പാണന്‍
റോമന്‍ കാത്തലിക്
വിശ്വകര്‍മ്മ
നായര്‍
ക്ഷത്രിയന്‍
മണ്ണാന്‍
വെള്ളാളന്‍
ധീവര
പുലയന്‍
തണ്ടാന്‍
തിയ്യന്‍
നമ്പ്യാര്‍
നമ്പൂതിരി
വാര്യര്‍
ഈഴവന്‍
വണ്ണാന്‍
തമിഴ് വിശ്വകര്‍മ്മ
വില്‍ക്കുറുപ്പ്
കേരള മുതലി
വിളക്കിത്തല നായര്‍
ചെറുമന്‍
പരവന്‍
ഗണകന്‍
ഈഴവാത്തി
വെളുത്തേടത്ത് നായര്‍
കുറുവന്‍
വെള്ളാളപ്പിള്ള
ബ്രാഹ്മണന്‍
മേനോന്‍
പിള്ള
മുസ്ലീം
വേലന്‍
ചേരമര്‍
കുടുമ്പി
സാംബവ
ശാലീയ
കണീയാന്‍
പണിക്കര്‍
ഭട്ടതിരി
നമ്പൂതിരിപ്പാട്
തിരുമുല്‍പ്പാട്
സാമന്ത
പത്മശാലീയ
ഗുപ്തന്‍
മൂത്താന്‍
ഗൌഡ സാരസ്വത ബ്രാഹ്മണര്‍
ശൈവ
കര്‍ത്താ
വണിക വൈശ്യ
വിശ്വകര്‍മ്മ കാര്‍പ്പെന്റര്‍
നായ്ക്കന്‍
പെരുമണ്ണാര്‍
നാടാര്‍
പൊതുവാള്‍
കുറുപ്പ്
കിണിയാണി
യാദവ
വേലന്‍
അമ്പലവാസി
വീരശൈവ
എഴുത്തച്ഛന്‍
ചെട്ടിയാര്‍
പുഷ്പകയുണ്ണി
മാരാര്‍
അംബലവാസി കുറുപ്പ്
പിഷാരടി
.....
[ലിസ്റ്റ് അപൂര്‍ണ്ണം]
“താനെന്താടൊ ജാതിപ്പേരു പറഞ്ഞു കളിക്കുകയാണോ..?”
അല്ല വായനക്കാരാ, തീര്‍ച്ചയായും അല്ല. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വിവാഹ പരസ്യങ്ങളില്‍ നിന്നും ശേഖരിച്ച ചില ജാതിപ്പേരുകള്‍ മാത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്“ എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ ഇത്രയും ജാതികളോ?
“ഹ..ഹ... ഹ... ഇതാണൊ എഴുത്തുകാരാ ഇത്ര വലിയ കാര്യം. അതൊക്കെ പ്രസംഗിക്കാനുള്ളതല്ലേ, അവനോന്റെ കാര്യം വരുമ്പോള്‍....
ചില രസകരമായ വിവരങ്ങള്‍
- 98% പരസ്യങ്ങളും തുടങ്ങുന്നത് ഒരു ജാതിപ്പേര് വച്ചാണ്. ( ഗുരോ... മാപ്പ്.., ഞങ്ങള്‍ നന്നാവില്ല.)
- വിവാഹ ബന്ധം വേര്‍പെടുത്തിയവരെല്ലാം, തന്റേതല്ലാത്ത കാരണം കൊണ്ടാണ് അങ്ങിനെ ചെയ്തത്..! (ഓ.. അല്ലെങ്കില്‍ ഇപ്പോ തുറന്നു പറയും.)
- പകുതിയോളം പരസ്യങ്ങളില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നു.
- യാതൊരു ബാധ്യതകളും (ഹ..ഹ..ഹ) പ്രശ്നമല്ലാത്ത കൂട്ടരും ഉണ്ട്.
പരസ്യങ്ങളില്‍ കണ്ട ചില നാമ (ക്രിയാ..?) വിശേഷണങ്ങള്‍- പ്രത്യേകിച്ച് കാരണമില്ലാതെ വിവാഹം വൈകിയ വയനാട്ടിലെ വെളുത്തു സുന്ദരിയായ ചെട്ടിയാര്‍ യുവതി...
- പാലക്കാടന്‍ നായര്‍ യുവതി 42, (കാഴ്ചയില്‍ 30)
- ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.
- മുസ്ലിം, അതീവ സുന്ദരി, ഡിഗ്രി
- വിശ്വകര്‍മ്മ സുന്ദരി, വലിയ സ്വത്തിനവകാശി.
- ക്രിസ്ത്യന്‍ കോടീശ്വരി, വിദേശത്ത് നഴ്സ്, വരനെ സാമ്പത്തികമായി സഹായിക്കും.
- നായര്‍ യുവതി, കോടീശ്വരി, വിദേശത്ത് ജോലി, വരനെ കൊണ്ടുപോകും... (എവ്ടയ്ക്കു..?)
- മിശ്രവിവാഹിതരുടെ മകന്‍ (ഹിന്ദു) ...
- ഈഴവ യുവതി-ബധിര, മൂക, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരായ/ബിസിനെസ്സുകാരായ യുവാക്കളില്‍ നിന്നും ...
- നായര്‍ യുവതി, കോടീശ്വരി....
- ഈഴവ സുന്ദരി, ഉയര്‍ന്ന സാമ്പത്തികം, വരനെ സഹായിക്കും. (സ്ത്രീധനം കിട്ടുമെന്നര്‍ത്ഥം)
ഇനി ഒരല്‍പ്പം കാര്യം
ഉദാഹരണത്തിന്, “ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.”
ഇങ്ങനെ ഒരു പരസ്യം കണ്ട് ചാടിവീഴുന്നവരേ, ഒരു നിമിഷം.
ഈ പരസ്യം വിശദമായി ഒന്നു പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബൊധ്യപ്പെടാന്‍ ഒരു പ്രയാസവുമില്ല.
- പെണ്‍കുട്ടിയ്ക്കു 19 വയസ്സേ ഉള്ളൂ. അതായത് കല്യാണ പ്രായം ആയിവരുന്നതേ ഉള്ളൂ എന്നു സാരം. അപ്പോള്‍, ഇത്ര ധൃതി പിടിച്ച് ഒരു കല്യാണ അന്വേഷണത്തില്‍ എന്തോ ഒരു പന്തികേടില്ലേ...?
- കോടീശ്വരിയായ ഒരു കുട്ടി എന്തുകൊണ്ട് TTC കോഴ്സ് തിരഞ്ഞെടുത്തു..? ഒരു പക്ഷേ, താല്പര്യം കൊണ്ടാവാം സമ്മതിയ്ക്കുന്നു പക്ഷെ അതിനുള്ള ചാന്‍സ് തുലോം കുറവാണ്. കാരണം എതു ഡിഗ്രീയും കാശ് കൊടുത്തു വാങ്ങാനുള്ള സാമ്പത്തികം കുട്ടിയുടെ വീട്ടീല്‍ ഉണ്ട് എന്നു തന്നെ. പിന്നെ വിവാഹ മാര്‍ക്കറ്റില്‍ (നല്ല രസമുള്ള വാക്ക്) നല്ല വിലയുള്ള MCA, MBA, BTech, MTech തുടങ്ങിയവയുടെ ഒന്നും പുറകെ പോകാതെയാണ് TTC തിരഞ്ഞെടുത്തിരിക്കുന്നത്.
- വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ ഒന്നും കാര്യമാക്കാതെ, ഒരു ഡിമാന്റും ഇല്ലാതെ, വഴിയില്‍ കൂടി പോകുന്ന ഒരാള്‍ക്കു മകളെ പിടിച്ചു കൊടുക്കാന്‍ സുബോധമുള്ള എതെങ്കിലും അച്ഛന്‍ തയ്യാറാവുമൊ? ഇനി അങ്ങിനെ തയ്യാറായാല്‍, എവിടെയോ എന്തൊ ഒരു സ്പെല്ലിങ് മിസ്റ്റേക് ഇല്ലേ?
ഇനി ചില അപ്രിയ സത്യങ്ങള്ഇതു പോലെയുള്ള 99% പരസ്യങ്ങളും നല്‍കുന്നത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളല്ല, മറിച്ച് ബ്രോക്കര്‍മാരാണ്. ആ പരസ്യം മുഴുവനും ഭാവനാ സൃഷ്ടിയാണ്. അവര്‍ എന്തിനിങ്ങനെ ചെയ്യുന്നു എന്നല്ലേ. പറയാം.
ഈ പരസ്യം കണ്ട് മയങ്ങി വീഴുന്ന, കാശിനു അത്യാര്‍ത്തിയുള്ള രക്ഷിതാക്കള്‍ അതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുന്നു.
ആ സംഭാഷണം എതാണ്ട് ഇതുപോലെയിരിക്കും
രക്ഷി: “ഹലോ ഇതു 123456 അല്ലേ..?”
മാ.ബ്യൂ: “അതെ, xyz മാര്യേജ് ബ്യൂറോ"
രക്ഷി: "... പത്രത്തില്‍, പത്താം തിയ്യതി നിങ്ങള്‍ കൊടുത്ത പരസ്യം കണ്ടു വിളിക്കുകയാണ്. മോനു വേണ്ടിയാ..”
-- മോന്റെ വിവരങ്ങള്‍ പറയുന്നു --രക്ഷി: “പരസ്യത്തില്‍ കൊടുത്ത ആ കുട്ടിയുടെ വിവരങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു...”
മാ.ബ്യൂ: “ആ കുട്ടിയുടെ details തരാം കെട്ടോ. ആദ്യം നിങ്ങള്‍ 1000 രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യണം. നാളെ രാവിലെ 11 മണിയോടെ ഞങ്ങളുടെ ഓഫീസില്‍ വന്നാല്‍ മതി.”
പിറ്റെ ദിവസം രാവിലെ രക്ഷിതാവ് അവരുടെ ഓഫീസില്‍ ചെല്ലുന്നു, കാഷ് അടച്ചു റെജിസ്റ്റെര്‍ ചെയ്യുന്നു. കോടികളാ കിട്ടാന്‍ പൊകുന്നത്, പിന്നാണോ ഒരു 1000 രൂപ. .ഛായ്....
പിന്നീടുള്ള സംഭാഷണം എതാണ്ട് ഇങ്ങനെയായിരിക്കും.
മാ.ബ്യൂ: “നിങ്ങള്‍ ഒരല്‍പ്പം വൈകിപ്പൊയി. ഇതു പോലെയുള്ള പരസ്യം കണ്ടാല്‍ അപ്പോള്‍ തന്നെ വിളിക്കണ്ടേ..? ഇങ്ങനെ വൈകിച്ചാലോ..?. ഇന്നു രാവിലെ ആ കുട്ടിയ്ക്കു വേറെ ഒരു ആലോചന ശരിയായി. ദാ ഇപ്പൊ ഫോണ്‍ വന്നതേയുള്ളൂ. അത്ര വിഷമിക്കാനൊന്നുമില്ല. നമുക്കു ശരിയാക്കാം. ഇഷ്ടം പോലെ വേറെ കുട്ടികളുടെ വിവരങ്ങള്‍ ഉണ്ട്. അതില്‍നിന്നും എതെങ്കിലും നമുക്കു തിരഞ്ഞെടുക്കാം”
“കോടീശ്വരനായ ആണ്‍കുട്ടികളെ” കിട്ടാന്‍ വേണ്ടി ഇതുപോലെ റജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളുടെ പ്രൊഫയില്‍സ് കുറെയെടുത്ത് രക്ഷിതാവിന്റെ മുന്നില്‍ ഇടുന്നു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ (രക്ഷിതാവിനു ചെറിയ കുറ്റബോധവുമുണ്ട് മനസ്സില്‍, ഫോണ്‍ ചെയ്യാന്‍ അല്പം വൈകിയല്ലോ) രക്ഷിതാവ് അതില്‍നിന്നും ചിലതു തിരഞ്ഞെടുക്കുന്നു. രക്ഷിതാവിന് ആയിരം രൂപ പോയത് മിച്ചം.
ഇനി, ഇത് എങ്ങിനെ workout ആകുന്നു എന്നു നോക്കാം. ആദ്യം പത്തുനൂറു പ്രൊഫയിത്സ് തപ്പിക്കണ്ടുപിടിക്കണം. അതു വളരെ എളുപ്പമാണ്. ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ കൊള്ളാവുന്ന വേറേ ഏതെങ്കിലും മാര്യേജ് ബ്യൂറോക്കാരുടേ ഒന്നോ രണ്ടോ ഡയറക്റ്ററി വാങ്ങുക.
പിന്നെ, ഇതുപോലെ “കോടീശ്വരനായ യുവാവിന്റേയും, “കോടീശ്വരിയായ“ യുവതിയുടേയും പരസ്യങ്ങള്‍ കൊടുക്കുക. അതു ഭാവനയ്ക്കനുസരിച്ചു എങ്ങിനെ വേണമെങ്കിലും എഴുതാം. എല്ലാ പരസ്യത്തിലും ഒരേ ഫോണ്‍ നമ്പര്‍ കൊടുക്കരുത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിന്നെ വെറുതെയിരിക്കുക.
ഇതുപോലെ കാശിന് അത്യാര്‍ത്തിയുള്ളവരെ പറ്റിച്ച് സുഖമായി അങ്ങിനെ കൂടാം. ഒരാഴ്ച മിനിമം 4 പേര്‍ റജിസ്റ്റര്‍ ചെയ്താല്‍, രൂപ നാലായിരമാണേ പൊക്കറ്റില്‍. സ്ത്രീധനം കണ്ടുകൊണ്ടു മാത്രം കല്യാണം കഴിയ്ക്കാന്‍ ഫീല്‍ഡില്‍ ഇറങ്ങുന്നവര്‍ ഒരുപാടുണ്ട്. (ഉടുമുണ്ട് മാത്രമായിരിയ്ക്കും ഇവരുടെ മൂലധനം.). അവരെ പറ്റിക്കാന്‍ വളരെ എളുപ്പവും.
ഏത്...? ഇപ്പ ടെക്‍നിക്ക് പുടികിട്ട്യാ...?
അടിക്കുറിപ്പ്: വളരെ സത്യസന്ധതയോടെ മാര്യേജ് ബ്യൂറൊ നടത്തുന്നവര്‍ ഒരുപാടുപേരുണ്ട്. അവരെയാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ ലേഖനം മറിച്ച്, കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ളതാണ്.