സചിത്ര യാത്രാവിവരണം - ജടായുപ്പാറ
തിരുവനന്തപുരത്തു നിന്നും, കോട്ടയം പോകുന്ന ദിശയില്‍, (എം സി റോഡിലൂടെ) ഏകദേശം 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചടയമംഗലം എന്ന സ്ഥലമായി. ഇവിടെയാണ് പ്രസിദ്ധമായ ജടായുപ്പാറ സ്ഥിതിചെയ്യുന്നത്. റോഡില്‍നിന്ന് തന്നെ വലിയ ഈ പാറയും, പാറമുകളിലെ ചെറിയ മണ്ഡപവും കാണാന്‍ കഴിയും.
രാവണനുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട്, ജടായു മോക്ഷം കാത്തു കിടന്ന സ്ഥലമാണ് ജടായുപ്പാറ എന്നാണ് ഐതിഹ്യം. ജടായുമംഗലമാണത്രെ പിന്നീടു ചടയമംഗലമായത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന പാറയായതിനാല്‍ മുകളില്‍ കയറാന്‍ ഏതുവഴിയും ഉപയോഗിക്കാം. വന്ന വാഹനം, പാര്‍ക് ചെയ്തതിനു ശേഷം ഞാന്‍ പാറയുടെ ചുവട്ടിലേക്ക് നടന്നു. ക്യാമറ മാത്രമെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കയറിക്കഴിഞ്ഞപ്പോഴാണ്, വിചാരിച്ച അത്ര എളുപ്പമല്ല മലകയറ്റം എന്നു മനസ്സിലായത്. പോകുന്ന വഴിയില്‍ ഇടക്കിടക്കു വിശ്രമിച്ചും, ഫോട്ടൊ എടുത്തും പതുക്കെയാണ് മുകളിലേക്കു കയറിയത്. ഏകദേശം ഒരു മണിക്കൂറെടുത്തു മുകളിലെത്താന്‍. അപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു അവശനായിരുന്നു. വഴിയില്‍ ഒരിടത്തു ചെറിയ ഒരു തെളിനീരുറവ കണ്ടതാണ്. ആ സമയത്തു അതിനെ അവഗണിച്ചു. അതു ഞാന്‍ ചെയ്ത തെറ്റ്.
മുകളില്‍ ഒരു മണ്ഡപവും, അകത്തു ധനുര്‍ധാരിയായ ശ്രീരാമന്റെ ഒരു പ്രതിമയുമുണ്ട്. ഒരാള്‍ പൊക്കമുണ്ടു ആ പ്രതിമയ്ക്. സമയം 11 മണിയായിരിക്കുന്നു. തലക്കു മുകളില്‍ വെയില്‍ കത്തി നില്‍ക്കുകയാണ്. ആ മണ്ഡപത്തിന്റെ തണലില്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ തളര്‍ന്നു വീണു. കുറച്ചു നേരം അങ്ങിനെ വിശ്രമിച്ചു. പിന്നീടു ഫോട്ടൊ ഏടുക്കാന്‍ വേണ്ടി ചുറ്റി നടന്നു. ഒരു വിമാനത്തില്‍ നിന്നെന്നപോലെ താഴെ മനോഹരമായ കാഴ്ചകള്‍. ഇളം തെന്നല്‍. ഒരു മനുഷ്യജീവി പോലും അടുത്തെങ്ങും ഇല്ല. പ്രകൃതിയും ഞാനും മാത്രം. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു അത്. തളര്‍ച്ചയെല്ലാം എങ്ങോ പോയ്‌മറഞ്ഞു. ഏകദേശം ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ അത്ര വലിപ്പമുണ്ട് പാറയുടെ മുകള്‍പരപ്പ്.സീതാദേവിയുടെ കാല്പാട് എന്നു വിശ്വസിക്കുന്ന ഒരു അടയാളം അവിടെ ഒരു സ്ഥലത്തു കണ്ടു. സീതാ-രാമന്‍മാര്‍ ഭക്ഷണം ഉണ്ടാക്കി എന്നു കരുതുന്ന ഒരു പാറക്കെട്ടും ഞാന്‍ കണ്ടു. അടുക്കളപ്പാറ എന്നാണത്രെ അതിന്റെ പേര്. വഴിയില്‍ വച്ചു പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ പറഞ്ഞതാണ് ഇത്. തിരിച്ചിറങ്ങുമ്പോള്‍, മനസ്സില്‍ ഒരു ചെറിയ കുറ്റബോധത്തോടെ, നീരുറവയിലെ ജലം, വയര്‍ നിറയുന്നതു വരെ കുടിച്ചു.
പച്ച... നീല...
ഒരു പിക്നിക്കിനു പറ്റിയ സ്ഥലമാണ് ജടായുപ്പാറ. പോകുമ്പോള്‍ ധാരാളം വെള്ളവും ഭക്ഷണവും കൊണ്ടുപോകണം എന്നു മാത്രം. രാവിലേയൊ (പത്തു മണിക്കു മുന്‍പ്) വൈകിട്ടൊ (5 മണിക്കു ശേഷം) ആണു അഭികാമ്യം. കഴിയുന്നതും ഒറ്റക്കു പോകാതിരിക്കുക. ഒന്നിനേയും കുറച്ചു കാണാതിരിക്കുക, എത്ര ചെറിയ വസ്തുവാണെങ്കിലും. മല കയറുമ്പോള്‍, അതിനെ കീഴടക്കുന്നു എന്ന ചിന്ത ഒഴിവാക്കുക. മറിച്ച് അതിനെ ബഹുമാനിക്കാന്‍ പഠിക്കുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രങ്ങളാണു നല്ലത്. പുല്ലു കൊണ്ടു ശരീരം മുറിയുന്നതു ഇങ്ങനെ ഒഴിവാക്കാം. ഷൂസ് നിര്‍ബന്ധമാണ്, പാമ്പുകള്‍ ഉള്ള സ്ഥലമായതിനാല്‍ പ്രത്യേകിച്ചും.
അപ്‌ഡേറ്റ് (നവംബര്‍ 09, 2007): ചടയമംഗലം എന്ന സ്ഥലനാമം ഉണ്ടായതിനെപറ്റി രണ്ട് ഐതിഹ്യങ്ങളും കൂടി കേട്ടു. ചടയന്‍ - ജടയന്‍ - ശിവന്‍ വാഴുന്ന സ്ഥലമാണത്രെ ജടയമംഗലവും, പിന്നീട് ചടയമംഗലവും ആയത്. പുരാതനമായ ഈ ശിവക്ഷേത്രം ചടയമംഗലത്ത് ഇന്നും കാണാം. അതല്ല, പ്രസിദ്ധനായ ചേരരാജാവ് ചടയന്റെ നാടാണ് പിന്നീട് ചടയമംഗലമായത് എന്നും കേള്‍ക്കാനുണ്ട്.
15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
യാത്രാ കുറിപ്പുകള്‍: ജടായുപ്പാറ, ചടയമംഗലം.
അപ്‌ഡേറ്റ് (നവംബര്‍ 09, 2007):
ചടയമംഗലം എന്ന സ്ഥലനാമം ഉണ്ടായതിനെപറ്റി രണ്ട് ഐതിഹ്യങ്ങളും കൂടി കേട്ടു. ചടയന്‍ - ജടയന്‍ - ശിവന്‍ വാഴുന്ന സ്ഥലമാണത്രെ ജടയമംഗലവും, പിന്നീട് ചടയമംഗലവും ആയത്. പുരാതനമായ ഈ ശിവക്ഷേത്രം ചടയമംഗലത്ത് ഇന്നും കാണാം. അതല്ല, പ്രസിദ്ധനായ ചേരരാജാവ് ചടയന്റെ നാടാണ് പിന്നീട് ചടയമംഗലമായത് എന്നും കേള്‍ക്കാനുണ്ട്.
കുട്ടൂന്റെ ലോകം:
http://kuttoontelokam.blogspot.com/2007/11/blog-post_09.html
അടുക്കളപ്പാറയിലേക്ക് ഒരിക്കല്‍ വരുന്നുണ്ട്. കുറെ മത്തിയും കപ്പയും കൊണ്ടുപോയി പാചകം ചെയ്‌ത് കഴിക്കണം.
ചിത്രങ്ങള്‍ പ്രലോഭിപ്പിക്കുന്നു.
വരും, വരാതിരിക്കില്ല..
നന്ദി, അടുക്കളപ്പാറയെ പരിചയപ്പെടുത്തിയതിന്.
നല്ല വിവരണവും ചിത്രങ്ങളും :)
ഇത് കുട്ടു മുന്‍പൊരിക്കല്‍ പോസ്റ്റ് ചെയ്തിരുന്നതല്ലേ?
ഇത് മുന്‍പ് കണ്ടു വായിച്ചിട്ടുള്ളതു പോലെ തോന്നുന്നു.
എന്തായാലും ഒരിക്കല്‍ കൂടി
ഈ സചിത്രവിവരണം നന്നായിരിക്കുന്നു.
അതെ ആഷ, മുന്‍പ് പോസ്റ്റ് ചെയ്തതാണ്.
ആ സ്ഥലത്തെപറ്റി കുറച്ചുകൂടി വിവരങ്ങള്‍ കിട്ടിയപ്പോള്‍ അപ്‌ഡേറ്റ് ചെയ്ത് ഇട്ടു എന്നുമാത്രം.
കുട്ടൂ നന്നായി....
മുന്‍പ് വായിച്ചിട്ടില്ലായിരുന്നു....
നല്ല ചിത്രങ്ങള്‍, വിവരണവും.
:)
നല്ല ചിത്രവും വിവരണവും...
പിന്നെ ഒരു ഡൗട്ട്, ഇവിടെയല്ലേ ജഡായുവിന്റെ ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നു എന്ന് പറയുന്നത്..
(എവിടാന്നറിയില്ലട്ടോ, ഒരിക്കല്‍ എവിടെയോ വായിച്ചു മറന്നതാ )
നജിമിക്കാ, ഇവിടെ തന്നെയാണ് അത്. ടി. കെ. രാജീവ്കുമാര്‍ ആണ് അത് ഡിസൈന്‍ ചെയ്യുന്നത്. അദ്ദേഹം അതിന്റെ ചുവടുപിടിച്ചു ഒരു സിനിമയും ചെയ്യുന്നു എന്ന് കേട്ടു.
അമ്പട രാഭണാ.. :)
രാജീവ് അഞ്ചല്‍ ചെയ്യുന്ന ജഡായു ശില്പത്തിനു 200 അടി നീളം, 150 അടി വീതി, 50 അടി ഉയരം!. (അഞ്ചു നില കെട്ടിടത്തിന്റെ ഉയരം). ഇതിനകത്ത് ഒരു മ്യൂസിയം, മിനി theatre തുടങ്ങിയവ ഉണ്ടാവും.
The project, when complete, is billed to be Asia's biggest 'functional structure'.
ഈ ജഡായുവിന്റെ കണ്ണില്‍ കൂടി
സന്ദര്‍ശകര്‍ക്ക് ചുറ്റിനുമുള്ള കാഴ്ചകള്‍ കാണാം.
അയ്യോ അപ്പോ അതിന്റെ പകുതിയോളം തീര്‍ന്നിരിക്കുന്നത് ഞാന്‍ പത്രത്തില്‍ കണ്ടല്ലോ എന്നിട്ട് ഈ കുട്ടൂസെന്താ അത് ഫോട്ടോയില്‍ പിടിക്കാതിരുന്നത്...
പാറയില്‍ ജടായുപ്രതിമ വരും മുന്‍പൊന്ന് പോകണം. അങ്ങനെ എവിടൊക്കെ പോകാന്‍ തോന്നുന്നു. എന്തായാലും കുട്ടൂസ് പോകുന്നിടമെല്ലാം നമ്മളും കാണുന്നു. അതൊരു വല്യ കാര്യം തന്നെ.നന്ദി.
ഒരൊന്നൊന്നര സംഭവം, :)
ഈ മനോഹരമായ യാത്രാ പോസ്റ്റ് മുന്നേ കാണാന്‍ പറ്റാഞ്ഞതില്‍ ഖേദിക്കുന്നു. ഒരിക്കല്‍ പോകണം . പറ്റുമെങ്കില്‍ ജഡായു പ്രതിമ വരുന്നതിന് മുന്പുതന്നെ. എന്തിനാണ് ആ പ്രതിമ കൊണ്ടുവന്ന് ആ പാറയുടെ നാച്ചുറാലിറ്റി കളയുന്നതെന്നുമാത്രം മനസ്സിലാകുന്നില്ല. എല്ലാം വാണിജ്യവല്‍ക്കരണത്തിന്റെ ഇരകള്‍ അല്ലേ കുട്ടൂസേ ?
ഒരൊറ്റ പടം പോലും കാണാന്‍ പറ്റിയില്ല കുട്ടൂസേ.
ഫ്ലിക്കറില്‍ കൂടെയാണൊ പടം ഇട്ടിരിക്കുന്നത് ? ഫ്ലിക്കര്‍ അറബിനാട്ടില്‍ ബാന്‍ ചെയ്തിരിക്കുകയാ....
Post a Comment