal vere aaro prathikarikkan kaathu nilkkukayaanu. Kuttu pradipaadicha vishayam purame kaanunnathinekkal maarakamaaya oru rogathinde eliya lakshanam maathramaanu. Lokathe grasichukondirikkunna ee valathu paksha veliyettam udaleduthathu Idathu paksha prasthaanangalude jeernatahyil ninnanu. Iniyoru thirichu pokku asaadhyamaaya reethiyil idathu paksha chinda kaalaharanappettu ennu thonnunnu. Athukondu innu kaanunna ee obscurantism, pseudo spiritualism thudangiya escapist chindakalkku oru badal chindaa dhaara roopappeduthi edukkuka ennathaanu ividuthe abhyastha vargathinde chumthala. Ithu thirichariyendiyirikkunnu. Ini thiricharinjaalum pravarthikkan thayaaraavendiyirikkunu. Ithaanu njaan udeshichathu. Lakshanangalkku chikilsikkunnathinu pakaram rogathinulla chikilsa, athaanu vendathu ennu enikku thonnunnu.
കണ്ണൂതുറകത ദെ വം......കാതു കേള്‍ക്കാത ദെ വം....ഒക്കെ അല്ലെ നമുക്കുളള്തു?
ഒരു 250 വര്‍ഷം മുന്‍പ് ഈ അമ്പലത്തിലെ ദേവനോ/ദേവിയോ എന്താണ് വഴിപാടായി സ്വീകരിച്ചിരുന്നത് ? വായ്പാട്ടായിരിക്കാം, അത് പോരായിരുന്നുവോ ഇനിയുള്ള കാലം. മനുഷ്യന്റെ പലതരത്തിലുള്ള ഉത്കണ്ഠയ്ക്കുള്ള പരിഹാരമാണ് വിശ്വാസം, ഉത്കണ്ട ഉള്ളയിടം കാലം ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കും, എന്നാല്‍ കാലോചിതമായ മാറ്റങ്ങള്‍ അനാവശ്യം തന്നെ, വിശ്വാസങ്ങളെ ഹനിക്കാതെ ആയിരിക്കണം. നല്ല ലേഖനം
ഇത്തരം വിഷയങ്ങളില്‍ അതി സമര്‍ഥനായ ആളെ ഇവിടെ കാണാനില്ലല്ലോ...സാന്‍ഡോ..ആളിവിടില്ലാട്ടോ.
കല്യാണവീട്ടില്‍ നിന്ന്, നീണ്ടുനില്‍ക്കുന്ന, ചെവി പൊട്ടിക്കുന്ന പാട്ട് കേട്ട്, നെയ്യപ്പവും ചായയും ഒക്കെ കുടിക്കാന്‍ എന്തു രസാ അല്ലേ? പിന്നെ, ബിരിയാണിയും തിന്നാം. കല്യാണവീട്ടില്‍, മൂന്ന് മണിക്കൂറുണ്ടെങ്കിലും, നമ്മളതൊക്കെ കേട്ടങ്ങനെ ആസ്വദിച്ചിരിക്കും. പക്ഷെ, നമ്മള്‍ കിടന്നുറങ്ങുമ്പോള്‍, അമ്പലത്തില്‍ നിന്നോ, പള്ളിയില്‍ നിന്നോ കേള്‍ക്കുന്ന ശബ്ദമൊക്കെ ഭയങ്കര കുഴപ്പമാ. പിന്നെ, ഉത്സവത്തിനു പോയിട്ട്, തിക്കിലും തിരക്കിലും, മേളവും, മറ്റ്, അനേകമനേകം ശബ്ദവും കേട്ട്, രാത്രി പുലരുവോളം ഇരിക്കാനും വല്യ രസമാണ്. പിറ്റേ ദിവസം കിടന്നുറങ്ങുമ്പോള്‍, അതേ അമ്പലത്തില്‍ നിന്ന് പാട്ട് കേട്ടാല്‍ നമ്മുടെ സ്വഭാവം മാറും. എന്തു ചെയ്യാനാ അല്ലേ?
ഹ..ഹ..ഹ.. അതിഷ്ടപ്പെട്ടു സു,
വ്യക്തിപരമായി ഒരു തരത്തിലുള്ള ശബ്ദകോലാഹലവും ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാന്‍. പക്ഷെ ചിലത് നമുക്കു ഒഴിവാക്കാന്‍ പറ്റില്ല. പക്ഷെ ചിലതെല്ലാം ഒഴിവാക്കാം. ഒഴിവാക്കാന്‍ പറ്റുന്നത്, ഒഴിവാക്കുക തന്നെ വേണം. എല്ലാറ്റിനും ഒരു പരിധി വേണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലല്ലോ.
Correct
Read this ,from my side
http://punaluraan.blogspot.com/2009/03/blog-post_1978.html
Post a Comment