അമ്മാവന്റെ പെനാല്‍റ്റി കിക്ക്
രംഗം 1
ഇതു ഒരു സംഭവകഥയാണ്, കേരളത്തിലെ ഒരു തീരദേശ ജില്ലയിലാണ് സംഭവം നടക്കുന്നത്. അമ്മാവന് അമ്മായിയെ ഭയങ്കര സംശയം. തളത്തില്‍ ദിനേശന്‍ തോറ്റുപോകും. അമ്മായിക്ക് ഒരു ജാരന്‍ ഉണ്ടെന്നുതന്നെയാണ് അമ്മാവന്റെ ഉറച്ച വിശ്വാസം. അമ്മാവന്‍ പല അടവുകളും പയറ്റി, പക്ഷെ “ജാരന്‍” അതിലൊന്നും വീണില്ല. വീടിന്റെ മുറ്റം നിറയെ മണല്‍ വിരിച്ചിട്ടിരിക്കുകയാണ്. പുറത്തു പോകുമ്പോള്‍, മണല്‍ ഒരേ നിരപ്പില്‍ വടിച്ചു വൃത്തിയാക്കി വയ്ക്കും. ഈ മണലില്‍ വല്ല കാല്പാടുകളും കണ്ടാല്‍, രാത്രി അമ്മായിയുടെ നിലവിളി ആ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കാം. സ്കൂള്‍ കുട്ടികള്‍ പൂക്കള്‍ പറിക്കാന്‍ വന്നാലും, തല്ല് അമ്മായിക്കാണ്.
അമ്മാവന് വൈകുന്നേരം അല്പം മിനുങ്ങുന്ന സ്വഭാവം ഉണ്ട്. അന്നു സ്വല്പം നന്നായിത്തന്നെ മിനുങ്ങി അമ്മാവന്‍ വീട്ടില്‍ വന്നു. മണലിലെങ്ങാനും വല്ല കാല്പാടുകളുമുണ്ടോ എന്നു ടോര്‍ച്ചടിച്ച് പരിശോധിച്ചു.
“ഇന്നെന്താടീ... നിന്റെ മറ്റവന്‍ വന്നില്ലേ...”. മുന്‍വാതില്‍ അടയുന്നു..., അമ്മായിയുടെ നിലവിളി പശ്ചാത്തലത്തില്‍. സമയം രാത്രി ഒരു രണ്ട്, രണ്ടര, മൂന്ന് (ആ.. എത്രേങ്കിലുമാകട്ടെ...) മണി ആയിക്കാണും. “പുറത്തു നിന്നും ഒരു കാലടിശബ്ദം കേള്‍ക്കുന്നില്ല്ലേ.....“, ഡിറ്റക്റ്റീവ് അമ്മാവന്‍ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു പുറത്തുവന്നു. നേര്‍ത്ത നിലാവുണ്ട്. എന്നാല്‍ ഒന്നും വ്യക്തമായി കാണാനും പറ്റുന്നില്ല. ങേ...!, വരാന്തയുടെ ഒരറ്റത്തായി ഒരാള്‍ കൂനിക്കൂടി ഇരിക്കുന്നു. അമ്മാവന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.., കണ്ണ് ക്ലച്ചുപിടിക്കുന്നില്ല. വൈകുന്നേരം അല്പം ഓവറായിരുന്നു. ടോര്‍ച്ചടിച്ചാല്‍ അവന്‍ ചിലപ്പൊ ഓടി രക്ഷപ്പെടും.. അതു വേണ്ട..
“എടാ -------- മോനേ......” (വായനക്കാരാ/രീ, അറിയാവുന്ന നല്ല ഒരു തെറി വച്ചു ഒന്നു പൂരിപ്പിച്ചേക്കണേ...)
അട്ടഹസിച്ചുകൊണ്ട്, കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ അമ്മാവന്‍ പെനാല്‍റ്റി കിക്കെടുത്തു.
“ആ... ആ ആ... ആാ.........”
ശ്രുതി അല്പം പോലും തെറ്റാതെ അട്ടഹാസം എങ്ങിനെ നിലവിളിയായി രൂപാന്തരപ്പെടുന്നു എന്ന് ആ പഞ്ചായത്തിലുള്ളവര്‍ക്ക് അന്നു മനസ്സിലായി.
രംഗം 2
സ്ഥലത്തെ പ്രധാന എല്ലു രോഗവിദഗ്ധന്റെ പരിശോധനാ മുറി
“എന്തു പറ്റിയതാ...?” - ഡോക്റ്റര്‍
അതിനു അമ്മായിയാണ് മറുപടി പറഞ്ഞത്.
“എന്തു ചെയ്യാനാ ഡോക്റ്ററേ... വെള്ളമടിച്ചേച്ചു വന്നു ഉറങ്ങിക്കിടന്ന മനുഷ്യന്‍ പൊലരാം കാലത്തു എഴുന്നേറ്റു ചെന്നു ഉരലിനിട്ടു തൊഴിച്ചതാ...”
2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഹ ഹ
അങ്ങനെ തന്നെ വേണം അമ്മാവനു
ഹ..ഹ..ഹ
എടാ ഇതു നീ എന്നോടു പറഞ്ഞ കഥയല്ലേ.... ഇതു ഇവിടേയും പൂശിയോ? ആ അമ്മാവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കേട്ടൊ. ഞാന്‍ ഈ ബ്ലോഗ് പ്രിന്റ് എടുത്തു കാണിച്ചു കൊടുക്കാം.. ഹഹഹഹ
Post a Comment