Tuesday, July 10, 2007

ബോണെക്കാട് വെള്ളച്ചാട്ടം - സചിത്ര യാത്രാ വിവരണം.
ബോണേക്കാട് അരുവി വെള്ളച്ചാട്ടംകാടിന്റെ കുളിര്‍മ്മയിലൂടെ, ചീവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍, കിളികളുടെ പാട്ടുകേട്ട്, അരുവികളിലെ വെള്ളം കുടിച്ച്, ആറേഴു കിലോമീറ്റര്‍ നടത്തം. നടത്തത്തിനൊടുവില്‍, ഭീകരരൂപിയാണെങ്കിലും, അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അതാണ് ബോണെക്കാട് അരുവി വെള്ളച്ചാ‍ട്ടം..!പതിവുപോലെ അതിരാവിലെതന്നെ ഞങ്ങള്‍ വണ്ടിയുമെടുത്ത് ഇറങ്ങി (തെണ്ടാനിറങ്ങി എന്ന് അസൂയക്കാര്‍..) പേപ്പാറ ഡാമും, വന്യജീവി സംരക്ഷണ കേന്ദ്രവും ആയിരുന്നു ലക്ഷ്യം. ഡാമിന്റേയും, പറ്റിയാല്‍ കുറച്ച് വന്യജീവികളുടേയും, പക്ഷികളുടേയും ചിത്രങ്ങള്‍ എടുക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാ‍ന്‍. അങ്ങിനെ ഞങ്ങള്‍ പേപ്പാറ ഡാമിന്റെ പ്രധാന ഗേറ്റില്‍ എത്തി. ഡാമിലൂടെയാണ് പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം. അവിടെ കണ്ട ഒരു ബോര്‍ഡ് ഞങ്ങളുടെ സകല ആവേശവും തണുപ്പിച്ചു. ഫോട്ടോഗ്രാഫിയോ, വീഡിയോഗ്രാഫിയോ അനുവദിക്കില്ല എന്നതായിരുന്നു വെണ്ടക്ക അക്ഷരത്തില്‍ അതില്‍ എഴുതിവച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ഡാം. പ്രധാന ഗേറ്റിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനോട് കരഞ്ഞു പറഞ്ഞ് നോക്കി. പക്ഷെ ക്യാമറ കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. കൂനിന്മേല്‍ കുരു പോലെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കയറാന്‍ മുന്‍‌കൂട്ടി അനുവാദം വാങ്ങണം എന്ന്. ഞങ്ങള്‍ WWF ന്റെ അംഗത്വ കാര്‍ഡ് കാണിച്ചു. സാധാരണ ആ കാര്‍ഡ് കാണിച്ചാല്‍ മിക്കവാറും ഏത് വനത്തിലും പ്രവേശിക്കാം. ഡാമിനടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കാണിച്ച് അവറുടെ അനുവാദം വാങ്ങി, കാട്ടില്‍ കയറാം (ഡാം പോയാ പോട്ടെ...) എന്നതായി ഞങ്ങളുടെ അടുത്ത പ്ലാന്‍. പക്ഷെ, ഞങ്ങളുടെ ദൌര്‍ഭാഗ്യത്തിന് ഫോറസ്റ്റ് ഓഫീസര്‍ നാട്ടില്‍ പോയിരിക്കുകയാണ് എന്ന വിവരമാണ് കിട്ടിയത്. അങ്ങിനെ ആ പ്രതീക്ഷയും അസ്ഥാനത്തായി. നല്ല മഴപെയ്യുന്നുണ്ട്, എങ്കിലും ഡാമൊക്കെ ഒന്നു ചുറ്റിക്കാണാം എന്നു വിചാരിച്ച അതിലൂടെ നടന്നു. വളരെ മനോഹരമാണ് പേപ്പാറ ഡാം. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരം. ആരുടേയും ശല്യമില്ലാതെ, നിശബ്ദമായി നില്‍ക്കുന്ന ഒരു ഡാം. ചെറിയ, ഒരു പാവം ഡാം.ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ എന്തിനാണ് ഫോട്ടോഗ്രാഫി നിരോധിക്കുന്നത് എന്ന് ചിന്തിച്ചുപോയി. സുരക്ഷിതത്വ കാരണങ്ങള്‍ പറഞ്ഞാണെങ്കില്‍, ഗൂഗിള്‍ എര്‍ത്ത് പോലുള്ള സോഫ്റ്റ്വെയറുകള്‍ ഉള്ള ഇക്കാലത്ത് അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. അല്ലെങ്കില്‍, ഡാമിലൂടെ ഒരു ബോട്ടില്‍/തോണിയില്‍ വന്ന് ആര്‍ക്കും ഏത് ഫോട്ടൊയും എടുക്കാം. അല്ലെങ്കില്‍ അള്‍ട്രാ സൂമിങ് ഉള്ള ലെന്‍സുകളുടേ കാലമാണ്. ഡാമിന്റെ അങ്ങേക്കരയില്‍ നിന്ന് സൂം ചെയ്ത് ഫോട്ടൊ എടുക്കാം. പ്രധാന ഗേറ്റില്‍ ക്യാമറ തടഞ്ഞാല്‍ ഡാമിന്റെ സുരക്ഷിതത്വം പൂര്‍ണ്ണമായി എന്ന കണ്‍സപ്റ്റ് ഒരല്‍പ്പം പരിഹാസത്തൊടുകൂടിത്തന്നെ ചിന്തിച്ചുപോയി. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി വീണ്ടും വരും എന്നു മനസ്സിലുറപ്പിച്ച് ഞങ്ങള്‍ ബോണെക്കാട്ടേക്ക് തിരിച്ചു.
വഴിയില്‍ ഒരിടത്ത് ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട്. ഇവിടെ നിന്നും പാസ് എടുത്തതിനു ശേഷമേ കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ക്യാമറക്ക് പ്രത്യേകം ഫീസുണ്ട്. കാട്ടിലൂടെയുള്ള റോഡിലൂടെ എകദേശം എട്ടൊന്‍പത് കിലോമീറ്റര്‍ സഞ്ചരിക്കണം ബോണെക്കാട് എസ്റ്റേറ്റില്‍ എത്താന്‍. വിന്‍സന്റ് എന്ന് പേരുള്ള നല്ല ഒരു മനുഷ്യനാണ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്നത്. ആ കാടിനെക്കുറിച്ചും, വെള്ളച്ചാട്ടത്തിനെ കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിയില്‍ ആനക്കൂട്ടത്തെ കാണാം എന്നുകൂടി കേട്ടപ്പോള്‍ ഞങ്ങളുടെ ഉത്സാഹം വര്‍ദ്ധിച്ചു. തിരിച്ച് വാഹനത്തില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് തരാന്‍ വിന്‍സന്റ് മറന്നില്ല. “ബസ്സ് വരുന്നത് സൂക്ഷിക്കണം” എന്ന്. കാ‍ടുകളിലൂടെയുള്ള റോഡുകളില്‍കൂടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഇത് പോലെ ഒരു ഉപദേശം ആദ്യമായാണ് കേള്‍ക്കുന്നത്. മൃഗങ്ങളെ സൂക്ഷിക്കണം, ആനയിറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് സാധാരണ കേള്‍ക്കാറ്. ഇവിടെ കെ.എസ്.ആര്‍.ടി.സി ബസാണ് വില്ലന്‍.കാട്ടുവഴികള്‍

മഴപെയ്തു തോര്‍ന്ന വഴികള്‍‍
മുളങ്കാട്


കോടയിറങ്ങി... ഇനി സൂക്ഷിക്കണം...കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയും. മഴക്കാലമായതിനാല്‍ എല്ലാ വെള്ളച്ചാട്ടങ്ങല്‍ക്കും യുവത്വം തിരിച്ചുവന്നിരിക്കുന്നു. പോകുന്ന വഴിയില്‍, വഴുക്കന്‍പാറ എന്ന സ്ഥലത്ത്, വലിയ ഒരു പാറപ്പുറത്ത് ഒരു തറയില്‍ ദേവ പ്രതിഷ്ഠ കണ്ടു. ഈ പാറപ്പുറം മുഴുവന്‍ പൊങ്കാല വയ്ക്കാനുള്ള അടുപ്പുകള്‍ കൂട്ടിയിരിക്കുന്നു. പ്രതിഷ്ഠക്കു പുറമെ ഒരു കല്‍‌വിളക്ക്, ചെറിയ ഓട്ടുകിണ്ടി, ചെറിയ വിളക്ക് എന്നിവയും, പണ്ടെന്നൊ ചെയ്ത പൂജയുടെ അവശിഷ്ടങ്ങളും ആ തറയില്‍ ഉണ്ട്. വഴുക്കന്‍പാറയില്‍നിന്നും കുറച്ച് ദൂരം മുന്നോട്ട് പോയാല്‍, ഫോറസ്റ്റുകാരുടെ ഒരു വാച്ച് ടവര്‍ ഉണ്ട്. ഇത് ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. താഴെ ഒരു ചെറിയ ഒരു മുറിയും, ടവറിനു മുകളില്‍ കയറാന്‍ ഗോവണിയും ഉണ്ട്. ഞങ്ങള്‍ ഇതിനു മുകളില്‍ കയറി പ്രകൃതിഭംഗി ആസ്വദിച്ചു. പേപ്പാറ ഡാമിന്റെ മുഴുവന്‍ ഭാഗങ്ങളും ഇവിടെ നിന്നാല്‍ കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍, കടലില്‍ കൂടി കപ്പല്‍ പോകുന്നത് പോലും കാണാം എന്ന് ഒരു ഗ്രാമവാസി പറഞ്ഞു. ചില സ്ഥലങ്ങളില്‍ തെളിഞ്ഞും, ചിലയിടങ്ങളില്‍ മഴപെയ്യുന്നതുമായ കാഴ്ച അത്യന്തം മനോഹരമായി തോന്നി. ഒരു വശത്ത് അഗാധമായ കൊക്കയാണ്. താഴ്വരയില്‍ കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. അതില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്. അതിന്റെ ശബ്ദം, ഈ വാച്ച് ടവറില്‍ നിന്നാല്‍ നല്ല രീതിയില്‍ തന്നെ കേള്‍ക്കാം. അവിടെ കുറച്ച് സമയം ഫോട്ടൊ എടുത്ത് അര്‍മ്മാദിച്ചു. പിന്നീട് ബോണെക്കാടിലേക്ക് തിരിച്ചു.


വഴുക്കന്‍പാറ


അനാഥ ദൈവങ്ങള്‍


ബന്ധംപുതപ്പ്
പച്ചയാം വിരിപ്പിട്ട...ചക്രവാളം
ദൂരക്കാഴ്ച - പേപ്പാറ ഡാം. (ക്ലിക്കിയാല്‍ ഡാം കാണാം)താഴ്വരമലഞ്ചെരുവിലൂടെ..., വളഞ്ഞു പുളഞ്ഞ്...കൂട്ടില്ലാത്തവന്‍കുളിരും കൊണ്ട് കുണുങ്ങി നടക്കും...ഞങ്ങള്‍ ബോണെക്കാടെത്തി; കാട്ടിലൂടെ ഞങ്ങളുടെ കൂടെ വരാ‍ന്‍ ദേവസഹായം എന്ന മനുഷ്യനെ തിരക്കി. ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന വിന്‍സന്റ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അതിനു അദ്ദേഹം പറഞ്ഞ കാരണം, ദേവസഹായം മദ്യപിക്കില്ല എന്നതായിരുന്നു. ശരിയാണ്. കാരണം വന്യമൃഗങ്ങള്‍ ഉള്ള കാടാണ്. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും തുറന്ന് വച്ചിരുന്നാല്‍ത്തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോഴാണ് എല്ലാ ഇന്ദിയങ്ങളേയും തളര്‍ത്തുന്ന മദ്യം കഴിച്ച് കാട്ടില്‍ പോകുന്നത്.
എന്തായാലും, ദേവസഹായം ചേട്ടന്‍ ഞങ്ങളുടെ കൂടെവരാമെന്നേറ്റു. ഒരു വെട്ടുകത്തിയും, കുറച്ചു പുകയിലപ്പൊടി ഒരു ചെറിയ തുണിയില്‍ കിഴികെട്ടി മുന്നില്‍ നടന്നു. കിഴി, പഞ്ചസാര വെള്ളത്തില്‍ കുതിര്‍ത്ത് കാലില്‍ നന്നായി തേച്ച് പിടിപ്പിച്ചാല്‍ പിന്നെ അട്ട കടിക്കില്ല. ധാരാളം അട്ടകളുള്ള വഴികളിലൂടെ ആറു കിലോമീറ്ററോളം നടക്കണം വെള്ളച്ചാട്ടത്തിന്റെ അരികത്തെത്താ‍ന്‍. പോകുന്ന വഴിയില്‍ ധാരാളം ചെറിയ അരുവികള്‍ ഇറങ്ങിക്കടക്കണം. കാല്‍ നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ പുകയില വെള്ളത്തിന്റെ എഫക്റ്റ് അവസാനിക്കും. പിന്നെ വീണ്ടും, പുകയില ദ്രാവകം പുരട്ടണം. ഇതെല്ലാമായിട്ടും, സാഹസികരായ ചില അട്ടകള്‍ കുറച്ച് രക്തമൊക്കെ കുടിച്ചു. (പാവം അട്ടകള്‍‍). ഇതെല്ലാം ട്രെക്കിങ്ങിന്റെ ഒരു ഭാഗമല്ലേ? അല്ലെങ്കില്‍ ഇതിലെന്താ ഒരു രസമുള്ളത്?

ആകെക്കൂടി മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടക്കിടക്ക് കോട വന്ന് വഴി മൂടും. സമയം ഉച്ചക്ക് രണ്ടുമണിയായതേയുള്ളൂവെങ്കിലും ഫോട്ടൊ എടുക്കാന്‍ വേണ്ടത്ര വെളിച്ചം പല സ്ഥലത്തും ഉണ്ടായിരുന്നില്ല, പോരാത്തതിന് നല്ല മഴയും. പലപ്പോഴും, ക്യാമറ പുറത്തെടുക്കാന്‍തന്നെ പേടിയായി. വഴി മുഴുവനും മരങ്ങള്‍ പൊട്ടിവീണ് മാര്‍ഗ്ഗ തടസ്സം ഉണ്ടായിരുന്നു. വെട്ടിമാറ്റാന്‍ പറ്റുന്നവ വെട്ടിമാറ്റിയും, വഴിതിരിഞ്ഞ് പോകാന്‍ പറ്റുന്നിടത്ത് അങ്ങിനെ ചെയ്തും ഞങ്ങള്‍ മുന്നേറി.

കാട്ടുവഴികള്‍


തണുപ്പ്


ബോണക്കാട് എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാം
വലിയ ലോകവും, ചെറിയ മനുഷ്യനും.
കോടക്കാര്‍വര്‍ണ്ണം...
പല സ്ഥലങ്ങളിലും, മുന്‍പു പോയ യാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും കണ്ടു. മദ്യപിക്കാന്‍ മാത്രമായി കാട്ടിലേക്ക് കയറുന്നവരാണ് നല്ലോരു വിഭാഗം ജനങ്ങളും‍. അവരാണ് കൂടുതല്‍ പ്രശ്നക്കാര്‍. മദ്യക്കുപ്പി എറിഞ്ഞ് പൊട്ടിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കുക തുടങ്ങി, ചെയ്യാന്‍ പാടില്ലാത്ത പല വൃത്തികേടുകളും അവര്‍ ചെയ്യും. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ ഇവിടെ നിയമമൊന്നുമില്ലെന്നു തോന്നുന്നു. നല്ല ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്.
വെള്ളച്ചാട്ടത്തിനടുത്തെത്തുന്തോറും, അതിന്റെ ഇരമ്പുന്ന ശബ്ദം ഭീകരമായി തോന്നി. ചെറിയ ഒരു ഇറക്കം കഴിഞ്ഞെത്തിയപ്പോള്‍ അതാ മുന്നില്‍ ഭീമാകാരന്‍ ഒരു വെള്ളച്ചാട്ടം. അപ്പോഴേക്കും ഒന്നര മണീക്കൂര്‍ കാട്ടിലൂടെ നടന്നുകഴിഞ്ഞിരുന്നു. ചെത്തിയെടുത്തപോലെയുള്ള ഒരു പാറയുടെ മുകളില്‍നിന്ന്, താഴെ ചെറിയ ഒരു കുളത്തിലേക്ക് വീഴുന്ന അത്യുഗ്രന്‍ വെള്ളച്ചാട്ടം. വലിയ ഒരു മരം കടപുഴകി വെള്ളച്ചാട്ടത്തില്‍ കിടപ്പുണ്ടായിരുന്നു.നല്ല കാറ്റുള്ളതിനാല്‍ ആ പരിസരം മുഴുവന്‍ വെള്ളത്തുള്ളീകള്‍ തെറിച്ചുവീഴുന്നുണ്ടായിരുന്നു. ക്യാമറ പുറത്തെടുത്താല്‍ ആകെ നനയുമെന്നുറപ്പ്. ഒരു വേള, കാറ്റിന് ഒരല്‍പ്പം ശമനം കിട്ടിയപ്പോള്‍, പിന്നെ കാത്തുനിന്നില്ല. ക്യാമറയെടുത്ത് കുറെ ക്ലിക്കി. വെള്ളം കൂടുതലായതിനാല്‍ അവിടെ കുളിക്കുന്നത് സുരക്ഷിതമല്ല എന്ന് ദേവസഹായം ചേട്ടന്‍ പറഞ്ഞു. കുറച്ചുകൂടി സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു.ബോണെക്കാട് വെള്ളച്ചാട്ടം


അമൃത ധാര

ദാ...ഒന്നു കൂടി കണ്ടോളൂ.... ഇനി, കണ്ടില്ലെന്ന് പറയരുത്

വിട... ഇനി കരമനയാറ്റില്‍ കാണാം..


മടങ്ങി വരുമ്പോള്‍ എതാനും കിളികള്‍, മരയണ്ണാന്‍, കുരങ്ങ് തുടങ്ങിയ ജീവികളേയും കണ്ടു. പിന്നെ, ചട്ടിത്തലയന്‍ എന്ന് ദേവസഹായം ചേട്ടന്‍ വിളിക്കുന്ന ഒരു പാമ്പ് എന്റെ ചെരിപ്പിനു മുകളില്‍കൂടി ചാടി അപ്പുറത്ത് ഫോട്ടൊയ്ക്ക് പോസ് ചെയ്യുന്ന പോലെ നിന്നു. മഴയായതിനാല്‍ ക്യാമറ പുറത്തെടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. വിഷമില്ലാത്ത പാമ്പാണ് എന്നാണറിഞ്ഞത്. പക്ഷെ നല്ല ഭംഗിയുണ്ട് കാണാന്‍. ഇളം ചുവപ്പ് കലര്‍ന്ന ആ നിറവും, ചെറിയ കെട്ടുകളും എല്ലാം അവന് നല്ല ചേര്‍ച്ചയായിരുന്നു. കുറച്ച് സമയം അവനെ നോക്കി അവിടെ നിന്ന്, ഞങ്ങള്‍ മടക്കയാത്ര തുടര്‍ന്നു. പെട്ടെന്ന് പത്തിരുപതടി അപ്പുറത്ത് പുല്ല് അനങ്ങുന്ന ശബ്ദം കേട്ടപ്പോളാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. ദേവസഹായം ചേട്ടന്‍ പറഞ്ഞത് അത് കാട്ടുപോത്ത് ആണ് എന്നാണ്. ഒരിടിവാള്‍ നട്ടെല്ല് വഴി കയറിവരുന്നത് ശരിക്കും മനസ്സിലായി. ആനകള്‍ക്ക് കൂടി കാട്ടുപോത്തിനെ പേടിയാണ്. കാട്ടിലെ ഏറ്റവും അപകടകാരികളില്‍ ഒന്ന്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. കാട്ടുപോത്തല്ല, ഒറ്റയാന്‍. ഞങ്ങള്‍ മിണ്ടാതെ നിന്നു. അവന്‍ അങ്ങിനെ കാട്ടിലേക്ക് പതിയേ കയറിപ്പോയി. ഞങ്ങള്‍ ഒരല്‍പ്പം സമയം വൈകിയത് നന്നായി. ഇല്ലെങ്കില്‍ ഒറ്റയാന് പണിയായേനെ. പാവം ഞങ്ങള്‍.
സമയം എകദേശം അഞ്ചരയൊടടുക്കുന്നു. അപ്പൊഴുണ്ട് രണ്ടു ബൈക്കുകളിലായി, നാലുപേര്‍ കാട്ടിലേക്ക് കയറിപ്പോകുന്നു. വഴിയിലുടനീളം ഗ, ഋ, 8 തുടങ്ങിയ അക്ഷരങ്ങള്‍, (അക്കങ്ങളും.) ബൈക്കു കൊണ്ട് എഴുതി പരിശീലിച്ചാണ് വരവ്. കാട്ടില്‍ നല്ല ഇരുട്ടായിരിക്കുന്നു, പോരാത്തതിനു മഴയും. ബൈക്ക് പോകാന്‍ പറ്റുന്ന വഴിയല്ല അത് എന്നും, വഴിയില്‍ ആനയുണ്ട് എന്നും, വഴിയില്‍ മരങ്ങള്‍ വീണുകിടക്കുന്നു എന്നും ഞങ്ങള്‍ പറഞ്ഞു നോക്കി. മദ്യപിച്ചു ലക്കുകെട്ട അവരുണ്ടോ അത് കേള്‍ക്കുന്നു. ശരിയായി സംസാരിക്കാനോ, വണ്ടിയോടിക്കാനോ പോലും കഴിയാത്ത വിധത്തില്‍ അത്രക്കും പൂക്കുറ്റിയായ അവസ്ഥയിലായിരുന്നു അവര്‍. പാമ്പാകുക, നൂലാകുക. എന്നെല്ലാമാണ് ഈ അവസ്ഥക്ക് ഞാന്‍ കേട്ടിട്ടുള്ള മറ്റ് വാക്കുകള്‍. ഒരു വശം അഗാധ കൊക്കയും, മറുവശം കുന്നും ആയ ആ വഴിയില്‍ അവര്‍ എന്തു ചെയ്തൊ എന്തൊ? പിറ്റേന്നത്തെ മാതൃഭൂമിയില്‍ വാര്‍ത്തയൊന്നും കണ്ടില്ല.

ബോണേക്കാട് എസ്റ്റേറ്റില്‍ ഒരു ചായ ഫാക്റ്ററി ഉണ്ടായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അത് അടച്ചുപൂട്ടിയിട്ട്. മിക്കവാറും കുടുംബങ്ങള്‍ പട്ടിണിയിലാണ് എന്ന് ദേവസഹായം ചേട്ടനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെ അവഗണനയില്‍, ഒരു സമൂഹം ഇവിടെ അധികമാരും അറിയാതെ കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി. ഒരു യു.പി സ്കൂള്‍ അവിടെയുണ്ട്. കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി, 20 കിലോമീറ്റര്‍ താണ്ടി വിതുരയിലെത്തണം. കുറച്ച് പേര്‍, ഹോസ്റ്റലുകളില്‍ നിന്നാണത്രെ പഠനം തുടരുന്നത്.

അങ്ങനെ നടന്ന് ഞങ്ങള്‍ വാഹനം ഇട്ടിരുന്ന സ്ഥലത്തെത്തിയപ്പോഴേക്കും, മടക്കയാത്ര തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ദേവസഹായം ചേട്ടനു നല്ലൊരു തുകയും കൊടുത്ത്, കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി. അഞ്ചെട്ടുപേര്‍ കൂടെയില്ലാതെ, സ്ത്രീകള്‍ ഈ വെള്ളച്ചാട്ടം കാണാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. കാട്ടിലെ മൃഗങ്ങള്‍ ഒന്നും ചെയ്യില്ല. പക്ഷേ നാട്ടിലെ മൃഗങ്ങള്‍ അതുപോലെയല്ല.

കാട്ടിലേക്ക് പോകുമ്പോള്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്ന്.

1. വെള്ളം ധാരാളം കൊണ്ടുപോകണം.


2. അട്ട കടിക്കാതിരിക്കാന്‍, മുകളില്‍ പറഞ്ഞ മരുന്ന് നല്ലതാണ്.

3. കാട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍ പ്ലാനുണ്ടായാലും, ഇല്ലെങ്കിലും കുറച്ച് ബിസ്കറ്റോ, ബ്രഡോ, പഴമോ പോലെയുള്ള ഭക്ഷണം കൈയില്‍ കരുതുന്നത് നല്ലതാണ്.

4. നല്ല ഒരു ടോര്‍ച്ചും, അത്യാവശ്യം വേദനസംഹാരികളും കൈയില്‍ കരുതുന്നത് നന്നായിരിക്കും.

5. നല്ല ഒരു കത്തി കൈയില്‍ കരുതുക.

6. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.

7. കുടയോ, റയിന്‍ കോട്ടൊ നിര്‍ബന്ധമായും കരുതുക. കാട്ടില്‍ എപ്പോഴാണ് മഴപെയ്യുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.

8. ഒരു കൂട്ടമായാണ് പോകുന്നതെങ്കിലും, വന്യജീവികള്‍ ആക്രമിക്കാന്‍ വന്നാല്‍ നമ്മള്‍ ഒറ്റപ്പെടാ‍നുള്ള സാധ്യത ഏറെയാണ്. ആ സാധ്യത എല്ലായ്പ്പോഴും മുന്‍‌കൂട്ടി കാണണം. അതിനനുസരിച്ചായിരിക്കണം നമ്മള്‍ തയ്യാറെടുക്കേണ്ടത്.


റൂട്ട്: തിരുവനന്തപുരം - > നെടുമങ്ങാട് - > വിതുര -> ബോണെക്കാട്

41 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | kuttu July 9, 2007 at 11:18 AM  

കാടിന്റെ കുളിര്‍മ്മയിലൂടെ, ചീവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍, കിളികളുടെ പാട്ടുകേട്ട്, അരുവികളിലെ വെള്ളം കുടിച്ച്, ആറേഴു കിലോമീറ്റര്‍ നടത്തം. നടത്തത്തിനൊടുവില്‍, ഭീകരരൂപിയാണെങ്കിലും, അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അതാണ് ബോണെക്കാട് അരുവി വെള്ളച്ചാ‍ട്ടം..!

ഒരു മഴക്കാല ട്രെക്കിങ്ങ് അനുഭവം.


കുട്ടൂന്റെ സചിത്ര യാത്രാവിവരണം.
http://kuttoontelokam.blogspot.com/2007/07/blog-post.html

അരീക്കോടന്‍ July 9, 2007 at 11:45 AM  

അതിമനോഹര വെള്ളച്ചാട്ടം.

SAJAN | സാജന്‍ July 9, 2007 at 12:53 PM  

കുട്ടൂ വായിച്ചു, വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.. ഫോട്ടോഗ്രഫിയോടും, യാത്രാ വിവരണത്തോടും താല്‍പര്യമുള്ള എല്ലാരും വായിച്ചിരിരിക്കേണ്ടതാണ് ഈ പോസ്റ്റെന്ന് തോന്നുന്നു...അഭിനന്ദന്‍സ്
:)

ശാലിനി July 9, 2007 at 1:05 PM  

കുട്ടു നന്നായിട്ടുണ്ട് വിവരണവും ഫോട്ടോകളും.

ഇനിയും യാത്രകള്‍ തുടരും എന്നറിയാം, വീണ്ടും എഴുതണം.

ശ്രീ July 9, 2007 at 1:16 PM  

നന്നായിരിക്കുന്നു...
ചിത്രങ്ങളും അതിമനോഹരം
:)

പൊന്നമ്പലം July 9, 2007 at 2:09 PM  

ഹായ് കുട്ടു,

ഞാന്‍ ഈ സ്ഥലത്ത് പോയിട്ടുണ്ട്. പക്ഷെ ഇത്ര നല്ല ഫോട്ടോസ് കിട്ടിയിട്ടില്ല.

ഇനി പോകുമ്പോള്‍, വിതുരയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ഉള്ളിലോട്ട് (പൊന്മുടി സൈഡ്) പോയാല്‍ വാഴുവന്തോള്‍ എന്ന ഒരു സ്ഥലമുണ്ട്. അവിടെ പോയ് നോക്കൂ. നല്ല സ്ഥലമാണ്. അഗസ്ത്യാര്‍ കൂടത്തിന്റെ താഴ്വരയാണ്. കരമനയാറിന്റെ മെയിന്‍ സ്ട്രീം തുടങ്ങുന്ന സ്ഥലം. രണ്ട് ലെവല്‍ ആയിട്ടാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. ഞാന്‍ താഴെ വരയേ പോയിട്ടുള്ളു. ഉള്ളിലേക്ക് പോകണമെങ്കില്‍ ഫോറസ്റ്റ് ഗാര്‍ഡ് കൂടെ വേണം. ഇതിനും ഒരു ഗൈഡ് ഇല്ലാതെ പറ്റില്ല. ഫോറസ്റ്റ് ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ ചെയ്യൂ- santhoshj@gmail.com (Also available on GTalk)

കുട്ടു | kuttu July 9, 2007 at 2:33 PM  

നന്ദി പൊന്നമ്പലം. അതറിയാം. ഞങ്ങള്‍ പോകാന്‍ പ്ലാനിട്ടതാ. ശരിക്കും വാഴ്വാന്തോള്‍ വഴി, ബോനക്കാട്ടെത്താന്‍ ഒരു വഴിയുണ്ട്. കാ‍ട്ടിനുള്ളിലൂടെ. വളരെ റിസ്കി ആണ് ആ വഴി.
ആനക്കൂട്ടം ഇറങ്ങിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞത് കൊണ്ടാണ് ആ പ്ലാന്‍ ഉപേക്ഷിച്ചത്.

എന്തായാലും,അധികം വൈകാതെ തന്നെ ഒന്നുകൂടി പോകും

അപ്പു July 9, 2007 at 2:51 PM  

കുട്ടൂ, വളരെ വളരെ നല്ല വിവരണം, നല്ല ഫോട്ടോകള്‍. കുട്ടുവിനെപ്പോലെ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടുകാരും ഉണ്ടെന്ന് മനസ്സിലായി. ഇനിയും തുടരട്ടെ. അങ്ങനെയെങ്കിലും ഈ കാഴ്ചകള്‍ കാണാമല്ലോ.

ആപ്പിള്‍കുട്ടന്‍ July 9, 2007 at 5:09 PM  

നല്ല ചിത്രങ്ങളും വിവരണവും. ബോണെക്കാട് എന്ന ബോര്‍ഡ് വെച്ച് പോകുന്ന കുട്ടി ബസ് കണ്ടപ്പോഴൊന്നും ഇത്ര മനോഹരിയാണ് ഈ സ്ഥലമെന്ന് അറിഞ്ഞിരുന്നില്ല, വിവരങ്ങള്‍ക്ക് നന്ദി.

സു | Su July 9, 2007 at 5:26 PM  

ഹായ്...അടിപൊളി സ്ഥലം.

ചിത്രങ്ങള്‍ക്കും, വിവരങ്ങള്‍ക്കും നന്ദി.

Kala July 9, 2007 at 6:19 PM  

വളരെ മനോഹരമായ സ്ഥലം.. നല്ല ഫോട്ടോകളും...

saptavarnangal July 9, 2007 at 9:22 PM  

കുട്ടു,
നല്ല ലേഖനം, നല്ല ചിത്രങ്ങളും!
അതില്‍ ക്ലിക്കിയിട്ട് വലുതായില്ലാട്ടോ! :(


എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മഴകാലത്ത് സുഹൃത്തുക്കളുമൊന്നിച്ച് ‘കീഴാര്‍കുത്ത്’ എന്ന വെള്ളച്ചാ‍ട്ടം കാണാന്‍ കാട്ടിലൂടെ പോയ സാഹസികമായ യാത്രയുടെ ഓര്‍മ്മകള്‍
തെളിയുന്നു!

Kaippally കൈപ്പള്ളി July 9, 2007 at 9:42 PM  

അദ്യത്തെ പടം കണ്ടു ഞാന്‍ ഞെട്ടി തറയില്‍ വീണു.

അല്പം അസൂയയും ഉണ്ട്. (നിന്റെ ഒടുക്കത്തെ കാമറയുടെ ഷട്ടര്‍ stuck അവട്ടെ !!!! എന്നു മനസു പറഞ്ഞു) എങ്കിലും Brilliant composition.

A true work of art. Something to be proud of.

I do hope you have it in large size.

My respects.

Cheers

:)

കുട്ടു | kuttu July 9, 2007 at 10:02 PM  

ഞാന്‍ സാധാരണ ചെയ്യുന്നത് പോലെത്തന്നെയാണ് അപ്‌ലോഡ് ചെയ്തത്. എന്താ പറ്റിയതെന്ന് മനസ്സിലായില്ല... ഒന്നു കൂടി അപ്‌ലോഡ് ചെയ്യാം

RR July 9, 2007 at 10:42 PM  

കിടിലം ചിത്രങ്ങള്‍. അതു പോലെ തന്നെ നല്ല വിവരണവും. :)

വേണു venu July 9, 2007 at 10:44 PM  

നല്ല ഒരു യാത്രാവിവരണം വായിച്ചു് മനോഹരമായ് ചിത്രങ്ങളും ആസ്വദിച്ചു് രസിച്ചു രസിച്ചു.:)

കൃഷ്‌ | krish July 9, 2007 at 11:01 PM  

യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.

ദിവ (ഇമ്മാനുവല്‍) July 10, 2007 at 8:33 AM  

ആദ്യചിത്രം വളരെ ക്യാച്ചിംഗ് ആയി (/ഇഷ്ടപ്പെട്ടു)

പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ സമയമില്ല. ക്ഷമിക്കുമല്ലോ.

:)

കുട്ടു | kuttu July 10, 2007 at 9:15 AM  

ഞാന്‍ എല്ലാ ചിത്രവും വീണ്ടും അപ്‌ലോഡ് ചെയ്തു. പക്ഷേ, ആദ്യചിത്രം മാത്രമേ വലുതായി കിട്ടുന്നുള്ളൂ.... എല്ലാ ചിത്രവും 800x600 വലിപ്പത്തിലുള്ളതാണ്.

ആര്‍ക്കെങ്കിലും അറിയാമോ എന്തുപറ്റിയതായിരിക്കുമെന്ന് ?

Sul | സുല്‍ July 10, 2007 at 9:25 AM  

കുട്ടു
പടങ്ങളും വിവരണവും ഒന്നിനൊന്നു മെച്ചം.
ഇനിയും പ്രതീക്ഷിക്കുന്നു.
-സുല്‍

കുട്ടു | kuttu July 10, 2007 at 9:41 AM  

ഇന്നലെ പോസ്റ്റിയതാണ്.
പക്ഷേ, ചിത്രങ്ങളൊന്നും, ക്ലിക്കിയാല്‍ വലുതാകുന്നില്ല...

ചിത്രങ്ങള്‍ എല്ലാം വീണ്ടും അപ്‌ലോഡ് ചെയ്തു.

http://kuttoontelokam.blogspot.com/2007/07/blog-post.html

പുള്ളി July 10, 2007 at 10:55 AM  

ഉഗ്രന്‍!
സ്ഥലവും പോസ്റ്റും!!

Kiranz..!! July 10, 2007 at 11:13 AM  

കുട്ടൂവിന്റെ ബ്ലോഗ് തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട്.അടുത്തകാലത്ത് ബ്ലോഗില്‍ കാണാന്‍ കഴിയുന്ന മികച്ച ചിത്രങ്ങളുടെ ഒരു ശേഖരം തന്നെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പ്രത്യേകിച്ചും പ്രകൃതിയും വെള്ളച്ചാട്ടവും,കറുത്ത ഭീമന്‍ ഉരുളന്‍ കല്ല്ലുകളും എന്നും പ്രിയകരമായിത്തോന്നുന്ന ഏത് സാധാരണക്കാരനായ കാഴ്ച്ചക്കാരനും ഇതേ അഭിപ്രായം തന്നെയാവും ഉണ്ടാവുക.ഫോട്ടോഗ്രഫിയുടെ സാങ്കേതികത്വം മനസിലാവാത്ത ഏത് സാധാരണക്കാരനും ഒറ്റയടിക്ക് ചിത്രം മനമയക്കുന്നതാവണം.തുടര്‍ന്നൂം ഈ മേന്മ നിലനിര്‍ത്താനുള്ള കഴിവ് ഉണ്ടാകട്ടെ..!

വിക്ടര്‍ ജോര്‍ജ് നടന്നങ്ങ് പോയിട്ട് അഞ്ച് വര്‍ഷം തികയുന്നു..!

അഗ്രജന്‍ July 10, 2007 at 11:15 AM  

പോസ്റ്റ് വായിച്ചിട്ടില്ല, സമയം പോലെ വായിക്കാം... പക്ഷെ ഫോട്ടോകള്‍ എല്ലാം ആസ്വദിച്ചു... അതിമനോഹരം എല്ലാ പടങ്ങളും...

ക്യാമറയും പ്രൊഫഷണലിസവും മാത്രം പോരാ, കലയുള്ള ഒരു മനസ്സും വേണം നല്ല പടങ്ങള്‍ പകര്‍ത്തി വെക്കാന്‍ എന്നത് ആവത്തിച്ചുറപ്പിക്കുന്ന ചിത്രങ്ങള്‍.

ഏറ്റവും ഇഷ്ടപ്പെട്ട അടിക്കുറിപ്പ്:
‘വിട... ഇനി കരമനയാറ്റില്‍ കാണാം..‘

കുട്ടു | kuttu July 10, 2007 at 11:29 AM  

അയ്യൊ...കിരണ്‍സെ... പേടിപ്പിക്കല്ലേ....
കുഞ്ഞുകുട്ടിപരാധീനക്കാരനാണേ....
ജീവിച്ചു പോട്ടെ...

പൊതുവാള് July 10, 2007 at 12:09 PM  

കുട്ടൂ:)

നല്ല പടങ്ങളും അതിലും നല്ല വിവരണവും
കൂടെ യാത്ര ചെയ്ത പ്രതീതി
നന്ദി കാണാത്ത ലോകം കാണിച്ചു തരുന്നതിന്

One Swallow July 10, 2007 at 1:17 PM  

നല്ല പടങ്ങള്‍ എന്നു പറഞ്ഞാല്‍ പുറം ചൊറിയലായി വിചാരിക്കണ്ട. ഇംഗ്ലീഷില്‍ a million words എന്ന പേരില്‍ ബ്ലോഗ് തുടങ്ങൂ. a picture is worth അ million words എന്നല്ലെ. പിന്നെ, കാമം തന്നെ മാഷേ പ്രേമം - പര്യായമാ.

കുട്ടു | kuttu July 10, 2007 at 3:12 PM  

@ One Swallow
ഹ..ഹ..ഹ.. അപ്പൊ അത് താങ്കളായിരുന്നു അല്ലെ.. അത് വായിച്ചപ്പോള്‍ ഒരു കുസൃതി തോന്നി.... ചിലത് നല്ലതുമുണ്ട് കെട്ടൊ...

ചില നേരത്ത്.. July 10, 2007 at 4:33 PM  

ഒരു യാത്ര കഴിഞ്ഞെത്തിയ പോലെയുള്ള അനുഭവം കുട്ടൂന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍. ഞാന്‍ ഇവിടുത്തെ ഒരു ഫാന്‍ ആണ്.

chithrakaran ചിത്രകാരന്‍ July 11, 2007 at 2:18 PM  

മനോഹരമായ ചിത്രങ്ങള്‍...
നല്ല വിവരണം.
ആശംസകള്‍ !!!

sanju July 11, 2007 at 11:13 PM  

നല്ല സ്ഥലം..ഫോട്ടോസെല്ലാം നന്നായിട്ടുണ്ട്..വിവരണവും...

ബിന്ദു.bindu July 12, 2007 at 7:11 PM  

നല്ല വിവരണം. കാട്ടില്‍ ചെന്ന് തിരിച്ചു വന്ന പോലെ. ഇനി പോകുമ്പൊ എന്നേം കൂട്ടണേ?

എസ്. ജിതേഷ്/S. Jithesh July 18, 2007 at 11:25 PM  

വശ്യം...അനുഭൂതിദായകം

Deepak July 20, 2007 at 1:10 AM  

I would like to Contact Kuttu.
Please contact me or let me contact you.please give me your contact detail.
kalanideepak@yahoo.com
00966 507069704

കാണി October 21, 2007 at 9:46 PM  

മനോഹരമായ ഫോട്ടോകള്‍. ബോണക്കാട് കണ്ടുവന്നപോലെ തോന്നി. നന്ദി.

വാല്‍മീകി October 22, 2007 at 12:31 AM  

വളരെ പ്രയോജനപ്രഥമായ പോസ്റ്റ്. നല്ല ചിത്രങ്ങളും വിവരണവും.

Ali November 17, 2007 at 3:17 PM  

ഏറെ മനോഹരമായിരിക്കുന്നു, കുട്ടൂ. ഞാന്‍ പോയ വഴികളാണിതെല്ലാം.

Ali November 17, 2007 at 3:36 PM  

കുട്ടൂ,
ഏറെക്കുറെ ഇതുപോലനുഭനങ്ങളും ചിന്തകളും ഉള്ളയാളാണു ഞാനും. തൃശ്ശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാം കാണാന്‍ പോയപ്പോള്‍ ഏതാണ്ടീ അനുഭങ്ങളൊക്കെ എനിക്കും ഉണ്ടായി(ഫോട്ടോഗ്രഫി, മദ്യപാനികള്‍, ഒറ്റയാന്‍)
തിരുവനന്തപുരത്തുള്ള പൂന്കുളത്തു പോകണം, കഴിയുമെന്കില്‍. സെപ്റ്റംബറില്‍ ഒരായിരം ദേശാടനക്കിളികളെ കണാം, ഫോട്ടോയും എടുക്കാം.
പിന്നെ, അഗസ്ത്യകൂടത്തില്‍ പോയിട്ടുണ്ടോ? മകരമാസത്തില്‍ ആണു സീസണ്‍, ജന്മം സഫലമായെന്നു തോന്നും. ആകെ ഒരു പത്തറുപതു കിലോമീറ്റര്‍ നടക്കാന്‍ കാണും.
എന്‍റെ വിലാസം: alizahirtk@yahoo.co.in, alizahirtk@gmail.com

മാരീചന്‍ November 17, 2007 at 4:50 PM  

അഗസ്ത്യാര്‍കൂടയാത്രയെ ഓര്‍മ്മിപ്പിക്കുന്നു കുട്ടൂ ഈ പോസ്റ്റും ചിത്രങ്ങളും. ചിത്രങ്ങള്‍ മികച്ചത്. എഴുത്തും. തുടരുക. അഭിനന്ദനങ്ങള്‍

അരുണ്‍ ഇലക്‍ട്ര June 21, 2011 at 9:52 AM  

Keralites.Net എന്ന സൈറ്റിന്റെ ലിങ്കും വച്ച് ഈ പോസ്റ്റ് മെയിലായി പറന്നു നടക്കുന്നുണ്ട് കുട്ടൂ. പലരും, താൻ നടത്തിയ യാത്ര, താനെഴുതിയത് എന്ന് രീതീയിൽ ഫോർവേഡ് ചെയ്യുന്നുണ്ട്. എനിക്ക് തന്നെ കിട്ടി ഒരെണ്ണം. അവനങ്ങനെ പോവില്ല എന്നുറപ്പുള്ളതിനാൽ ഞാനൊന്ന് സെർച്ചി നോക്കിയപ്പോഴാണ് ഈ സൈറ്റ് കിട്ടിയത്.

ആ ടീമിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നറിഞ്ഞാൽ കൊള്ളാം കുട്ടൂ. :-)

അരുണ്‍ ഇലക്‍ട്ര June 21, 2011 at 9:52 AM  

ട്രാക്കിംഗ്

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP