Friday, November 9, 2007

സചിത്ര യാത്രാവിവരണം - ജടായുപ്പാറ

ജടായുപ്പാറ - മുകളില്‍ നിന്നുള്ള കാഴ്ച


തിരുവനന്തപുരത്തു നിന്നും, കോട്ടയം പോകുന്ന ദിശയില്‍, (എം സി റോഡിലൂടെ) ഏകദേശം 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചടയമംഗലം എന്ന സ്ഥലമായി. ഇവിടെയാണ് പ്രസിദ്ധമായ ജടായുപ്പാറ സ്ഥിതിചെയ്യുന്നത്. റോഡില്‍നിന്ന് തന്നെ വലിയ ഈ പാറയും, പാറമുകളിലെ ചെറിയ മണ്ഡപവും കാണാന്‍ കഴിയും.


ജടായുപ്പാറ - എംസി റോഡില്‍ നിന്നുള്ള കാഴ്ച

രാവണനുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട്, ജടായു മോക്ഷം കാത്തു കിടന്ന സ്ഥലമാണ് ജടായുപ്പാറ എന്നാണ് ഐതിഹ്യം. ജടായുമംഗലമാണത്രെ പിന്നീടു ചടയമംഗലമായത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറയായതിനാല്‍ മുകളില്‍ കയറാന്‍ ഏതുവഴിയും ഉപയോഗിക്കാം. വന്ന വാഹനം, പാര്‍ക് ചെയ്തതിനു ശേഷം ഞാന്‍ പാറയുടെ ചുവട്ടിലേക്ക് നടന്നു. ക്യാമറ മാത്രമെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കയറിക്കഴിഞ്ഞപ്പോഴാണ്, വിചാരിച്ച അത്ര എളുപ്പമല്ല മലകയറ്റം എന്നു മനസ്സിലായത്. പോകുന്ന വഴിയില്‍ ഇടക്കിടക്കു വിശ്രമിച്ചും, ഫോട്ടൊ എടുത്തും പതുക്കെയാണ് മുകളിലേക്കു കയറിയത്. ഏകദേശം ഒരു മണിക്കൂ‍റെടുത്തു മുകളിലെത്താന്‍. അപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു അവശനായിരുന്നു. വഴിയില്‍ ഒരിടത്തു ചെറിയ ഒരു തെളിനീരുറവ കണ്ടതാണ്. ആ സമയത്തു അതിനെ അവഗണിച്ചു. അതു ഞാന്‍ ചെയ്ത തെറ്റ്.


മുകളില്‍ ഒരു മണ്ഡപവും, അകത്തു ധനുര്‍ധാരിയായ ശ്രീരാമന്റെ ഒരു പ്രതിമയുമുണ്ട്. ഒരാള്‍ പൊക്കമുണ്ടു ആ പ്രതിമയ്ക്. സമയം 11 മണിയായിരിക്കുന്നു. തലക്കു മുകളില്‍ വെയില്‍ കത്തി നില്‍ക്കുകയാണ്. ആ മണ്ഡപത്തിന്റെ തണലില്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ തളര്‍ന്നു വീണു. കുറച്ചു നേരം അങ്ങിനെ വിശ്രമിച്ചു. പിന്നീടു ഫോട്ടൊ ഏടുക്കാന്‍ വേണ്ടി ചുറ്റി നടന്നു. ഒരു വിമാനത്തില്‍ നിന്നെന്നപോലെ താഴെ മനോഹരമായ കാഴ്ചകള്‍. ഇളം തെന്നല്‍. ഒരു മനുഷ്യജീവി പോലും അടുത്തെങ്ങും ഇല്ല. പ്രകൃതിയും ഞാനും മാത്രം. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു അത്. തളര്‍ച്ചയെല്ലാം എങ്ങോ പോയ്‌മറഞ്ഞു. ഏകദേശം ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ അത്ര വലിപ്പമുണ്ട് പാറയുടെ മുകള്‍പരപ്പ്.സീതാദേവിയുടെ കാല്പാട് എന്നു വിശ്വസിക്കുന്ന ഒരു അടയാളം അവിടെ ഒരു സ്ഥലത്തു കണ്ടു. സീതാ-രാ‍മന്‍മാര്‍ ഭക്ഷണം ഉണ്ടാക്കി എന്നു കരുതുന്ന ഒരു പാറക്കെട്ടും ഞാന്‍ കണ്ടു. അടുക്കളപ്പാറ എന്നാണത്രെ അതിന്റെ പേര്. വഴിയില്‍ വച്ചു പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ പറഞ്ഞതാണ് ഇത്. തിരിച്ചിറങ്ങുമ്പോള്‍, മനസ്സില്‍ ഒരു ചെറിയ കുറ്റബോധത്തോടെ, നീരുറവയിലെ ജലം, വയര്‍ നിറയുന്നതു വരെ കുടിച്ചു.


പച്ച... നീല...


ഒരു പിക്നിക്കിനു പറ്റിയ സ്ഥലമാണ് ജടായുപ്പാറ. പോകുമ്പോള്‍ ധാരാളം വെള്ളവും ഭക്ഷണവും കൊണ്ടുപോകണം എന്നു മാത്രം. രാവിലേയൊ (പത്തു മണിക്കു മുന്‍പ്) വൈകിട്ടൊ (5 മണിക്കു ശേഷം) ആണു അഭികാമ്യം. കഴിയുന്നതും ഒറ്റക്കു പോകാതിരിക്കുക. ഒന്നിനേയും കുറച്ചു കാണാതിരിക്കുക, എത്ര ചെറിയ വസ്തുവാണെങ്കിലും. മല കയറുമ്പോള്‍, അതിനെ കീഴടക്കുന്നു എന്ന ചിന്ത ഒഴിവാക്കുക. മറിച്ച് അതിനെ ബഹുമാനിക്കാന്‍ പഠിക്കുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രങ്ങളാണു നല്ലത്. പുല്ലു കൊണ്ടു ശരീരം മുറിയുന്നതു ഇങ്ങനെ ഒഴിവാക്കാം. ഷൂസ് നിര്‍ബന്ധമാണ്, പാമ്പുകള്‍ ഉള്ള സ്ഥലമായതിനാല്‍ പ്രത്യേകിച്ചും.






അപ്‌ഡേറ്റ് (നവംബര്‍ 09, 2007): ചടയമംഗലം എന്ന സ്ഥലനാമം ഉണ്ടായതിനെപറ്റി രണ്ട് ഐതിഹ്യങ്ങളും കൂടി കേട്ടു. ചടയന്‍ - ജടയന്‍ - ശിവന്‍‍ വാഴുന്ന സ്ഥലമാണത്രെ ജടയമംഗലവും, പിന്നീട് ചടയമംഗലവും ആയത്. പുരാതനമായ ഈ ശിവക്ഷേത്രം ചടയമംഗലത്ത് ഇന്നും കാണാം. അതല്ല, പ്രസിദ്ധനായ ചേരരാജാവ് ചടയന്റെ നാടാണ് പിന്നീട് ചടയമംഗലമായത് എന്നും കേള്‍ക്കാനുണ്ട്.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP