പുരയുടെ ചുറ്റും, നായര്‍ മണ്ടിനടക്കാന്‍ കാരണമെന്ത്?
“ഹലോ..”
“ഹലോ..”
“ഹലോ...ആ... കേള്‍ക്കുന്നുണ്ടൊ...?”
“ഹലോ...?”
“ആ ടിവിയുടെ വോല്യം ഒന്നു കുറയ്കാമോ...”
“എന്താ..?”
“ആ ടിവിയുടെ വോല്യം..”
“ഇപ്പൊ കേള്‍ക്കാമോ...?”
“ആ.. ഇപ്പൊ കേള്‍ക്കാം. എന്താ പേര്..?”
“ശ്രീദേവി”
“ശ്രീദേവി, നല്ല പേര്.. ട്ടൊ... എത്രാം ക്ലാസിലാ പഠിക്കുന്നേ...?”
നാണത്തോടെ... “താങ്ക്യു.., ഞാന്‍ പഠിക്ക്യല്ല കെട്ടൊ”
“പിന്നെ..?”
“ഞാന്‍ ഹൌസ്‌വൈഫ് ആണ്”
“അതേയോ..., ആട്ടെ എന്താ ജോലി..?”
“ഞാന്‍ ഹൌസ്‌വൈഫ് ആണ്”
“ഹസ്‌ബന്‍ഡ് എന്താ ചെയ്യുന്നേ..?”
“ഓഫീസില്‍ പോയിരിക്കുവാ...”
“കുട്ടികള്‍ ഉണ്ടൊ...?”
“ഉം... ഒരു കുട്ടി... 1 വയസ്സായി”
“ആണോ... എന്താ വാവയുടെ പേര്..?”
“കിട്ടൂന്നാ ഞങ്ങള്‍ വിളിക്ക്യാ...”
“കിട്ടു, നല്ല പേരാ ട്ടൊ....”
“താങ്ക്യു..“
“ഏതു പാട്ടാ വേണ്ടത് ചേച്ചീ...“
“എനിക്കു അനിയത്തിപ്രാവിലെ അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും.. എന്ന പാട്ടു വച്ചു തരുമോ?”
“ചേച്ചി പാടുമോ...?”
“ഏയ്...”
“നല്ല സൌണ്ട് ആണല്ലൊ... ഒരു പാട്ടു പാടാമോ..”
“....”
“ടെന്‍ഷന്‍ ആണോ..? ടെന്‍ഷന്‍ ഒന്നും വേണ്ട കെട്ടൊ...”
ഭീകരമായ ശബ്ദത്തില്‍ ചേച്ചി പാടുന്നു.
“അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും....”
പാട്ടിനിടയ്ക്കു കയറി “ചേച്ചീ, പാട്ടു നന്നായിരിക്കുന്നു കെട്ടോ....”
പക്ഷെ ചേച്ചി വിടാന്‍ ഭാവമില്ല
“ചേച്ചീ, ഹലോ ചേച്ചീ...പാട്ടു നന്നായിരിക്കുന്നു കെട്ടോ....”
“താങ്ക്യു...“
“ഇതു ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യണേ..?”
“എന്താ...?”
“ഈ പാട്ട് ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യണേ...”
“ഇതു എന്റെ ഹസ്‌ബന്‍ഡിനും, കിട്ടൂനും, കിച്ചൂനും, മിട്ടൂനും ടുട്ടൂനും പിന്നെ എല്ലാവര്‍ക്കും...”
“ഇവരൊക്കെ ആരാ...?”
“എന്റെ കസിന്‍സാ...“
“അവരൊക്കെ ഉണ്ടൊ അവിടെ”
“ഉം..”
“അപ്പൊ അടിപൊളിയായിരിക്കും അല്ലേ...?”
“ഉം...”
“അവരൊക്കെ പാട്ടുപാടുമോ”
“കിച്ചു പാടും“
“ആഹാ... കിച്ചൂ... കിച്ചൂ...,അവിടെണ്ടോ ആള്....”
ഫോണില്‍ കിച്ചൂന്റെ ശബ്ദം. “ഹലോ”
“ഹലോ... കിച്ചൂ, ഒരു പാട്ടു പാടുമോ...?”
“ഉം...”
കിച്ചു പാടുന്നു “എന്റെ കല്‍ബിലെ വെണ്ണിലാവു നീ.”
പാട്ടിനിടയ്ക്കു കയറി “കിച്ചൂ...., ചോ... ച്വീറ്റ്... പാട്ടു നന്നായിരിക്കുന്നു കേട്ടൊ....”
“താങ്ക്യു...”
“അപ്പൊ ചേച്ചീ....ഞാന്‍ പാട്ടുവച്ചു തരാം.”
“ഉം...”
“അപ്പൊ, ചേച്ചിക്കും, ചേച്ചിയുടെ ഹസ്‌ബന്‍ഡിനും, കിട്ടൂനും, കിച്ചൂനും, ടുട്ടൂനും, പിന്നെ എല്ലാര്‍ക്കും വേണ്ടി അനിയത്തി പ്രാവിലെ അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും എന്ന പാട്ട്.”
ചാനല്‍ മാറ്റുന്നു, പുതിയ ചാനലില്‍ സീരിയല്‍ പൊടിപൊടിക്കുന്നു
സ്ത്രീ: “ഹെന്റെ മനുഷ്യാ, ഇപ്പൊഴത്തെ നിലയ്ക്കു രാജേട്ടന്‍ മരിച്ചാല്‍ ആ സ്വത്തുക്കള്‍ മുഴുവന്‍ രാജിക്കല്ലെ കിട്ടുക...”
പുരുഷന്‍: “എടീ... ഞാന്‍ എന്താ പൊട്ടനാണെന്നാ നീ കരുതിയത്..? ഇതു കണ്ടൊ... രാജന്, പണ്ട്‍ മറ്റൊരു ഭാര്യയുണ്ടായിരുന്നു എന്നതിന് തെളിവാ.... തെളിവ്. നിലവില്‍ ഒരു ഭാര്യയിരിക്കെ അത് നിയമപ്രകാരം ഡൈവൊര്‍സ് ചെയ്യാതെ പുതിയതിനു സാധുത ഇല്ല..”
സ്ത്രീ: “നിങ്ങള്‍ ആളു കൊള്ളാമല്ലൊ...”
വീണ്ടും ചാനല്‍ മാറ്റുന്നു, പുതിയ ചാനലില്‍ വേറൊരു സീരിയല്‍. ഇപ്പൊള്‍ രണ്ടു സ്ത്രീകളാണ് കഥാപാത്രങ്ങള്‍. അമ്മായിഅമ്മയും മരുമകളുമാണ്.
അ: “എടീ നീ വന്നുകയറിയ അന്നുമുതലാണ് എന്റെ മോന്റെ കഷ്ടകാലം തുടങ്ങിയത്...”
മരു: “ദേ തള്ളേ.. എടീ പോടീന്നൊക്കെ വിളിച്ചാലുണ്ടല്ലൊ... ഞാനങ്ങിനെ വെറും കൈയ്യോടെ വന്നതൊന്നുമല്ല.“
വീണ്ടും ചാനല്‍ മാറ്റുന്നു, ഇവിടെ ചര്‍ച്ചയാണ്, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍. എല്ലാവരും സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരാണെന്ന് വ്യക്തം ...
വനിത 1: “അല്ലാ, ഇവിടെ ഇപ്പോള്‍ സ്ത്രീകള്‍ക്കു റോഡിലിറങ്ങി നടക്കാന്‍ മേലാത്ത അവസ്ഥയാണ്. ഇതു മാറ്റാന്‍ നമ്മള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്..”
വനിത 2: ആ പറഞ്ഞത് വളരെ ശരിയാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പറയാന്‍ പറ്റുന്ന ഒരു വേദി ഇല്ലാത്തതാണ് പ്രശ്നം...”
വീണ്ടും ചാനല്‍ മാറ്റുന്നു, കോമഡീ പ്രോഗ്രാം...
രാഷ്ട്രീയക്കാരുടേയും, സിനിമാ നടന്മാരുടേയും തീവണ്ടി പോകുന്ന ശബ്ദം, പട്ടി കുരയ്ക്കുന്ന ശബ്ദം. വേദിയിലൂടെ ഓടുന്ന പെണ്‍വേഷം കെട്ടിയ ഒരാള്‍, അതിനു പിന്നാലെ ഒരാള്‍ ഓടുന്നു. വീഴുന്നു, കുട്ടിക്കരണം മറിയുന്നു.....ഒരു പാരഡി പാട്ട് പശ്ചാത്തലത്തില്‍.....
ചാനല്‍ മാറ്റുന്നു, അവിടെ വാര്‍ത്ത പൊടിപൊടിക്കുന്നു
വാര്‍ത്ത വായനക്കാരി (താര): “ഇന്നലെ രാത്രി, പാലക്കാട്ടുള്ള ... മന്ത്രിയുടെ സ്വകാര്യ വസതിയിലെക്ക് മാര്‍ച്ചുചെയ്ത ... പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റു ചെയ്തു നീക്കി. ഇതു ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കി. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നമ്മുടെ പ്രതിനിധി ദീപേഷ് ലൈനില്‍ ഉണ്ട്. “ഹലൊ ദീപേഷ്.... കേല്‍ക്കാമോ...”
ദീപേഷ്: “കേള്‍ക്കാം താര”
വാര്‍ത്ത വായനക്കാരി: “ദീപേഷ്, എന്താണ് ഇന്നലെ മന്ത്രിയുടെ സ്വകാര്യ വസതിയില്‍ നടന്നത്...?”
ദീപേഷ്: “താര.. ഇന്നലെ ഒരു കൂട്ടം ജനങ്ങള്‍ മന്ത്രിയുടെ വീടിന്റെ മുന്നില്‍ നിന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടു തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസെത്തി അവരെ നീക്കം ചെയ്തു താര..”
വാര്‍ത്ത വായനക്കാരി: “ദീപേഷ്..., ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി അറിവുണ്ടോ..?“
ദീപേഷ്: “താര..ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്നു അറിയാന്‍ കഴിഞ്ഞില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നു മന്ത്രി ഇന്നു വ്യക്തമാക്കിയിട്ടുണ്ട്
താര..”
വാര്‍ത്ത വായനക്കാരി: “നന്ദി ദീപേഷ്“
വീണ്ടും ചാനല്‍ മാറ്റുന്നു, അവിടെ അഭിമുഖമാണ്, മൂന്നോ നാലോ പടത്തില്‍ അഭിനയിച്ച യുവനടനാണ് കഥാപാത്രം.
അവ: “... പടത്തില്‍ അഭിനയിച്ച ശേഷം ഒരുപാടു പ്രേമലേഖനങ്ങല്‍ ഒക്കെ കിട്ടാറുണ്ടോ...?”
യു.ന: “ഹഹഹ... ഇഷ്ടംപോലെ... ഒരു ദിവസം പത്തിരുപത്തഞ്ചു ലെറ്റര്‍ എങ്കിലും കിട്ടും. പിന്നെ ഒരുപാടു കോളേജ് സ്റ്റുഡെന്റ്സ് വിളിക്കാറുണ്ട്.”
അവ: “നമ്മുടെ സമയം തീരാറായി. ഈ ഫീല്‍ഡിലേക്കു വരുന്ന പുതുമുഖങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ..?”
യു.ന: “യാ... യാ... ഹാര്‍ഡ് വര്‍ക്ക് ആണ് എല്ലാം.... ഞാന്‍ ഇപ്പൊ ഏകദേശം മൂന്നോളം പടങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു... ഹാര്‍ഡ് വര്‍ക്ക് ചെയ്യാതെ ഒരു രക്ഷയുമില്ല....”
ഇന്നലെ വരെ തെണ്ടിത്തിരിഞ്ഞ് നടന്ന്, ആരുടെയൊക്കെയോ കാലും കൈയും പിടിച്ച് സിനിമയില്‍ ഒന്നു കയറിയതേ ഉള്ളൂ... രണ്ടായിരത്തില്‍ പരം പടങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരിചേച്ചിയും, അങ്ങിനെ മറ്റു പല പ്രകത്ഭരും ഉള്ളപ്പോഴാണ് ചെക്കന്റെ മൂന്നോളം പടങ്ങള്‍... അതുകൂടി കേട്ടപ്പോള്‍ നായര്‍ക്കു കലി അടക്കാന്‍ കഴിഞ്ഞില്ല.
“കേബിള്‍ വലിച്ചു കഴുത്തില്‍ ചുറ്റി,... ടിവിയെടുത്തഥ കാട്ടിലെറിഞ്ഞു....
അതുകൊണ്ടരിശം തീരഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു...”
5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഉം.. ഈ നായര്‍ ഈ വികടന്‍ തന്നെ അല്ലേ എന്നോരു വികടചിന്ത മനസ്സില്‍...എന്തെങ്കിലും ആകട്ടെ.. സംഗതി കറക്റ്റ്.....നാട്ടു നടപ്പു ഇങ്ങനെ തന്നെ...
ശരിയാണ്.ബോധമുള്ള ആര്‍ക്കും സഹിക്കാവുന്നതല്ല ടി.വിയില്‍ വരുന്നത്.എപ്പോള്‍ കണ്ട്രോള്‍ പോയി എന്ന് ചോദിച്ചാല്‍ മതി...
പക്ഷേ ഒന്നുണ്ട്.
ടി.വി വന്നതിനുശേഷം ഒരു മാറ്റം ഞാന്‍ പല വീടുകളിലും കണ്ടു:
നിത്യേന വഴക്കു കൂടിയിരുന്ന ആ വീടുകളില്‍ നിന്ന് കലഹം ഒഴിഞ്ഞു പോയിരിക്കുന്നു.
വേറൊന്നുമല്ല,കലഹിക്കാന്‍ നേരമില്ല...സീരിയല്‍,സീരിയല്‍,സീരിയല്‍... അതു തന്നെ.പിന്നെ റിമോട്ടിനു വേണ്ടി ചില വീടുകളില്‍ കടിപിടി ഉണ്ടാവാം.
ശരിയാണ് വിഷ്ണുപ്രസാദ്, ഇപ്പൊ ഓരൊ റൂമിലും ഓരൊ ടിവിയാണ്. ലോകം ചുരുങ്ങുന്നു. വ്യക്തികള്‍ അകന്ന് അകന്ന് പോകുന്നു.
മനസ്സില്‍ കാണാനാവുന്നുണ്ട് എഴുതിയതൊക്കെ.
പ്രത്യേകിച്ചും ഈ ഖണ്ഡിക:
രാഷ്ട്രീയക്കാരുടേയും, സിനിമാ നടന്മാരുടേയും തീവണ്ടി പോകുന്ന ശബ്ദം, പട്ടി കുരയ്ക്കുന്ന ശബ്ദം. വേദിയിലൂടെ ഓടുന്ന പെണ്‍വേഷം കെട്ടിയ ഒരാള്‍, അതിനു പിന്നാലെ ഒരാള്‍ ഓടുന്നു. വീഴുന്നു, കുട്ടിക്കരണം മറിയുന്നു.....ഒരു പാരഡി പാട്ട് പശ്ചാത്തലത്തില്‍.....
മിമിക്രി നമ്മുടെ ദേശീയ കലയാണെന്നു് ചിലപ്പോള്‍ തോന്നിപ്പോകും..!
കാശു കൊടുത്തു ഞളുവ കാണണ്ടാന്നുള്ളതും ഡിഷ് ആന്റിന വെയ്ക്കണ്ടാന്നു തീരുമാനിക്കാന്‍ ഒരു കാരണം.
നന്ദി ഏവൂരാന്‍,
ഒരു വിധം ബോറ് സഹിയ്ക്കാം എന്നൊരു ആത്മവിശ്വാസമുണ്ട്.
പക്ഷെ ഇതു അതല്ലല്ലൊ, ഇറങ്ങി വന്ന് നമ്മുടെ മൂക്കില്‍ ചൊറിയുകയല്ലേ.
ഇല്ലാത്ത കാശ് കൊടുത്ത് ഒരു ടിവി വാങ്ങിവച്ചത് അത്യാവശ്യം വാര്‍ത്ത കാണാം എന്ന ഒറ്റ പ്രതീക്ഷയിലാണ്. പക്ഷേ, ഇപ്പൊ വാര്‍ത്തകള്‍ വരെ ഒരു ആഘോഷമല്ലേ.... വാര്‍ത്താ വായനക്കാരും, ലൈവ് റിപ്പോര്‍ട്ടേര്‍സും പറയുന്നത് ഒരേ കാര്യം. പിന്നെ ഈ ലൈവ് റിപ്പോര്‍ട്ടേര്‍സിന്റെ ആവശ്യമെന്താ...?.
ഇപ്പൊ രണ്ടു മൂന്ന് ചാനലുകളേ ആകെ കാണാറുള്ളൂ... Discovery, National Geographic, Animal Planet, Travel & Living, some programs in Amritha (like samagamam), some programs in kairaly (like madhyama vichaaram)
പണ്ട് കൈരളിയിലെ സാക്ഷി കണ്ടിരുന്നു. ഇപ്പൊ അതും മഹാ ബോറാണ്.
Post a Comment